Ongoing News
പാരീസ് ഒളിമ്പിക്സിന് കൊടിയിറങ്ങി; ഇനി ലോസ് ആഞ്ജലസിൽ
സ്വർണനേട്ടം ഇല്ലാതെയാണ് ഇന്ത്യ ഇത്തവണ പാരീസിൽ നിന്ന് മടങ്ങുന്നത്.
പാരിസ് | ലോക കായിക മാമാങ്കത്തിന് പാരിസിൽ കൊടിയിറക്കം. <span;>സ്റ്റേഡ് ഡി ഫ്രാൻസ് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം തിങ്കളാഴ്ച പുലർച്ചെ ആയിരുന്നു കൊടിയിറക്കം. അർധരാത്രി ആരംഭിച്ച സമാപനച്ചടങ്ങുകൾ മണിക്കൂറുകൾ നീണ്ടുനിന്നു.സമാപന മാര്‍ച്ച് പാസ്റ്റില്‍ ഹോക്കി താരം പി.ആര്‍. ശ്രീജേഷും ഷൂട്ടിങ് താരം മനു ഭാക്കറും ഇന്ത്യന്‍ പതാകയേന്തി.
19 ദിവസം കായിക പ്രേമികളുടെ ഹൃദയം കീഴടക്കിയ കായിക ‘യുദ്ധ’ത്തിൽ <span;>40 സ്വർണവും 44 വെള്ളിയും 42 വെങ്കലവുമടക്കം 126 മെഡലുകൾ നേടി യു.എസ് ഒന്നാമതെത്തി. രണ്ടാം സ്ഥാനത്തുള്ള ചൈനക്ക് 40 സ്വർണവും 27 വെള്ളിയും 24 വെങ്കലവുമാണ് ലഭിച്ചത്. അത് ലറ്റിക്സിലും നീന്തലിലുമാണ് യുഎസ് സ്വർണം വാരിക്കൂട്ടിയത്. ആകെ 62 മെഡലുകൾ അത് ലറ്റിക്സിലും നീന്തലിലുമായി യുഎസിന് കിട്ടി. ഡൈവിങ്, ഷൂട്ടിങ്, ടേബിൾ ടെന്നിസ്, ഭാരദ്വഹനം എന്നിവയിൽനിന്നാണ് ചൈനക്ക് ഭൂരിഭാഗം സ്വർണവും കിട്ടിയത്.
സ്വർണനേട്ടം ഇല്ലാതെയാണ് ഇന്ത്യ ഇത്തവണ പാരീസിൽ നിന്ന് മടങ്ങുന്നത്. ജാവലിൻ ത്രോയിൽ നീരജിന്റെ വെള്ളിയും അഞ്ച് വെങ്കല മെഡലുകളുമാണ് ഇത്തവണ ഇന്ത്യയുടെ സമ്പാദ്യം. വനിത ഗുസ്തിയിൽ ഫൈനലിലെത്തി അയോഗ്യയാക്കപ്പെട്ട വിനേഷ് ഫോഗട്ട്, ബാഡ്മിന്റണിലെ സാത്വിക് ചിരാഗ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം തുടങ്ങിയവരിലായിരുന്നു ഇന്ത്യയുടെ സുവർണ് പ്രതീക്ഷകൾ. എന്നാൽ, മെഡൽപ്പട്ടികയിൽപ്പോലും ഇവരുടെപേര് വന്നില്ല.
അഞ്ചിൽ മൂന്ന് വെങ്കലവും ലഭിച്ചത് ഷൂട്ടിങ്ങിലാണ്. വനിത 10 മീ. എയർ പിസ്റ്റളിൽ അക്കൗണ്ട് തുറന്ന മനു ഭാകർ, മിക്സഡിൽ സരബ്ജ്യോത് സിങ്ങിനൊപ്പവും വെങ്കലം നേടി. പുരുഷ 50 മീ. റൈഫിൾ 3 പൊസിഷനിൽ സ്വപ്നിൽ കുശാലെയും മെഡൽ സ്വന്തമാക്കി. ഹോക്കി ടീം വെങ്കലം നിലനിർത്തിയതിന് പിന്നാലെ അമൻ സെഹ്റാവത്ത് പുരുഷ 57 കിലോ ഫ്രീ സ്റ്റൈൽ ഗുസ്തിയിലും മൂന്നാം സ്ഥാനക്കാരനായി പട്ടിക ആറിലെത്തിച്ചു. മെഡൽ പട്ടിയിൽ ഇന്ത്യ 71ആം സ്ഥാനത്താണ്.
2021 ലെ ടോക്യോ ഒളിംപിക്സിലായിരുന്നു ഇതുവരെയുള്ള ഇന്ത്യയുടെ മികച്ച പ്രകടനം. അന്ന് നീരജിന്റെ സ്വർണം ഉൾപ്പെടെ ഇന്ത്യക്ക് ലഭിച്ചത് 7 മെഡലുകൾ.
അടുത്ത ഒളിമ്പിക്സ് നാലു വർഷങ്ങൾക്കു ശേഷം ലോസ് ആൻ ജലസിൽ നടക്കും.