Connect with us

child kidnap

ആലുവയില്‍ തട്ടിക്കൊണ്ടുപോയ അഞ്ച് വയസുകാരി കൊല്ലപ്പെട്ട നിലയില്‍

മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ ആലുവ മാര്‍ക്കറ്റിനു സമീപം

Published

|

Last Updated

കൊച്ചി | ആലുവയില്‍ തട്ടിക്കൊണ്ടുപോയ ബീഹാർ സ്വദേശിനിയായ അഞ്ച് വയസുകാരി കൊല്ലപ്പെട്ട നിലയില്‍. കുട്ടിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ ആലുവ മാര്‍ക്കറ്റിനു സമീപം കണ്ടെത്തി. ചുമട്ടുതൊഴിലാളികളാണ് ചാക്കിൽ മൃതദേഹം കണ്ടെത്തിയത്. കുഞ്ഞിന്റെ ശരീരം ഒടിച്ചു ചാക്കില്‍ കെട്ടിയ നിലയിലായിരുന്നു. കൈകളാണു ചാക്കില്‍ നിന്നു പുറത്തുകണ്ടത്. ഒരുവശത്ത് പോലീസ് കുട്ടിക്കായ് പരക്കെ അന്വേഷിക്കുന്നതിനിടയിലാണു കൊലപാതകം നടന്നത്. ഇന്നലെ രാത്രി മുതല്‍ കേരളമാകെ കുഞ്ഞിനായി കാത്തിരുന്നെങ്കിലും ഉച്ചക്ക് 12 ഓടെ കാത്തിരിപ്പു വിഫലമായി.

കുട്ടിയെ തട്ടിക്കൊണ്ടുപോയ ബീഹാർ സ്വദേശീ അസ്ഫാക്ക് തന്നെയാണ് കുട്ടിയെ കൊലപ്പെടുത്തിയത് എന്ന് വ്യക്തമായിട്ടുണ്ട്. ഇയാൾ പോലീസിനോട് കുറ്റം സമ്മതിച്ചതായി റൂറൽ എസ് പി വിവേക് അറിയിച്ചു. കൃത്യത്തിന് ഇയാളെ പ്രേരിപ്പിച്ചത് എന്താണ്, കുട്ടി പീഡനത്തിനിരയായിട്ടുണ്ടോ തുടങ്ങിയ കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നതേയുള്ളൂ. കുട്ടിയുടെ പോസ്റ്റ്മോർട്ടം പൂർത്തിയായ ശേഷമേ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരികയുള്ളൂ എന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്.

മൃതദേഹം കണ്ടെത്തിയ ആലുവ മാർക്കറ്റിന് പിറകുവശത്ത് പാേലീസ് പരിശോധന നടത്തുന്നു

ആലുവ ചൂര്‍ണിക്കര പഞ്ചായത്തിലെ ഗ്യാരേജിന് സമീപം വാടകയ്ക്ക് താമസിക്കുന്ന ബീഹാര്‍ സ്വദേശികളായ ദമ്പതികളുടെ മകളെ ഇന്നലെ വൈകിട്ട് മുതലാണു കാണാതായത്. ദമ്പതികൾ വൈകിട്ടു ജോലി കഴിഞ്ഞു വന്നപ്പോഴാണു കുട്ടിയെ കാണാനില്ലെന്ന വിവരം അറിഞ്ഞത്. തുടർന്ന് അവർ അസ്ഫാക്കിന്െറ അടക്കം സമീപത്തെ വീടുകളിലും മറ്റും തിരച്ചിൽ നടത്തിയിരുന്നു. തിരച്ചിൽ വിഫലമായതോടെയാണ് പോലീസിൽ പരാതി നൽകിയത്. പോലീസ് അന്വേഷണത്തിൽ കുട്ടിയെ സമീപത്തെ വാടക വീട്ടിൽ താമസിച്ചിരുന്ന അസ്ഫാക്ക് തട്ടിക്കൊണ്ടുപോകുന്നതായി കണ്ടെത്തി. അസ്ഫാക്കിന്റെ കൂടെ കുട്ടി നടന്നുപോകുന്നതും പിന്നീട് റെയിൽവേ ഗേറ്റ് കടന്നു ദേശീയപാതയിൽ എത്തി തൃശൂർ ഭാഗത്തേക്കുള്ള ബസിൽ കുട്ടിയുമായി ഇയാൾ കയറുന്നതും സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ തിരച്ചിലിൽ അസ്ഫാക്കിനെ പിടികൂടാനായി.

