Kerala
എസ് വൈ എസ് യുവജന സമ്മേളനത്തിന് ഇന്ന് പതാക ഉയരും
"ഉത്തരവാദിത്തം മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയം'
തൃശൂർ | സമസ്ത കേരള സുന്നി യുവജന സംഘം (എസ് വൈ എസ്) പ്ലാറ്റിനം ഇയർ സമാപനത്തിന്റെ ഭാഗമായി ഈ മാസം 26 മുതൽ 29 വരെ നടക്കുന്ന കേരള യുവജന സമ്മേളനത്തിന് തൃശൂർ ആമ്പല്ലൂരിലെ സമ്മേളന നഗരിയിൽ ഇന്ന് പതാക ഉയരും. വൈകിട്ട് നാലിന് നടക്കുന്ന ചടങ്ങിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന വൈസ് പ്രസിഡന്റ്സയ്യിദ് ആറ്റക്കോയ തങ്ങൾ കുമ്പോൽ പതാക ഉയർത്തും. എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ത്വാഹാ തങ്ങൾ അധ്യക്ഷത വഹിക്കും.
വൈസ് പ്രസിഡന്റ്സയ്യിദ് തുറാബ് തങ്ങൾ, ജനറൽ സെക്രട്ടറി ഡോ. എ പി അബ്ദുൽ ഹകീം അസ്ഹരി പ്രസംഗിക്കും. സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ പി വി മുഹ്‌യിദ്ദീൻ കുട്ടി മുസ്‌ലിയാർ, പി എസ് കെ മൊയ്തു ബാഖവി, ഐ എം കെ ഫൈസി, കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ഭാരവാഹികളായ വണ്ടൂർ അബ്ദുർറഹ്‌മാൻ ഫൈസി, എൻ അലി അബ്ദുല്ല, സി പി സൈതലവി ചെങ്ങര, മജീദ് കക്കാട്, ജില്ലാ പ്രസിഡന്റ്സയ്യിദ് ഫസൽ തങ്ങൾ, ജനറൽ സെക്രട്ടറി അഡ്വ. പി യു അലി, എസ് വൈ എസ് സംസ്ഥാന സെക്രട്ടറി എം എം ഇബ്‌റാഹീം സംബന്ധിക്കും.
പ്രവർത്തകരുടെ വീടുകളിൽ നിന്നുള്ള കിഴി വരവ് ഇന്ന് വൈകിട്ട് മൂന്നിന് നഗരിയിൽ നടക്കും. ഇനിയുള്ള നാളുകൾ സുന്നി സംഘടനകളുടെ മഹാസംഗമത്തിന് ആമ്പല്ലൂരിലെ സമ്മേളന നഗരി സാക്ഷ്യം വഹിക്കും. എക്‌സ്‌പോ ഉൾപ്പെടെ നാല് ദിവസത്തെ സമ്മേളനമാണ് ആമ്പല്ലൂരിൽ നടക്കുന്നത്. പ്രതിനിധി സമ്മേളനത്തിൽ 10,000 പേർ പങ്കെടുക്കും. യുവതയുടെ ആഗ്രഹങ്ങളെയും ഉത്കണ്ഠകളെയും അഭിസംബോധന ചെയ്യുന്ന ശക്തമായ ഇടപെടലായി യുവജന സമ്മേളനം മാറും. മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ട് വഴിതെറ്റിപ്പോകുന്ന പുതിയ തലമുറയുടെ ശീലങ്ങളെ നവീകരിക്കാൻ പര്യാപ്തമാകുന്ന സെഷനുകൾ സമ്മേളനത്തെ ജനശ്രദ്ധയിലെത്തിക്കും.
വിവിധ വിഷയങ്ങളിൽ നടക്കുന്ന 120 സെഷനുകളും ഇരുനൂറിലധികം പാനലിസ്റ്റുകളും സമ്മേളനത്തെ സമ്പന്നമാക്കും. ചർച്ചകൾ, സംവാദങ്ങൾ, പ്രഭാഷണങ്ങൾ തുടങ്ങിയ സെഷനുകളാണ് ഒരേ സമയം അഞ്ച് വേദികളിലായി ക്രമീകരിച്ചിരിക്കുന്നത്. ചിന്തകർ, എഴുത്തുകാർ, ആക്ടിവിസ്റ്റുകൾ, ഉലമാക്കൾ, അക്കാദമിക് വിദഗ്ധർ, സാഹിത്യകാരന്മാർ, സാംസ്‌കാരിക പ്രവർത്തകർ, രാഷ്ട്ര തന്ത്രജ്ഞർ, ജനപ്രതിനിധികൾ, രാജ്യാന്തര പ്രശസ്തരായ അതിഥികൾ എന്നിവർ സമ്മേളനത്തിൽ സംബന്ധിക്കും.