Malappuram
കൊടിയുയര്‍ന്നു; മഅ്ദിന്‍ പ്രാര്‍ഥനാ സമ്മേളന പരിപാടികള്‍ക്ക് നാളെ തുടക്കം; സമാപന മഹാസംഗമം വ്യാഴാഴ്ച
സയ്യിദ് അലി ബാഫഖി തങ്ങള്‍ കൊടി ഉയര്‍ത്തി. സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അധ്യക്ഷത വഹിച്ചു.

മലപ്പുറം | റമസാന്‍ ഇരുപത്തിയേഴാം രാവായ വരുന്ന വ്യാഴാഴ്ച മലപ്പുറം സ്വലാത്ത് നഗറില്‍ നടക്കുന്ന പ്രാര്‍ഥനാ സമ്മേളനത്തിന്റെ കൊടിയുയര്‍ന്നു. നൂറുകണക്കിന് വിശ്വാസികളുടെ സാന്നിധ്യത്തില്‍ സമസ്ത ഉപാധ്യക്ഷനും പ്രാര്‍ഥനാ സമ്മേളന സ്വാഗതസംഘം ചെയര്‍മാനുമായ സയ്യിദ് അലി ബാഫഖി തങ്ങള്‍ കൊടി ഉയര്‍ത്തി. മഅ്ദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അധ്യക്ഷത വഹിച്ചു.
സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സയ്യിദ് ശഫീഖ് അല്‍ ബുഖാരി, സയ്യിദ് നിയാസ് അല്‍ ബുഖാരി, സമസ്ത കേന്ദ്ര മുശാവറ ക്ഷണിതാവ് അബ്ദുല്ല അഹ്സനി ചെങ്ങാനി, കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി പി എം മുസ്തഫ കോഡൂര്‍, സമസ്ത ജില്ലാ സെക്രട്ടറി പി ഇബ്റാഹീം ബാഖവി, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി, അബൂബക്കര്‍ അഹ്സനി പറപ്പൂര്‍, ശൗക്കത്തലി സഖാഫി കച്ചേരിപ്പറമ്പ്, നൗഫല്‍ കോഡൂര്‍, പരി മാനുപ്പ ഹാജി, അബ്ദുസ്സമദ് ഹാജി മൈലപ്പുറം, സി കെ മൊയ്തീന്‍ കുട്ടി ഹാജി വട്ടപ്പറമ്പില്‍ സംബന്ധിച്ചു.
ഇന്ന് രാവിലെ പത്തിന് പ്രാര്‍ഥനാ സമ്മേളനത്തിന്റെ ഭാഗമായുളള വിവിധ പരിപാടികള്‍ക്ക് തുടക്കമാവും.സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ത്രിദിന ഇഅ്തികാഫ് ജല്‍സക്ക് തുടക്കം കുറിക്കും.
10.30 ന് അറബി ഗ്രന്ഥരചന ശില്‍പശാല നടക്കും.സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം നിര്‍വഹിക്കും. വൈകിട്ട് നാലുവരെ നീണ്ടു നില്‍ക്കുന്ന ശില്‍പശാലക്ക് സമസ്ത കേന്ദ്ര മുശാവറ അംഗം വെള്ളയൂര്‍ അബ്ദുല്‍ അസീസ് സഖാഫി, ഏലംകുളം അബ്ദുറഷീദ് സഖാഫി, അബൂബക്കര്‍ അഹ്സനി പറപ്പൂര്‍, നൗഫല്‍ ഇര്‍ഫാനി കോടമ്പുഴ, സ്വാലിഹ് അദനി കുമരംപുത്തൂര്‍, അനസ് അദനി കിഴിശ്ശേരി നേതൃത്വം നല്‍കും.
ബുധനാഴ്ച വൈകിട്ട് നാലിന് സ്വലാത്ത് നഗര്‍ ഖാസിയും സമസ്ത ജില്ലാ സെക്രട്ടറിയുമായിരുന്ന സി കെ മുഹമ്മദ് ബാഖവി ആണ്ടു നേര്‍ച്ച നടക്കും. വ്യാഴാഴ്ച പുലര്‍ച്ചെ മുതല്‍ വിവിധ ആത്മീയ സദസ്സുകള്‍ നടക്കും. രാവിലെ 10.30 ന് നടക്കുന്ന ഖത്മുല്‍ ഖുര്‍ആന്‍ സദസ്സിന് സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സയ്യിദ് അഹ്മദുല്‍ കബീര്‍ അല്‍ ബുഖാരി നേതൃത്വം നല്‍കും. 11.30 ന് സയ്യിദ് ശിഹാബുദ്ധീന്‍ അല്‍ ബുഖാരി നേതൃത്വം നല്‍കുന്ന ബദ്‌രിയ്യത്ത് മജ്‌ലിസ് നടക്കും. ഉച്ചയ്ക്ക് ഒന്നിന് അസ്മാല്‍ ബദ്‌രിയ്യീന്‍, വൈകിട്ട് നാലിന് അസ്മാഉല്‍ ഹുസ്നാ സദസ്സ് നടക്കും. സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നേതൃത്വം നല്‍കും. രാത്രി ഒമ്പതിന് പ്രാര്‍ഥനാ സമ്മേളന സമാപന മഹാസംഗമത്തിന് തുടക്കമാവും. പുലര്‍ച്ചെ മൂന്നു വരെ നീളുന്ന പരിപാടി അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും.