Kerala
അഞ്ച് പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ മൂന്ന് ദിവസം കൂടി എന്‍ ഐ എ കസ്റ്റഡിയില്‍: ഹര്‍ത്താല്‍ സ്വത്തുവകകള്‍ കണ്ടുകെട്ടല്‍ വേഗത്തിലാക്കണം
കൊച്ചി : പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളില്‍ നടന്ന പരിശോധനകള്‍ക്ക് പിന്നാലെ പിടിയിലായ അഞ്ച് പേരെ കോടതി മൂന്ന് ദിവസത്തേക്ക് കൂടി എന്‍ ഐ എ കസ്റ്റഡിയില്‍ വിട്ടു. രണ്ടാം പ്രതി കരമന അഷ്‌റഫ് മൌലവി, മൂന്നാം പ്രതി അബ്ഡുള്‍ സത്താര്‍, പതിനൊന്നാം പ്രതി യഹ്യ കോയ തങ്ങള്‍, പതിമൂന്നാം പ്രതി കെ മുഹമ്മദലി, പതിനാലാം പ്രതി സിടി സുലൈമാന്‍ എന്നിവരെയാണ് കൊച്ചി എന്‍ ഐ എ കോടതി മൂന്ന് ദിവസത്തേക്ക് കൂടി കസ്റ്റഡിയില്‍ വിട്ടത്.
പോപ്പുലര്‍ ഫ്രണ്ട് മിന്നല്‍ ഹര്‍ത്താലിലെ അക്രമങ്ങളില്‍ ഹൈക്കോടതി വീണ്ടും രൂക്ഷ വിമര്‍ശനങ്ങള്‍ നടത്തി. പോപ്പുലര്‍ ഫ്രണ്ടിന്റെയും അബ്ദുള്‍ സത്താറിന്റെയും സ്വത്ത് വകകള്‍ കണ്ടുകെട്ടിയതിന്റെ വിശദാംശങ്ങള്‍ അറിയിക്കാന്‍ ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി.
നവംബര്‍ 7 ന് കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദ്ദേശം. മുഴുവന്‍ ഹര്‍ത്താല്‍ ആക്രമണക്കേസുകളിലുമായുണ്ടായ നഷ്ടം എത്രയെന്നും കീഴ്‌ക്കോടതികളില്‍ പരിഗണനയിലുള്ള ജാമ്യാപേക്ഷകളുടെ വിവരങ്ങളും അറിയിക്കണം. ഓരോ കേസിലും കണക്കാക്കിയിട്ടുള്ള നഷ്ടം പ്രത്യേകം രേഖപ്പെടുത്തണമെന്നും ജസ്റ്റിസുമാരായ ജയശങ്കരന്‍ നമ്പ്യാര്‍, മുഹമ്മദ് നിയാസ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു.