National
ബെംഗളുരുവില്‍ അഞ്ചുനില കെട്ടിടം തകര്‍ന്നു വീണു; കെട്ടിടത്തിന് പഴക്കം വെറും ആറുവര്‍ഷം
ഉച്ചയ്ക്ക് 12.30നു ശേഷം കെട്ടിടത്തില്‍ പൊട്ടലുകള്‍ രൂപപ്പെട്ടതോടെയാണ് താമസക്കാരെ ഒഴിപ്പിച്ചത്. വൈകിട്ടോടെയാണ് കെട്ടിടം പൂര്‍ണമായും തകര്‍ന്നത്.
ബെംഗളുരു| ബാനസവാടിക്കു സമീപം കസ്തൂരിനഗര്‍ ഡോക്ടേഴ്‌സ് ലേഔട്ടില്‍ ഇന്നലെ അഞ്ചു നില അപ്പാര്‍ട്‌മെന്റ് കെട്ടിടം തകര്‍ന്നു വീണു. കെട്ടിടം തകരും മുന്‍പ് താമസക്കാരെ ഒഴിപ്പിച്ചതിനാലാണ് ആളപായം ഇല്ലാതായത്. നഗരത്തില്‍ രണ്ടാഴ്ചയ്ക്കിടെ തകരുന്ന മൂന്നാമത്തെ ബഹുനില കെട്ടിടമാണിത്.
ഉച്ചയ്ക്ക് 12.30നു ശേഷം കെട്ടിടത്തില്‍ പൊട്ടലുകള്‍ രൂപപ്പെട്ടതോടെയാണ് താമസക്കാരെ ഒഴിപ്പിച്ചത്. പോലീസും അഗ്‌നിശമന സേനയും ചേര്‍ന്ന് ബാരിക്കേഡും മറ്റും കെട്ടി സുരക്ഷ ഉറപ്പാക്കിയിരുന്നു. തുടര്‍ന്ന് വൈകിട്ടോടെയാണ് കെട്ടിടം പൂര്‍ണമായും തകര്‍ന്നത്. സമീപത്തെ വീടിനു മുകളിലേക്കാണ് വീണത്. കെട്ടിടത്തിന്റെ ടെറസില്‍ ചില നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നതായി പ്രദേശവാസികള്‍ പോലീസിനോടു പറഞ്ഞു.
ആറു വര്‍ഷം മാത്രം പഴക്കമുള്ള കെട്ടിടത്തില്‍ 8 ഫ്‌ളാറ്റുകളാണുള്ളത്. ഇതില്‍ മൂന്ന് കുടുംബങ്ങളേ താമസിച്ചിരുന്നുള്ളൂ. കെട്ടിടം തകര്‍ന്നതിന്റെ കാരണം ബിബിഎംപി എന്‍ജിനീയര്‍മാര്‍ പരിശോധിച്ചു വരികയാണ്. ബാനസവാടിയില്‍ തകര്‍ന്ന കെട്ടിടം പൂര്‍ണമായും പൊളിച്ചു മാറ്റുമെന്ന് ബിബിഎംപി അധികൃതര്‍ അറിയിച്ചു.