Ongoing News
കഞ്ചാവ് കേസില്‍ പ്രതിക്ക് അഞ്ച് വര്‍ഷം കഠിനതടവും പിഴയും
2017 മാര്‍ച്ച് 14ന് റാന്നി മാടത്തുംപടി എസ് സി എച്ച് എസ് എസിനു സമീപം വച്ച് 1.210 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്ത കേസിലാണ് വിധി.
പത്തനംതിട്ട | കഞ്ചാവ് കടത്തിയ കേസില്‍ ഒന്നാം പ്രതിക്ക് അഞ്ചു വര്‍ഷം കഠിനതടവും 25,000 രൂപ പിഴയും. റാന്നി വൈക്കം അലക്കുകല്ലുങ്കല്‍ ലിജു എബ്രഹാം (40) നെയാണ് കോടതി ശിക്ഷിച്ചത്. പത്തനംതിട്ട അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി 2 ജഡ്ജി ശ്രീരാജിന്റെതാണ് വിധി. പിഴയടച്ചില്ലെങ്കില്‍ അഞ്ചു മാസം കൂടി തടവുശിക്ഷ അനുഭവിക്കണം.
2017 മാര്‍ച്ച് 14ന് റാന്നി മാടത്തുംപടി എസ് സി എച്ച് എസ് എസിനു സമീപം വച്ച് 1.210 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്ത കേസിലാണ് വിധി. റാന്നി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കഞ്ചാവ് കടത്തുമായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് പുറമെ ബാലനീതി നിയമത്തിലെ വകുപ്പുകളും ചുമത്തിയിരുന്നു.
അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി ആര്‍ അനില്‍കുമാര്‍ പ്രോസിക്യൂഷനു വേണ്ടി ഹാജരായി. റാന്നി പോലീസ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന ന്യൂമാന്‍ ആണ് കേസ് അന്വേഷിച്ച് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. കേസിലെ രണ്ടാം പ്രതി വിചാരണ നടപടി തുടരവേ ഒളിവില്‍ പോയിരുന്നു.