Kerala
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് അഞ്ചുവയസുകാരി ഗുരുതരാവസ്ഥയില്‍
രോഗകാരിയായ അമീബ ഉള്ള മലിനജലം മൂക്കിനുള്ളിലേക്ക് കടക്കുന്നതു വഴി മാത്രമാണ് രോഗബാധയുണ്ടാകുന്നത്.
മലപ്പുറം |മലപ്പുറം സ്വദേശിയായ അഞ്ചുവയസുകാരി അത്യപൂര്‍വ രോഗമായ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഗുരുതരാവസ്ഥയില്‍. മൂന്നിയൂര്‍ സ്വദേശിയായ കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വെന്റിലേറ്ററിലാണുള്ളത്. ഒരാഴ്ച മുമ്പ് കുട്ടി മൂന്നിയൂരിലെ പുഴയില്‍ കുളിക്കാന്‍ പോയിരുന്നു. ഇവിടെ നിന്നും വൈറസ് ബാധയേറ്റതാവാമെന്നാണ് സംശയിക്കുന്നത്.
കടുത്ത പനിയും തലവേദനയും ഉണ്ടായതിനെ തുടര്‍ന്ന് കുട്ടിയെ ആദ്യം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ രോഗം ഗുരുതരമായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. ചികിത്സയ്ക്ക് ആവശ്യമായ മരുന്ന് കേരളത്തില്‍ ലഭ്യമല്ലെന്നാണ് വിവരം.
കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ ജീവിക്കുന്ന അമീബ മൂക്കിലെ നേര്‍ത്ത തൊലിയിലൂടെ തലച്ചോറിലേക്ക് പ്രവേശിക്കുക വഴി മസ്തിഷ്‌കത്തിലെ കോശങ്ങള്‍ക്ക് പെട്ടെന്ന് തകരാര്‍ സംഭവിക്കുകയും നീര്‍ക്കെട്ട് വരികയുമാണ് ചെയ്യുന്നത്. ഇത് ഗുരുതരമാകുകയും ഒടുവില്‍ മസ്തിഷ്‌ക മരണം സംഭവിക്കുകയുമാണ് ചെയ്യുന്നത്. രോഗകാരിയായ അമീബ ഉള്ള മലിനജലം മൂക്കിനുള്ളിലേക്ക് കടക്കുന്നതു വഴി മാത്രമാണ് രോഗബാധയുണ്ടാകുന്നത്.