Kerala
ക്ഷേത്രോത്സവത്തിനിടെ അമിട്ട് പൊട്ടി അഞ്ചുപേര്‍ക്ക് പരുക്കേറ്റ സംഭവം; പത്തുപേര്‍ക്കെതിരെ കേസ്
കണ്ണൂര്‍ അഴീക്കോട് ക്ഷേത്രം ഭാരവാഹികളായ അഞ്ചുപേര്‍ക്കും കണ്ടാലറിയാവുന്ന മറ്റ് അഞ്ചുപേര്‍ക്കുമെതിരെയാണ് കേസ്.

കണ്ണൂര്‍ | അമിട്ട് ആള്‍ക്കൂട്ടത്തിനിടയിലേക്കു വീണ് പൊട്ടി അഞ്ചുപേര്‍ക്ക് പരുക്കേറ്റ സംഭവത്തില്‍ പത്ത് പേര്‍ക്കെതിരെ കേസെടുത്ത് പോലീസ്. കണ്ണൂര്‍ അഴീക്കോട് ക്ഷേത്രോത്സവത്തിനിടെയായിരുന്നു സംഭവം. ക്ഷേത്രം ഭാരവാഹികളായ അഞ്ചുപേര്‍ക്കും കണ്ടാലറിയാവുന്ന മറ്റ് അഞ്ചുപേര്‍ക്കുമെതിരെയാണ് കേസ്.
ഇന്ന് പുലര്‍ച്ചെ നീര്‍ക്കടവിലെ മുച്ചിരിയന്‍ കാവിലാണ് അമിട്ട് ആള്‍ക്കൂട്ടത്തിനിടയില്‍ പതിച്ച് പൊട്ടിയത്. തെങ്ങില്‍ കയറുന്ന ബെപ്പിരിയന്‍ തെയ്യത്തിന് പ്രസിദ്ധമായ മുച്ചിരിയന്‍ വയനാട്ടുകുലവന്‍ കാവിലാണ് അപകടം ഉണ്ടായത്. തെയ്യം ഇറങ്ങുന്ന നേരത്ത് ക്ഷേത്രത്തിനു സമീപത്ത് പൊട്ടിക്കുകയായിരുന്ന അമിട്ടുകളിലൊന്ന് തെറിച്ച് ആള്‍ക്കൂട്ടത്തിനിടയില്‍ വീഴുകയായിരുന്നു. പരുക്കേറ്റവരില്‍ പന്ത്രണ്ട് വയസ്സുകാരനും ഉള്‍പ്പെടും.
എന്നാല്‍, ക്ഷേത്രാചാരത്തിന്റെ ഭാഗമായല്ല, വെടിക്കെട്ട് നടന്നതെന്നാണ് ഭാരവാഹികളുടെ വാദം. ക്ഷേത്രത്തില്‍ വെടിക്കെട്ടിന് അനുമതിയില്ലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അപകടത്തെ തുടര്‍ന്ന് കാവിലെ തെയ്യം ചടങ്ങുകള്‍ നിര്‍ത്തിവച്ചു.