National
യുപിയില്‍ മൊബൈലില്‍ കാര്‍ട്ടൂണ്‍ കാണുന്നതിനിടെ അഞ്ച് വയസുകാരി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
അമ്മയുടെ അടുത്ത് കിടന്ന് കാര്‍ട്ടൂണ്‍ കാണുകയായിരുന്ന കാമിനിയുടെ കൈയില്‍ നിന്ന് ഫോണ്‍ വീഴുകയും കുട്ടി അബോധാവസ്ഥയിലാവുകയുമായിരുന്നു.
ലക്‌നോ|ഉത്തര്‍പ്രദേശില്‍ മൊബൈല്‍ ഫോണില്‍ കാര്‍ട്ടൂണ്‍ കാണുന്നതിനിടെ അഞ്ച് വയസുകാരി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. അംറോഹ ജില്ലയിലെ ഹസന്‍പൂര്‍ കോട്വാലിയിലാണ് സംഭവമുണ്ടായത്. കാമിനി എന്ന അഞ്ചുവയസുകാരിയാണ് മരിച്ചത്. അമ്മയുടെ അടുത്ത് കിടന്ന് കാര്‍ട്ടൂണ്‍ കാണുകയായിരുന്ന കാമിനിയുടെ കൈയില്‍ നിന്ന് ഫോണ്‍ വീഴുകയും കുട്ടി അബോധാവസ്ഥയിലാവുകയുമായിരുന്നു.
കുട്ടിയെ ഉടന്‍ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനമെന്ന് ഹസന്‍പൂര്‍ കമ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ ഇന്‍-ചാര്‍ജ് ധ്രുവേന്ദ്ര കുമാര്‍ പറഞ്ഞു.
മരണകാരണം കൃത്യമായി അറിയാന്‍ കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യാനായി വിട്ടുനല്‍കാന്‍ കുടുംബത്തോട് അഭ്യര്‍ഥിച്ചെങ്കിലും അവര്‍ സമ്മതിച്ചില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. മുമ്പും അംറോഹ, ബിജ്‌നോര്‍ ജില്ലകളില്‍ ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇവിടങ്ങളിലെ പത്തിലധികം കുട്ടികളും മുതിര്‍ന്നവരും ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.