Connect with us

Kerala

അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസ്: രണ്ടാനച്ഛന്‍ കുറ്റക്കാരന്‍, വിധി വ്യാഴാഴ്ച

കുട്ടിയുടെ രണ്ടാനച്ഛനും രാജപാളയം സ്വദേശിയുമായ അലക്‌സ് പാണ്ഡ്യനെയാണ് കോടതി കുറ്റക്കാരനെന്നു കണ്ടെത്തിയത്.

Published

|

Last Updated

പത്തനംതിട്ട | തമിഴ്നാട് സ്വദേശിയായ അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ രണ്ടാനച്ഛന്‍ കുറ്റക്കാരനാണെന്ന് കോടതി. വിധി വ്യാഴാഴ്ച പ്രസ്താവിക്കും. പത്തനംതിട്ട അഡീഷണല്‍ ഒന്നാം ക്ലാസ് പോക്സോ കോടതിയാണ് കേസ് പരിഗണിച്ചത്.

കുട്ടിയുടെ രണ്ടാനച്ഛനും രാജപാളയം സ്വദേശിയുമായ അലക്‌സ് പാണ്ഡ്യനെയാണ് കോടതി കുറ്റക്കാരനെന്നു കണ്ടെത്തിയത്. 2021 ഏപ്രില്‍ അഞ്ചിന് ഇവരുടെ താമസസ്ഥലമായ കുമ്പഴയിലായിരുന്നു സംഭവം. മര്‍ദിച്ചും ലൈംഗികമായി പീഡിപ്പിച്ചും കുട്ടിയെ കൊലപ്പെടുത്തിയതായാണ് കേസ്.

കൊടും ക്രൂരത കാട്ടിയ പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പെണ്‍കുട്ടിയുടെ മാതാവും കുമ്പഴയിലെ നാട്ടുകാരും. പത്തനംതിട്ട പോലീസ് കുറ്റപത്രം നല്‍കിയ കേസില്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകളും പോക്സോ നിയമവും പ്രകാരമാണ് പ്രതിയെ കുറ്റക്കാരനായി കോടതി കണ്ടെത്തിയത്. കേസ് പരിഗണിക്കുന്ന ഒന്നാംക്ലാസ് പോക്സോ കോടതി ജഡ്ജി ജയകുമാര്‍ ജോണ്‍ മുമ്പാകെ മറ്റന്നാള്‍ ശിക്ഷ സംബന്ധിച്ച് പ്രോസിക്യൂഷന്റെ വാദം കേള്‍ക്കും. തുടര്‍ന്നായിരിക്കും ശിക്ഷാവിധി.

ക്രൂരമായ കൊലപാതകം
തമിഴ്നാട് രാജപാളയം സ്വദേശികളായ അലക്സ് പാണ്ഡ്യനും കനകയും കുമ്പഴയിലെ വാടകവീട്ടിലാണ് താമസിച്ചിരുന്നത്. കനകയുടെ ആദ്യവിവാഹത്തിലെ രണ്ടുമക്കളില്‍ മൂത്ത കുട്ടിയാണ് പീഡനത്തിന് ഇരയായത്. മാതാവ് സമീപത്തെ വീട്ടില്‍ ജോലിക്കുപോയി മടങ്ങിവന്നപ്പോള്‍ ശരീരം മുഴുവന്‍ കത്തികൊണ്ടു വരിഞ്ഞ നിലയില്‍ കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. രണ്ടാനച്ഛനായ അലക്സ് പാണ്ഡ്യനൊപ്പം കുട്ടിയെ വീട്ടിലിരുത്തിയ ശേഷമാണ് മാതാവ് ജോലിക്കു പോയിരുന്നത്. കുഞ്ഞിന് എന്തു സംഭവിച്ചുവെന്നു ചോദിച്ചപ്പോള്‍ കനകയെ ഇയാള്‍ മര്‍ദിച്ചു.

നാട്ടുകാരുടെ സഹായത്തോടെ കുട്ടിയെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. കുട്ടിയുടെ ശരീരത്തില്‍ മുറിവുകള്‍ കണ്ട ഡോക്ടര്‍മാര്‍ പോലീസിനെ വിവരം അറിയിച്ചു. ജനറല്‍ ആശുപത്രിയിലെത്തിയ മാതാവിന്റെ മൊഴിയിലാണ് സംഭവം കൊലപാതകമാണെന്ന് തിരിച്ചറിഞ്ഞത്. രണ്ടാനച്ഛന്‍ കുട്ടിയെ സ്ഥിരമായി ഉപദ്രവിക്കുമായിരുന്നുവെന്ന് മാതാവ് കനക പോലീസിനോട് പറഞ്ഞു.

