Kerala
ഹൈക്കോടതി ഉത്തരവ് പ്രകാരം കൊടിതോരണങ്ങള്‍ അഴിച്ചുമാറ്റി; സി പി എം നേതാവ് അറസ്റ്റില്‍
പ്രതിയെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചു

പത്തനംതിട്ട | അനധികൃത ബാനറുകളും കൊടി തോരണങ്ങളും പൊതുനിരത്തുകളിലും ഫുട്പാത്തുകളിലും സ്ഥാപിക്കുന്നത് വിലക്കിക്കൊണ്ടുള്ള ഹൈക്കോടതി ഉത്തരവിന് വിപരീതമായി സ്ഥാപിച്ചവ നീക്കം ചെയ്തത് തടഞ്ഞതിനെതിരെ കേസ്. സി പി എം പ്രാദേശിക നേതാവ് പത്തനംതിട്ട കുമ്പഴ കുലശേഖരപതി സ്വദേശി അലങ്കാരത്ത് വീട്ടില്‍ സക്കീര്‍(58)നെതിരെയാണ് പത്തനംതിട്ട പോലീസ് കേസെടുത്തത്.
പത്തനംതിട്ട മുനിസിപല്‍ സെക്രട്ടറിയുടെ മൊഴിപ്രകാരം എസ് ഐ. ബി കൃഷ്ണകുമാറാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് പ്രതിയെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചു. പത്തനംതിട്ട ടൗണ്‍ സ്‌ക്വയറില്‍ സ്ഥാപിച്ചിരുന്ന വിവിധ സംഘടനകളുടെ അനധികൃത ബാനറുകളും കൊടി തോരണങ്ങളും നീക്കം ചെയ്യവേ, ഇന്നലെ മൂന്നരയോടെയാണ് പ്രതിയുടെ നേതൃത്വത്തില്‍ ഇവ കയറ്റിയ വാഹനം തടഞ്ഞു അസഭ്യം വിളിച്ചുകൊണ്ടുഭീഷണിപ്പെടുത്തിയത്. കരാര്‍ ജീവനക്കാരനായ കേശവനെ ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്തു.