National
കരിമ്പ് കൊയ്യുന്ന യന്ത്രത്തിലേക്ക് കാര്‍ ഇടിച്ചുകയറി അഞ്ചു പേര്‍ മരിച്ചു
വിജയപുര ആലിയാബാദ് സ്വദേശികളായ ഒരു കുടുംബത്തിലെ നാലുപേരും കാറിന്റെ ഡ്രൈവറുമാണ് മരിച്ചത്

ബംഗളൂരു | കര്‍ണാടകയിലെ വിജയപുരയിലുണ്ടായ വാഹനാപകടത്തില്‍ അഞ്ചു പേര്‍ മരിച്ചു. വിജയപുര ആലിയാബാദ് സ്വദേശികളായ ഒരു കുടുംബത്തിലെ നാലുപേരും കാറിന്റെ ഡ്രൈവറുമാണ് മരിച്ചത്. മരിച്ചവരില്‍ രണ്ടു പേര്‍ സ്ത്രീകളാണ്.
കരിമ്പ് കൊയ്യുന്ന യന്ത്രമടങ്ങിയ കൂറ്റന്‍ വാഹനം വഴിയരികില്‍ നിര്‍ത്തിയിരുന്നു. ഈ വാഹനത്തിലേക്ക് കാര്‍ ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഇവര്‍ സഞ്ചരിച്ച കാര്‍ പൂര്‍ണമായും തകര്‍ന്നു.
കര്‍ണാടകയിലെ വിജയപുര താലിക്കോട്ടയില്‍ ബിലെഭാവി ക്രോസ് റോഡില്‍ ഇന്ന് വൈകിട്ട് അഞ്ചരയോടെയാണ് ദാരുണാപകടം ഉണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നെല്ല് കൊയ്യുന്ന യന്ത്രത്തിന് സമാനമായ കരിമ്പ് വിളവെടുക്കാന്‍ ഉപയോഗിക്കുന്ന കൂറ്റന്‍ യന്ത്രമടങ്ങിയ വാഹനമാണ് റോഡരികില്‍ നിര്‍ത്തിയിരുന്നത്. ഈ വാഹനത്തിനുള്ളിലേക്ക് കാര്‍ ഇടിച്ചുകയറി നിലയിലായിരുന്നു. കാര്‍ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്.