കുട്ടിക്കു ശരീരമാസകലം മുറിവേറ്റിരുന്നു. കൂടാതെ രഹസ്യ ഭാഗങ്ങളില്‍ നീര്‍ക്കെട്ടുണ്ടായതായും കണ്ടെത്തി. കുട്ടിയെ അലക്സ് മര്‍ദിക്കുന്നത് പതിവായിരുന്നെന്ന് മാതാവ് പോലീസിന് മൊഴിനല്‍കിയിരുന്നു. ക്രൂരമായ ലൈംഗിക പീഡനത്തിനും കുട്ടി ഇരയായെന്ന് പോസ്റ്റ്മോര്‍ട്ടം റിപോര്‍ട്ട് വ്യക്തമാക്കുന്നു. 67 മുറിവുകള്‍ ശരീരത്തിലുണ്ടായിരുന്നു. കത്തി കൊണ്ടു വരിഞ്ഞതിന്റെയും സ്പൂണ്‍ കൊണ്ട് കുത്തിയതിന്റെയും മുറിവാണ് ദേഹത്തുണ്ടായിരുന്നത്.

കോട്ടയം മെഡിക്കല്‍ കോളജിലാണ് മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്തത്. പ്രതി ലഹരിക്ക് അടിമയായിരുന്നുവെന്ന് പറയുന്നു. കുമ്പഴയില്‍ നിന്നും സംഭവ ദിവസം തന്നെ പോലീസ് കസ്റ്റഡിയിലെടുത്ത പ്രതി ആദ്യം ജീപ്പില്‍ നിന്നു പുറത്തുചാടി ചില്ല് തകര്‍ത്തിരുന്നു. രാത്രിയില്‍ വിലങ്ങുമായി ലോക്കപ്പില്‍ നിന്ന് രക്ഷപ്പെടുകയും ചെയ്തു. തുടര്‍ന്ന് രാത്രി മുഴുവന്‍ നീണ്ട തിരച്ചിലിനൊടുവില്‍ ഇയാളെ കുമ്പഴ തുണ്ടുമണ്‍കരയില്‍ നിന്നു കണ്ടെത്തി.

പത്തനംതിട്ട എസ് എച്ച് ഒ ആയിരുന്ന ബിനീഷ് ലാലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഡി വൈ എസ് പി. പ്രദീപ് കുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണം നടന്നു. അന്വേഷണം പൂര്‍ത്തീകരിച്ച് കോടതിയില്‍ കുറ്റപത്രം എത്തിയതിനു പിന്നാലെ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നവീന്‍ എം ഈശോയെ സര്‍ക്കാര്‍ നിയമിച്ചു.

പ്രതിക്കെതിരായ തെളിവുകള്‍
കേസിന്റെ വിചാരണ സമയത്ത് എല്ലാ സാക്ഷികളും കൃത്യമായി മൊഴി നല്‍കിയത് പ്രോസിക്യൂഷന് ഗുണകരമായി. കൊലപാതകം, ലൈംഗിക അതിക്രമം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ തെളിഞ്ഞതായി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ നവീന്‍ എം ഈശോ പറഞ്ഞു. ശക്തമായ സാഹചര്യത്തെളിവുകളും കുട്ടി നേരത്തെ പലരോടും പറഞ്ഞിട്ടുള്ള മൊഴികളും കേസിന് അനുകൂലമായി. കുട്ടിയുടെ മരണമൊഴിയെന്ന വണ്ണമാണ് സാക്ഷി മൊഴികളെ കോടതി കണ്ടത്. ഡി എന്‍ എ അടക്കമുള്ള ശാസ്ത്രീയ തെളിവുകളും ഉണ്ടായിരുന്നു. ഇന്നലെ കേസിന്റെ വിധി ഉണ്ടാകുമെന്നറിഞ്ഞ് നിരവധി പേര്‍ കോടതിയില്‍ എത്തിയിരുന്നു. യാതൊരു കൂസലുമില്ലാതെയാണ് പ്രതി അലക്സ് പാണ്ഡ്യന്‍ കോടതിയില്‍ നിന്നത്.