ഇന്നലെ രാത്രി ഒൻപതരക്ക് ആലുവ തോട്ടക്കാട്ടുകരയിൽ നിന്നാണ് പ്രതിയായ അസഫാക് ആലത്തെ പിടികൂടിയത്. കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന് ഇയാൾ ആദ്യം സമ്മതിച്ചിരുന്നില്ല. പിന്നീട് കൂടുതല്‍ ചോദ്യംചെയ്തപ്പോള്‍ ജ്യൂസ് വാങ്ങിച്ചുനല്‍കിയെന്നും പിന്നീട് എന്ത് സംഭവിച്ചെന്ന് അറിയില്ലെന്നും പറഞ്ഞു. സക്കീര്‍ എന്നയാള്‍ക്ക് കുഞ്ഞിനെ കൈമാറിയെന്ന കള്ളവും ഇയാൾ തട്ടിവിട്ടു. ആലുവ ഫ്‌ളൈ ഓവറിനു താഴെയുള്ള സ്ഥലത്ത് വെച്ചാണ് കുട്ടിയെ കൈമാറിയത് എന്ന് ഇയാൾ പറഞ്ഞതനുസരിച്ച് ഇന്ന് പോലീസ് ഇയാളെയുമായി അങ്ങോട്ടു തിരിച്ചു.

ചാന്ദ്നിയെ അസ്ഫാക്ക് തട്ടിക്കൊണ്ടുപോകുന്നതിന്റെ സിസിടിവി ദൃശ്യത്തിൽ നിന്ന്

ഇതോടൊപ്പം തന്നെ കുട്ടിയെ കണ്ടുകിട്ടാനായി വ്യാപക തിരച്ചിൽ മറുവശത്ത് നടക്കുന്നുണ്ടായിരുന്നു. ഉച്ചക്ക് 12 മണിയോടെ ആ ഞെട്ടിപ്പിക്കുന്ന വിവരം പോലീസിന് ലഭിച്ചു. ആലുവ മാർക്കറ്റിന് പിന്നിൽ കാടുമൂടിയ സ്ഥലത്ത് ഒരു കുട്ടിയുടെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടു എന്നായിരുന്നു വിവരം. ഉടൻ പോലീസ് സ്ഥലത്ത് എത്തി പരിശോധിച്ചപ്പോഴാണ് കൊല്ലപ്പെട്ടത് ചാന്ദ്നിയാണെന്ന് വ്യക്തമായത്.

ചാന്ദ്‌നിയെ കൊലപ്പെടുത്താനുള്ള  കാരണം വ്യക്തമായിട്ടില്ല. കഴിഞ്ഞ 22ാം തീയതിയാണ് പ്രതി ആലുവയിൽ എത്തിയത്. ഇയാളുടെ ക്രിമിനൽ പശ്ചാത്തലം അടക്കം പോലീസ് പരിശോധിച്ചുവരികയാണ്. കേസില്‍ അന്വേഷത്തിനായി പ്രത്യേക പോലീസ് സംഘത്തെ രൂപവത്കരിച്ചിട്ടുണ്ട്. ഡിവൈ.എസ്.പി.യുടെ നേതൃത്വത്തില്‍ ആലുവ ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെയുള്ളവരാണ് സംഘത്തിലുള്ളത്. കൃത്യത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്നത് അന്വേഷിച്ച് കണ്ടെത്തണം.

പോലീസ് ഇത്രയേറെ ജാഗ്രത പുലര്‍ത്തിയിട്ടും നഗര മധ്യത്തില്‍ ക്രൂരമായ കൊലപാതകം നടന്നു എന്നത് കേരളത്തെയാകെ നടുക്കിയിരിക്കുകയാണ്.

---- facebook comment plugin here -----

Latest