Connect with us

Kerala

എ കെ ജി സെന്ററിലെ പതാക താഴ്ത്തിക്കെട്ടി; കോടിയേരിക്ക് ആദരാഞ്ജലികളര്‍പ്പിച്ച് നേതാക്കള്‍

എല്ലാവര്‍ക്കും പ്രിയങ്കരനും സൗമ്യനുമായ നേതാവായിരുന്നു കോടിയേരിയെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വര്‍ഗീയതക്കെതിരെ സന്ധിയില്ലാ സമരം നടത്തിയ നേതാവെന്ന് യെച്ചൂരി. സഹോദരനെയാണ് നഷ്ടമായതെന്ന് മുഖ്യമന്ത്രി.

Published

|

Last Updated

തിരുവനന്തപുരം | കോടിയേരിക്ക് അന്ത്യാഭിവാദനങ്ങള്‍ അര്‍പ്പിച്ച് എ കെ ജി സെന്ററിലെ പതാക താഴ്ത്തിക്കെട്ടി. അദ്ദേഹത്തിന്റെ വിയോഗത്തില്‍ വിവിധ നേതാക്കള്‍ അനുശോചിച്ചു. എല്ലാവര്‍ക്കും പ്രിയങ്കരനും സൗമ്യനുമായ നേതാവായിരുന്നു കോടിയേരി ബാലകൃഷ്ണനെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. വര്‍ഗീയതക്കെതിരെ സന്ധിയില്ലാ സമരം നടത്തിയ നേതാവെന്ന് സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സഹോദരനെയാണ് നഷ്ടമായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു.

തീരാ നഷ്ടമാണ് സംഭവിച്ചതെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കോടിയേരിയുടെ വിയോഗ വാര്‍ത്തയറിഞ്ഞ് പിതാവിന്റെ കണ്ണ് നിറഞ്ഞെന്ന് വി എസിന്റെ മകന്‍ ബിനോയ് കോടിയേരി. രാഷ്ട്രീയ ഗുരുവിനെയാണ് നഷ്ടമായതെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. കേരള രാഷ്ട്രീയത്തിന്റെ വലിയ നഷ്ടമാണ് കോടിയേരി ബാലകൃഷ്ണന്റെ വേര്‍പാടെന്നും നഷ്ടമായത് പൊതു സ്വീകാര്യനെയെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ചെന്നൈയിലെ ആശുപത്രിയിലെത്തി അനുശോചനം രേഖപ്പെടുത്തി.

വിടവാങ്ങിയത് ഏവര്‍ക്കും സ്വീകാര്യനായ നേതാവെന്ന് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് ഉമ്മന്‍ ചാണ്ടി. രാഷ്ട്രീയമായി വിരുദ്ധ ചേരിയില്‍ നിന്നപ്പോഴും വ്യക്തിപരമായ അടുപ്പം കാത്തു സൂക്ഷിച്ചയാളായിരുന്നു അദ്ദേഹം. രാഷ്ട്രീയ കേരളത്തിന്റെ നഷ്ടമാണ് കോടിയേരിയുടെ വിയോഗമെന്ന് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ എം പി. രാഷ്ട്രീയമായി എതിര്‍ചേരിയില്‍ വ്യത്യസ്ത അഭിപ്രായങ്ങളോടും ആശയങ്ങളോടും കൂടി പ്രവര്‍ത്തിക്കുമ്പോഴും എല്ലാവരുമായി നല്ല വ്യക്തിബന്ധം കാത്തുസൂക്ഷിച്ച നേതാവായിരുന്നു കോടിയേരിയെന്നും സുധാകരന്‍ പറഞ്ഞു. കരുത്തുറ്റ നേതാവായിരുന്നുവെന്ന് മന്ത്രി വി ശിവന്‍കുട്ടി. തീരാനഷ്ടം പ്രതികൂല സാഹചര്യത്തിലും സൗമ്യനായിരുന്നു കോടിയേരിയെന്ന് സി പി എം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി.

രാഷ്ട്രീയ കേരളത്തിന്റെ തീരാനഷ്ടമെന്ന് മന്ത്രി ജെ ചിഞ്ചുറാണി.
നികത്താനാകാത്ത നഷ്ടമെന്നും കേരളത്തിനാകെ തീരാ വേദനയെന്നും മന്ത്രി വി അബ്ദുറഹിമാന്‍. വിട പറഞ്ഞത് കേരള രാഷ്ട്രീയത്തിലെ സൗമ്യ മുഖമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. കേരള രാഷ്ട്രീയ രംഗത്തെ നിസ്വാര്‍ഥ സേവകനായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ അപ്രതീക്ഷിത നിര്യാണം ഏറെ വേദനയോടും ദു:ഖത്തോടെയുമാണ് ശ്രവിച്ചതെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി.

മറക്കാനാകാത്ത ആത്മബന്ധമാണ് കോടിയേരി സഖാവുമായി ഉണ്ടായിരുന്നതെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍. രാഷ്ട്രീയത്തിനപ്പുറം വലിയ വ്യക്തിബന്ധങ്ങളും ആത്മബന്ധങ്ങളും കാത്തു സൂക്ഷിക്കുന്ന മനുഷ്യ സ്നേഹിയായിരുന്നു കോടിയേരിയെന്ന് മന്ത്രി കെ രാജന്‍.
പ്രതിസന്ധിയുടെ നാളുകളില്‍ കൃതഹസ്തതയോടെ പാര്‍ട്ടിയെ നയിച്ച, കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ എക്കാലത്തെയും സമുന്നതനായ നേതാവായി സഖാവ് കോടിയേരി ബാലകൃഷ്ണനെ കാലം എന്നും ഓര്‍ക്കുമെന്ന് മന്ത്രി ഡോ. ആര്‍ ബിന്ദു. കോടിയേരിയുടെ വേര്‍പാട് പാര്‍ട്ടിക്കും പൊതു സമൂഹത്തിനും തീരാ നഷ്ടമാണെന്ന് മന്ത്രി വീണാ ജോര്‍ജ്.

 

---- facebook comment plugin here -----

Latest