UP Election 2022
FIVE FIGHT | മായാവതി പോകുന്നു, പഞ്ചാബിലേക്ക്
ന്യൂഡൽഹി | എവിടെയാണ് ബി എസ് പി അധ്യക്ഷയെന്ന് ഉത്തർ പ്രദേശിൽ നിന്ന് കോൺഗ്രസ്സ് നേതാവ് പ്രിയങ്ക ആവർത്തിച്ച് ചോദിക്കുമ്പോൾ, പഞ്ചാബിലേക്ക് വണ്ടികയറുകയാണ് മായാവതി. യു പിയിൽ പതിഞ്ഞ ചുവടുകളുമായി പ്രചാരണ രംഗത്തുള്ള മായാവതി പക്ഷേ പഞ്ചാബിലെത്തുമ്പോൾ ഭരണകക്ഷിയായ കോൺഗ്രസ്സിന് ചങ്കിടിപ്പുണ്ട്. 20 മണ്ഡലങ്ങളിലാണ് ബി എസ് പി മത്സരിക്കാനൊരുങ്ങുന്നത്.
കോൺഗ്രസ്സ് ഭരണം അവസാനിക്കാൻ പഞ്ചാബിലെ ജനങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് ബി എസ് പി സംസ്ഥാന അധ്യക്ഷൻ ജസ്‌വീർ ഗാർഹി പറഞ്ഞു. തിരഞ്ഞെടുപ്പിൽ ശിരോമണി അകാലിദൾ (എസ് എ ഡി)-ബി എസ് പി സഖ്യം വ്യക്തമായ ഭൂരിപക്ഷം നേടുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
കോൺഗ്രസ്സ് നേതാക്കൾ തമ്മിലുള്ള ഭിന്നതക്കിടയിൽ ജനക്ഷേമം വിസ്മരിക്കപ്പെട്ടു. മായാവതിയുടെ ഹൃദയത്തിൽ പഞ്ചാബിന് പ്രത്യേക സ്ഥാനമുണ്ട്. ബി എസ് പി സ്ഥാപകൻ കൻഷി റാം പഞ്ചാബിൽ നിന്നുള്ളയാളാണെന്നും ഗാർഹി പറഞ്ഞു.
പ്രചാരണത്തിനായി ഫെബ്രുവരി എട്ടിന് മായാവതി പഞ്ചാബിലെത്തും. നവൻഷഹറിൽ നടക്കുന്ന പൊതുയോഗത്തിൽ അവർ പങ്കെടുക്കുമെന്നും പഞ്ചാബ് ബി എസ് പി അധ്യക്ഷൻ അറിയിച്ചു.
യു പിയിൽ എസ് പി- ആർ എൽ ഡി സഖ്യവും ഭീം ആർമി പോലുള്ള സംഘടനകളും ബി എസ് പിക്ക് വെല്ലുവിളിയാകുന്നുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ രണ്ട് സീറ്റ് മാത്രമാണ് പശ്ചിമ യു പിയിൽ അവരുടെ സന്പാദ്യം. എന്നാൽ, ആദ്യ രണ്ട് ഘട്ട വോട്ടെടുപ്പ് നടക്കുന്ന 111 മണ്ഡലങ്ങളില്‍ 41 ഇടങ്ങളിൽ ബി എസ് പി രണ്ടാം സ്ഥാനത്തെത്തിയിരുന്നു.
കളികൾ മാറിയപ്പോൾ യു പിയിൽ മത്സരം പ്രധാനമായും ബി ജെ പിയും എസ് പിയും തമ്മിലായിട്ടുണ്ട്. ഇതിനിടെയാണ് മായാവതിയുടെ മൗനം ആയുധമാക്കി പ്രിയങ്ക രംഗത്തെത്തിയത്. ദളിത് വോട്ടുകൾ സ്വാധീനിക്കാനുള്ള കോൺഗ്രസ്സ് ശ്രമത്തിന്റെ ഭാഗം കൂടിയായിരുന്നു പ്രിയങ്കയുടെ ഈ ആരോപണം. ദളിത് വോട്ടുകള്‍ നിര്‍ണായകമായ സഹാറൻപൂര്‍ പോലുള്ള ജില്ലകളില്‍ ബി എസ് പിയെ പിന്നിലാക്കി ഭീം ആര്‍മിയുടെ ബാനറിലുള്ള, ചന്ദ്രശേഖർ ആസാദ് നേതൃത്വം നൽകുന്ന ആസാദ് സമാജ് പാര്‍ട്ടി മുന്നേറുന്നുണ്ട്. മേഖലയിൽ ഭൂരിഭാഗം മണ്ഡലങ്ങളിലും അവർ മത്സരിക്കുകയും ചെയ്യുന്നു. ന്യൂനപക്ഷ വോട്ടുകളില്‍ നല്ലൊരു പങ്ക് എസ് പി- ആ എൽ ഡി സഖ്യം കൊണ്ടുപോകുകയും ബി എസ് പിയുടെ അടിസ്ഥാന വോട്ടുബേങ്കായ ജാദവ് ദളിതരെ ആസാദ് പാർട്ടി ആകർഷിക്കുകയും ചെയ്താല്‍ മായാവതിയുടെ നില പരുങ്ങലിലാകും.