Kerala
സി പി എം സംസ്ഥാന സമ്മേളനത്തിന് കൊല്ലത്ത് പതാക ഉയര്‍ന്നു
ആശ്രാമത്തെ സീതാറാം യെച്ചൂരി നഗറില്‍ സ്വാഗത സംഘം ചെയര്‍മാന്‍ കെ എന്‍ ബാലഗോപാല്‍ പാതാക ഉയര്‍ത്തി

കൊല്ലം | സി പി എം സംസ്ഥാന സമ്മേളനത്തിന് കൊല്ലത്ത് പതാക ഉയര്‍ന്നു. ആശ്രാമത്തെ സീതാറാം യെച്ചൂരി നഗറില്‍ സ്വാഗത സംഘം ചെയര്‍മാന്‍ കെ എന്‍ ബാലഗോപാല്‍ പാതാക ഉയര്‍ത്തി.
മധുരയില്‍ ഏപ്രില്‍ രണ്ടു മുതല്‍ ആറു വരെ നടക്കുന്ന 24-ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി മാര്‍ച്ച് ആറു മുതല്‍ ഒമ്പതുവരെയാണ് കൊല്ലത്ത് സംസ്ഥാന സമ്മേളനം നടക്കുന്നത്. ദീപശിഖാ പതാക ജാഥകളും കൊടിമര ജാഥയും ആശ്രാമം മൈതാനിയില്‍ സംഗമിച്ചതോടെ ആവേശകരമായ അന്തരീക്ഷത്തിലാണ് പതാക ഉയര്‍ന്നത്.
കൊടിമരം കേന്ദ്ര കമ്മിറ്റിയംഗം എളമരം കരീമും പതാക കേന്ദ്ര കമ്മിറ്റിയംഗം പി കെ ശ്രീമതിയും ദീപശിഖ സംസ്ഥാന സെക്രട്ടറിയറ്റംഗം ടി പി രാമകൃഷ്ണനും ഏറ്റു വാങ്ങി. കയ്യൂര്‍, വയലാര്‍, ശൂരനാട് എന്നിവിടങ്ങളിലെ രക്തസാക്ഷി കുടീരങ്ങളില്‍നിന്ന് യഥാക്രമം തുടങ്ങിയ പതാക, ദീപശിഖ, കൊടിമര ജാഥകള്‍ ആണ് സീതാറാം യെച്ചൂരി നഗറില്‍ എത്തിച്ചേര്‍ന്നത്.
കോടിയേരി ബാലകൃഷ്ണന്‍ നഗറിലാണ് പ്രതിനിധി സമ്മേളനം. പൊളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്യും. 44 നിരീക്ഷകരും അതിഥികളും ഉള്‍പ്പടെ 530 പേരാണ് ഇത്തവണ സമ്മേളന പ്രതിനിധികള്‍. സമ്മേളനത്തിന്റെ അവസാന ദിനമായ ഒമ്പതിന് 25,000 റെഡ് വോളന്റിയര്‍മാരുടെ പരേഡ് അടക്കം രണ്ടര ലക്ഷം പേര്‍ അണിനിരക്കുന്ന റാലിയും നടക്കും.
പി ബി അംഗങ്ങളായ പിണറായി വിജയന്‍, എം എ ബേബി, ബി വി രാഘവലു, ബൃന്ദ കാരാട്ട്, സുഭാഷിണി അലി, അശോക് ധാവ്ളെ, എ വിജയരാഘവന്‍, സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, വിജൂകൃഷ്ണന്‍, എ ആര്‍ സിന്ധു എന്നിവര്‍ പങ്കെടുക്കും.