pt usha
ഫ്ലാറ്റ് തട്ടിപ്പ്; പി ടി ഉഷക്കെതിരെ കൂടുതൽ ആരോപണങ്ങളുമായി ജെമ്മ
'പോലീസ് മൊഴിയെടുത്തതല്ലാതെ മറ്റു നടപടികളില്ല'
കോഴിക്കോട് | ഫ്ലാറ്റ് വാങ്ങി നൽകാമെന്ന് വാഗ്‌ദാനം ചെയ്ത് വഞ്ചിച്ച സംഭവത്തിൽ പി ടി ഉഷക്കെതിരെ കൂടുതൽ ആരോപണങ്ങളുമായി ജെമ്മ ജോസഫ്. സ്വകാര്യ ഫ്ലാറ്റ് നിർമാതാവിന്റെ ഇടനിലക്കാരിയായി ഉഷ പ്രവർത്തിച്ചു. ഇതിന്റെ പേരിൽ ഉഷ ചില ആനുകൂല്യങ്ങൾ പറ്റിയെന്നും ജെമ്മ ജോസഫ് ഇന്നലെ കോഴിക്കോട് പ്രസ്സ് ക്ലബിൽ പറഞ്ഞു.
പരാതി നൽകിയെങ്കിലും പോലീസ് ഉഷക്കൊപ്പമാണ്. കേസ് അട്ടിമറിക്കപ്പെടുമോ എന്ന് സംശയമുണ്ട്. വെള്ളയിൽ സ്‌റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മൊഴിയെടുത്തതല്ലാതെ മറ്റു നടപടികളുണ്ടായിട്ടില്ല. തനിക്ക് പണം തിരികെ ലഭിക്കണം അതിനായുള്ള ശ്രമം തുടരും. ഫ്ലാറ്റ് തട്ടിപ്പിനെ കുറിച്ച് ചോദിച്ചപ്പോൾ തന്റെ പേര് പുറത്തുപറഞ്ഞാൽ ശരിയാക്കുമെന്ന് ഉഷ ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്നും ജെമ്മ ജോസഫ് ആരോപിച്ചു.
അടുത്ത സുഹൃത്തായ പി ടി ഉഷയുടെ നിർബന്ധ പ്രകാരമാണ് കോഴിക്കോട് ഫ്ലാറ്റ് വാങ്ങാൻ തീരുമാനിച്ചത്. കരിക്കാംകുളത്തിനും തടമ്പാട്ടുതാഴത്തിനും ഇടയിലുള്ള, “മെലോ ഫൗണ്ടേഷൻ എന്ന കമ്പനിയുടെ “സ്‌കൈവാച്ച്’ ഫ്ലാറ്റ് വാങ്ങാൻ 46 ലക്ഷം രൂപയാണ് ഉടമയായ ആർ മുരളീധരൻ വാങ്ങിയത്. 1,012 സ്‌ക്വയർ ഫീറ്റ് മാത്രമുള്ള ഫ്ലാറ്റിനാണ് വൻതുക വാങ്ങിയത്. കോഴിക്കോട്ട് അന്വേഷിച്ചപ്പോൾ ഈ അപ്പാർട്ട്‌മെന്റിലെ അപൂർവം ഫ്ലാറ്റുകൾ മാത്രമാണ് വിറ്റുപോയതെന്നാണ് അറിയാൻ കഴിഞ്ഞത്. സൗകര്യങ്ങളുള്ള മെച്ചപ്പെട്ട ഫ്ലാറ്റാണെന്ന് ഉഷ ഉറപ്പു നൽകിയിരുന്നു. പണം കൊടുക്കുന്നതിന് മുമ്പ് പല തവണ ഫ്ലാറ്റ് കാണാൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നെങ്കിലും ഉഷ പല കാരണങ്ങൾ പറഞ്ഞ് മുടക്കുകയായിരുന്നു. മാർച്ച് എട്ടിന് രണ്ട് ലക്ഷത്തിന്റെയും 15ന് 44 ലക്ഷത്തിന്റെയും ചെക്ക് നെയ്‌വേലിയിലെ വീട്ടിൽ വന്ന് ഉടമ മുരളീധരൻ വാങ്ങിയിരുന്നു. 35,000 രൂപ മാസവാടക തരാമെന്നും ഇരുവരും വാഗ്‌ദാനം നൽകിയിരുന്നു. എന്നാൽ, ഏപ്രിൽ 15ന് ഫ്ലാറ്റ് രജിസ്റ്റർ ചെയ്ത് തരാമെന്ന് പറഞ്ഞ ഇവർ പിന്നീട് വഞ്ചിക്കുകയായിരുന്നു. രജിസ്‌ട്രേഷൻ ചെയ്യാതെ നീട്ടിക്കൊണ്ടുപോകുക മാത്രമല്ല വാഗ്‌ദാനം ചെയ്ത വാടകയും നൽകിയില്ല. കരാറിന് വിരുദ്ധമായ പ്രവൃത്തിയാണ് നടത്തിയത്. തുടക്കത്തിൽ ഫ്ലാറ്റിന്റെ കാര്യങ്ങളും മറ്റും നിരന്തരം ഫോണിലൂടെ സംസാരിച്ചിരുന്ന ഉഷ പിന്നീട് കൈയൊഴിഞ്ഞതായും ജെമ്മ പറഞ്ഞു.