judges
സുപ്രീം കോടതിയിൽ അഞ്ച് ജഡ്ജിമാർ ഇന്ന് ചുമതലയേൽക്കും
ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് സത്യവാചകം ചൊല്ലിക്കൊടുക്കും.
ന്യൂഡൽഹി | സുപ്രീം കോടതി ജഡ്ജിമാരായി കേന്ദ്ര സർക്കാർ നിയമനം നൽകിയ അഞ്ച് പേരുടെ സത്യപ്രതിജ്ഞ ഇന്ന് നടക്കും. രാവിലെ 10.30ന് സുപ്രീം കോടതി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് സത്യവാചകം ചൊല്ലിക്കൊടുക്കും. കഴിഞ്ഞ ദിവസമാണ് വിവിധ ഹൈക്കോടതികളിലെ ചീഫ് ജസ്റ്റിസുമാർ ഉൾപ്പെടെ അഞ്ച് പേരെ സുപ്രീം കോടതി ജഡ്ജിമാരായി ഉയർത്താനുള്ള കൊളീജിയം ശിപാർശ അംഗീകരിച്ച് വിജ്ഞാപനമിറക്കിയത്.
രാജസ്ഥാൻ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പങ്കജ് മിത്താൽ, പാറ്റ്‌ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് സഞ്ജയ് കരോൾ, മണിപ്പൂർ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പി വി സഞ്ജയ് കുമാർ, പാറ്റ്‌ന ഹൈക്കോടതിയിലെ ജസ്റ്റിസ് അഹ്‌സനുദ്ദീൻ അമാനുല്ല, അലഹബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് മനോജ് മിശ്ര എന്നിവരെയാണ് സുപ്രീം കോടതി ജഡ്ജിമാരായി ഉയർത്തിയത്.
ഇത് സംബന്ധിച്ച ശിപാർശ സുപ്രീം കോടതി കൊളീജിയം നേരത്തേ കേന്ദ്രത്തിന് അയച്ചിരുന്നു. കാലതാമസം വരുത്തുന്നതിൽ സുപ്രീം കോടതി വെള്ളിയാഴ്ച കേന്ദ്രത്തിന് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് നിയമനം നൽകി ഉത്തരവ് പുറപ്പെടുവിച്ചത്.