Uae
ദുബൈയിൽ അഞ്ച് പുതിയ കമ്മ്യൂണിറ്റി കൗൺസിലുകൾ നിർമിക്കും
നദ് അൽ ശിബ രണ്ട്, അൽ അവീർ രണ്ട്, അൽ ബർശ സൗത്ത് ഒന്ന്, അൽ വർഖ രണ്ട്, ഹത്ത എന്നീ പ്രദേശങ്ങളിലാണ് പുതിയ കമ്മ്യൂണിറ്റി അയൽപക്ക കൗൺസിലുകൾ.

ദുബൈ| അഞ്ച് പുതിയ കമ്മ്യൂണിറ്റി അയൽപക്ക കൗൺസിലുകളുടെ നിർമാണത്തിന് ദുബൈയിൽ പുതിയ കരാർ നൽകി. നദ് അൽ ശിബ രണ്ട്, അൽ അവീർ രണ്ട്, അൽ ബർശ സൗത്ത് ഒന്ന്, അൽ വർഖ രണ്ട്, ഹത്ത എന്നീ പ്രദേശങ്ങളിലാണ് പുതിയ കമ്മ്യൂണിറ്റി അയൽപക്ക കൗൺസിലുകൾ. ദുബൈ കിരീടാവകാശിയും യു എ ഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂമിന്റെ നിർദേശങ്ങൾക്കനുസൃതമായി, കമ്മ്യൂണിറ്റി ഡെവലപ്മെന്റ്അതോറിറ്റിയുമായി സഹകരിച്ച് ദുബൈ മുനിസിപ്പാലിറ്റിയാണ് പദ്ധതി നടപ്പാക്കുക.
ഓരോ കൗൺസിലും ഏകദേശം 1,256 ചതുരശ്ര മീറ്റർ വിസ്തൃതിയിലായിരിക്കും. മൊത്തം 6,280 ചതുരശ്ര മീറ്റർ പ്രദേശത്താണ് നിർമിക്കുക. മൾട്ടി-പർപ്പസ് ഹാൾ, മജ്്ലിസ്, പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രത്യേക പ്രാർഥനാ ഹാളുകൾ, സ്വീകരണ സ്ഥലം, ഓഫീസുകൾ, സംഭരണ സ്ഥലങ്ങൾ, അടുക്കളകൾ, ടോയ്്ലറ്റ് സൗകര്യങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടും. നിർമാണം 2025 അവസാനത്തോടെ പൂർത്തിയാകും. ഹത്ത കൗൺസിൽ 2026ലെ രണ്ടാം പാദത്തിൽ കൈമാറും.
2025-ലെ “സമൂഹ വർഷ’ത്തിന്റെ ലക്ഷ്യങ്ങളെയും ദുബൈ സോഷ്യൽ അജണ്ട 33-ന്റെ ലക്ഷ്യങ്ങളുമായും ഇവ യോജിക്കും. സാമൂഹിക ഐക്യത്തിന്റെ ജീവിക്കുന്ന ഉദാഹരണങ്ങളായി അയൽപക്ക കൗൺസിലുകൾ പ്രവർത്തിക്കുന്നുവെന്ന് കമ്മ്യൂണിറ്റി ഡെവലപ്മെന്റ്അതോറിറ്റിയുടെ ഡയറക്ടർ ജനറൽ ഹസ്സ ബിൻത് എസ്സ ബുഹുമൈദ് പറഞ്ഞു. പൗരന്മാരുടെ വികസിത ആവശ്യങ്ങൾ നിറവേറ്റുന്നതിനും എല്ലാവർക്കും മാന്യവും സന്തോഷകരവും സുസ്ഥിരവുമായ ജീവിതം ഉറപ്പാക്കുന്ന സൗകര്യങ്ങൾ നൽകുന്നതിനും ഈ കൗൺസിലുകൾ അത്യാവശ്യമാണ് എന്ന് മുനിസിപ്പാലിറ്റിയുടെ ആക്ടിംഗ് ഡയറക്ടർ ജനറൽ മർവാൻ അഹ്്മദ് ബിൻ ഗലിത പറഞ്ഞു. സംഭാഷണം, കൂടിയാലോചന, ഇടപെടൽ എന്നിവ ഉൾക്കൊള്ളുന്ന ഈ ഇടങ്ങൾ യുവതലമുറയെ ഇമാറാത്തി പാരമ്പര്യങ്ങൾ ഉയർത്തിപ്പിടിക്കാനും പ്രോത്സാഹിപ്പിക്കും.