Kerala
കുത്തിവയ്‌പെടുത്തിട്ടും പേവിഷബാധ; മലപ്പുറത്ത് അഞ്ച് വയസുകാരി മരിച്ചു
തലയ്ക്ക് ഗുരുതരമായി കടിയേറ്റതാണ് പ്രതിരോധ വാക്‌സീന്‍ ഫലിക്കാതിരിക്കാന്‍ കാരണമെന്നാണ് മെഡിക്കല്‍ കോളജ് അധികൃതര്‍ പറയുന്നത്.

കോഴിക്കോട് | മലപ്പുറം പെരുവള്ളൂരില്‍ പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന അഞ്ചു വയസുകാരി മരിച്ചു.പെരുവള്ളൂര്‍ കാക്കത്തടം സ്വദേശി കെ സി സല്‍മാനുല്‍ ഫാരിസിന്റെ മകള്‍ സിയ ഫാരിസാണ് മരിച്ചത്.തെരുവുനായയുടെ കടിയേറ്റ് പ്രതിരോധ കുത്തിവെപ്പ് എടുത്ത് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ ഇന്നു പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്.
മാര്‍ച്ച് 29നാണ് കുട്ടിയ്ക്ക് തെരുവുനായയുടെ കടിയേറ്റത്. തലയ്ക്കും കാലിനുമായിരുന്നു നായ കടിച്ചത്.രണ്ടു മണിക്കൂറിനകം തന്നെ കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തി പ്രതിരോധ കുത്തിവെപ്പ് എടുത്തിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ കടുത്ത പനി അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് വീണ്ടും മെഡിക്കല്‍ കോളേജില്‍ കുട്ടിയെ എത്തിച്ചത്. പിന്നാലെ പേ വിഷബാധ സ്ഥിരീകരിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി കടിയേറ്റതാണ് പ്രതിരോധ വാക്‌സീന്‍ ഫലിക്കാതിരിക്കാന്‍ കാരണമെന്നാണ് മെഡിക്കല്‍ കോളജ് അധികൃതര്‍ പറയുന്നത്.
വീടിനടുത്തുള്ള കടയില്‍ പോയി മടങ്ങി വരുന്നതിനിടയിലായിരുന്നു നായയുടെ ആക്രമണമുണ്ടായത്.കുട്ടിയെ രക്ഷിക്കുന്നതിനിടെ അയല്‍വാസിയായ റാഹിസിനും പരുക്കേറ്റു. മറ്റു അഞ്ച് പേരെയും കൂടി അന്ന് നായ കടിച്ചിരുന്നു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രി അധികൃതര്‍ അറിയിക്കുന്നത്.