Connect with us

From the print

കെ എം ബഷീർ ഓർമകൾക്ക് അഞ്ചാണ്ട്; നിയമത്തിന് വഴങ്ങാതെ ശ്രീറാം വെങ്കിട്ടരാമൻ

മറികടക്കാൻ നടത്തിയ നീക്കങ്ങൾക്ക് ഹൈക്കോടതിയിലും സുപ്രീംകോടതിയിലും തിരിച്ചടി

Published

|

Last Updated

തിരുവനന്തപുരം | സിറാജ് തിരുവനന്തപുരം യൂനിറ്റ് ചീഫ് കെ എം ബഷീറിനെ, ശ്രീറാം വെങ്കിട്ടരാമൻ വാഹനമിടിച്ച് കൊന്നിട്ട് അഞ്ച് വർഷം. എന്നിട്ടും നിയമത്തിന് വഴങ്ങാതെ നീതിന്യായ വ്യവസ്ഥിതികളെ വെല്ലുവിളിക്കുകയാണ് പ്രതി ചേർക്കപ്പെട്ട ഐ എ എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ. ദൃക്സാക്ഷികളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിൽ വിചാരണ കോടതി കുറ്റം ചാർത്തിയ ഇയാൾ ഇത് മറികടക്കാൻ നടത്തിയ നീക്കങ്ങൾ ഹൈക്കോടതിയിലും സുപ്രീംകോടതിയിലും പരാജയപ്പെടുകയാണുണ്ടായത്. കേസിന്റെ തുടക്കം മുതൽ നിയമത്തിന് വഴങ്ങാൻ വിസമ്മതിച്ച പ്രതിയുടെ നീക്കങ്ങളാണ് അന്വേഷണം പൂർത്തിയായി കുറ്റപത്രം സമർപ്പിച്ച് വർഷങ്ങൾ പിന്നിട്ടിട്ടും വിചാരണ ആരംഭിക്കാൻ കഴിയാത്ത സ്ഥിതി വിശേഷമുണ്ടാക്കിയിരിക്കുന്നത്. സംഭവത്തിന് തൊട്ടടുത്ത ദിവസം അറസ്റ്റിലായത് മുതൽ നിയമത്തെ വെല്ലുവിളിക്കുന്ന പ്രവർത്തനങ്ങളാണ് ശ്രീറാമിൽ നിന്നുണ്ടായത്. ജാമ്യം നിഷേധിക്കപ്പെട്ട് ജയിലിലേക്ക് കൊണ്ടുപോയത് മുതൽ സുപ്രീംകോടതിയിലും ശേഷം തിരുവനന്തപുരം ഒന്നാം അഡീഷനൽ ജില്ലാ സെഷൻസ് കോടതിയിലുമെത്തി നിൽക്കുന്നു.

ജയിലിൽ നിന്ന് പുറത്ത് കടക്കാൻ മാരകരോഗം അഭിനയിക്കുകയും പിന്നീട് കേസ് കോടതിയിലെത്തിയപ്പോൾ തടസ്സവാദങ്ങൾ ഉന്നയിച്ച് നീട്ടിക്കൊണ്ടുപോകുകയും ഒടുവിൽ മനഃപൂർവ നരഹത്യ ഒഴിവാക്കിയ കീഴ്ക്കോടതി വിധി റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ പരമോന്നത കോടതിയെ സമീപിച്ചതുമൊക്കെ ഇതിന്റെ ബാക്കിപത്രമായിരുന്നു. എന്നാൽ, സുപ്രീംകോടതിയിൽ നിന്ന് കനത്ത തിരിച്ചടിയുണ്ടായി. തുടർന്ന് തിരുവനന്തപുരം ഒന്നാം അഡീഷനൽ ജില്ലാ സെഷൻസ് കോടതിയിൽ കുറ്റപത്രം വായിച്ച് കേൾപ്പിക്കാൻ കേസ് പരിഗണിച്ചപ്പോൾ വിവിധ കാരണങ്ങൾ നിരത്തി നാല് തവണയാണ് ഹാജരാകാതിരുന്നത്.
അവസാനമായി നരഹത്യാ കുറ്റം ചുമത്താൻ തിരുവനന്തപുരം ഒന്നാം അഡീഷനൽ ജില്ലാ സെഷൻസ് കോടതി കഴിഞ്ഞ മാസം 18ന് ഉത്തരവിട്ടു. ഈ മാസം 16ന് കുറ്റപത്രം വായിച്ച് കേൾപ്പിക്കാൻ ഹാജരാകാനും ഉത്തരവായി. തനിക്കെതിരായ പോലീസ് കുറ്റപത്രം അടിസ്ഥാനരഹിതമാണെന്ന പ്രതിയുടെ വാദം തള്ളിയ കോടതി പ്രതി കൃത്യം ചെയ്തതായി അനുമാനിക്കാവുന്ന വായ്മൊഴിയാലും രേഖാമൂലവുമുള്ള വസ്തുതാ തെളിവുകൾ കേസ് റെക്കോർഡിൽ കാണുന്നുവെന്ന് നിരീക്ഷിച്ചു. കുറ്റങ്ങൾ പ്രഥമദൃഷ്ട്യാ നിലനിൽക്കുമെന്നും പ്രതി വിചാരണ നേരിടണമെന്നും കോടതി ഉത്തരവിട്ടു. അഡീ.ജില്ലാ സെഷൻസ് കോടതി ജഡ്ജി കെ പി അനിൽകുമാർ മുന്പാകെയാണ് ഇപ്പോൾ കേസ് പരിഗണിക്കുന്നത്.