Editors Pick
ഇങ്ങനെയും പതാകകളോ? വ്യത്യസ്‌ത ഫ്ലാഗുള്ള ലോകരാജ്യങ്ങൾ ഇവയാണ്...
മനുഷ്യർ ഇടംപിടിച്ചിരിക്കുന്ന ചുരുക്കം ചില ദേശീയ പതാകകളിൽ ഒന്നാണ് സെൻട്രൽ അമേരിക്കൻ രാജ്യമായ ബെലീസിൻ്റെത്.
ദേശീയപതാക ഒരു രാജ്യത്തെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്. ലോകത്തിനുമുന്നിൽ അവരുടെ അടയാളമാണ് പതാകകൾ. നിറംകൊണ്ടും ഉള്ളടക്കംകൊണ്ടും അവയെല്ലാം വ്യത്യസ്‌താണ്.അപ്പോഴും മിക്ക രാജ്യങ്ങളുടെയും പതാകകൾ ചതുരാകൃതിയിൽ ആയിരിക്കുകയും ചെയ്യും. എന്നാൽ ആകൃതി, രൂപം, നിറം, ഉള്ളടക്കം എന്നിവ കൊണ്ടെല്ലാം വളരെ വ്യത്യസ്‌തമായിരിക്കുന്ന ചില പതാകകളുള്ള രാജ്യങ്ങളുണ്ട്. അവയെ പരിചയപ്പെടാം.
നേപ്പാളിൻ്റെ പതാക
ലോകത്തിലെ ഏക ചതുർഭുജമല്ലാത്ത ദേശീയ പതാകയാണ് നേപ്പാളിൻ്റെ പതാക. ഇരട്ട പെന്നൺ എന്നറിയപ്പെടുന്ന രണ്ട് തോരണങ്ങൾ കൊണ്ടാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. കടുംചുവപ്പും നീലയുമാണ് നിറം. കടും ചുവപ്പ് ധീരതയുടെ പ്രതീകമാണ്. ഇത് നേപ്പാളിൻ്റെ ദേശീയ പുഷ്പമായ റോഡോഡെൻഡ്രോണിൻ്റെ നിറത്തെയും പ്രതിനിധീകരിക്കുന്നു. അതേസമയം നീല നിറത്തിലുള്ള ബോർഡർ സമാധാനത്തെ സൂചിപ്പിക്കുന്നു. പതാകയിലെ ചിഹ്നങ്ങളായ സൂര്യനും ചന്ദ്രക്കലയ്ക്കും ഒപ്പം 1962 വരെ, മനുഷ്യ മുഖങ്ങളുമുണ്ടായിരുന്നു. പിന്നീട് അവ നീക്കം ചെയ്തു.
ബെലീസിന്റെ പതാക
മനുഷ്യർ ഇടംപിടിച്ചിരിക്കുന്ന ചുരുക്കം ചില ദേശീയ പതാകകളിൽ ഒന്നാണ് സെൻട്രൽ അമേരിക്കൻ രാജ്യമായ ബെലീസിൻ്റെത്. നീല നിറത്തിലുള്ള പതാകയിൽ മധ്യഭാഗത്തെ വൃത്തത്തിലാണ് രണ്ട് മനുഷ്യരുള്ളത്. ഒരു ആഫ്രിക്കൻ വംശജനും ഒരു വെളുത്ത വംശജനും പണിയായുധവുമായി നിൽക്കുന്നതാണ് കൊടിയിലുള്ളത്. ഒരു ബാഡ്‌ജും ഇതിലുണ്ട്.
ഭൂട്ടാൻ്റെ പതാക
ഭൂട്ടാൻ്റെ പതാക അതിൻ്റെ രൂപകൽപ്പനയും നിറങ്ങളും പ്രതീകാത്മകതയും കാരണം വ്യത്യസ്‌തമാണ്. ചതുരാകൃതിയിലുള്ള പതാക കുറുകേ രണ്ടായി തിരിച്ചിരിക്കുന്നു. മുകളിലെ ത്രികോണം മഞ്ഞ നിറവും താഴെയുള്ള ത്രികോണം ഓറഞ്ചുമാണ്. ടിബറ്റബ് ബുദ്ധമത സങ്കൽപ്പത്തിലുള്ള ഇടിമിന്നലിൻ്റെ വ്യാളി (ഡ്രൂക്) മധ്യത്തിലായി നൽകിയിട്ടുണ്ട്. 1947ൽ മേയം ചോയിങ് വാങ്മോ ദോർജി എന്നയാളാണ് പതാക രൂപകൽപ്പന ചെയ്‌തത്.
സ്വിസ് പതാക
ലളിതമായ രൂപംകൊണ്ട് വ്യത്യസ്‌തമായി സ്വിസ് പതാക. സമചതുരാകൃതിയിലുള്ള ലോകത്തിലെ രണ്ട് പതാകകളിൽ ഒന്നാണിത്. മറ്റൊന്ന് വത്തിക്കാൻ സിറ്റിയുടേതാണ്. ചുവന്ന നിറത്തിലുള്ള സ്വിസ് പതാകയിൽ മധ്യത്തിൽ ഒരു വെളുത്ത കുരിശ് പ്രദർശിപ്പിക്കുന്നു. സ്വിസ് ക്രോസ് അല്ലെങ്കിൽ ഫെഡറൽ ക്രോസ് എന്നാണ് ഇത് അറിയപ്പെടുന്നത് .
തുർക്ക്മെനിസ്ഥാൻ പതാക
ലോകത്തിലെ ഏറ്റവും സവിശേഷവും സങ്കീർണ്ണവുമായ പതാകകളിൽ ഒന്നാണ് തുർക്ക്മെനിസ്ഥാൻ പതാക. പച്ചനിറത്തിലുള്ള പതാകയിൽ ചുവപ്പ് നിറത്തിലുള്ള അഞ്ച് പരവതാനി രൂപങ്ങളാണ് പ്രത്യേകത. വെളുത്ത ചന്ദ്രക്കലയും അഞ്ച് നക്ഷത്രങ്ങളും ഇതിലുണ്ട്. ലംബമായാണ് പരവതാനികൾ നൽകിയിരിക്കുന്നത്. രാജ്യത്തെ പ്രശസ്തമായ പരവതാനി വ്യവസായത്തിൻ്റെ പ്രതീകാത്മകമായാണ് ഇവ നൽകിയിരിക്കുന്നത്.