Uae
വടക്കേ ഇന്ത്യന്‍ നഗരങ്ങളില്‍ നിന്ന് ഗള്‍ഫിലേക്കുള്ള വിമാനങ്ങള്‍ ബദല്‍ മാര്‍ഗം തേടി
ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ 26 സാധാരണക്കാരുടെ ജീവന്‍ അപഹരിച്ച ഭീകരാക്രമണ പശ്ചാത്തലത്തിലാണിത്.

ദുബൈ| പാകിസ്ഥാന്‍, ഇന്ത്യയിലേക്കുള്ള വ്യോമപാത അടച്ചത് കാരണം വടക്കേ ഇന്ത്യന്‍ നഗരങ്ങളിലേക്ക് യു എ ഇയില്‍ നിന്നും തിരിച്ചും വേറെ പാത തേടിയതായി ഇന്ത്യന്‍ ബജറ്റ് എയര്‍ലൈനറുകള്‍ അറിയിച്ചു. ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ 26 സാധാരണക്കാരുടെ ജീവന്‍ അപഹരിച്ച ഭീകരാക്രമണ പശ്ചാത്തലത്തിലാണിത്. ഡല്‍ഹി പോലുള്ള പ്രധാന നഗരങ്ങളില്‍ നിന്നും വടക്കേ ഇന്ത്യയിലെ മറ്റ് ലക്ഷ്യസ്ഥാനങ്ങളില്‍ നിന്നും പുറപ്പെടുന്ന വിമാനങ്ങള്‍ക്ക് ഈ ബദല്‍ വിമാന പാതകള്‍ കാരണം യാത്രാ സമയം വര്‍ധിക്കും. ഈ റൂട്ടുകളിലെ വിമാന നിരക്കുകളില്‍ ഹ്രസ്വകാല വര്‍ധനവ് ഉണ്ടായേക്കാം. ഇത് എട്ട് ശതമാനം മുതല്‍ 12 ശതമാനം വരെ ആയിരിക്കുമെന്ന് കണക്കാക്കപ്പെടുന്നു. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് വിമാനങ്ങള്‍ വഴിതിരിച്ചുവിടുന്നതെന്ന് ആകാശ എയര്‍ സ്ഥിരീകരിച്ചു.
‘പാകിസ്ഥാന്‍ വ്യോമാതിര്‍ത്തിയിലൂടെയുള്ള എല്ലാ വിമാനങ്ങളും വഴിതിരിച്ചുവിടാന്‍ മുന്‍കൂട്ടി തീരുമാനിച്ചു.’ എയര്‍ലൈന്‍ പറഞ്ഞു. ഈ ക്രമീകരണം തങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ കാര്യമായ സ്വാധീനം ചെലുത്തുകയോ യാത്രക്കാര്‍ക്ക് അസൗകര്യം ഉണ്ടാക്കുകയോ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനികളായ എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും കാലതാമസം റിപ്പോര്‍ട്ട് ചെയ്തു. ‘വടക്കേ അമേരിക്ക, യു കെ, യൂറോപ്പ്, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളിലേക്കോ അവിടെ നിന്ന് പുറപ്പെടുന്നതോ ആയ ചില എയര്‍ ഇന്ത്യ വിമാനങ്ങള്‍ ബദല്‍ ദീര്‍ഘിപ്പിച്ച റൂട്ട് തിരഞ്ഞെടുത്തു.’ എയര്‍ ഇന്ത്യ പറഞ്ഞു.
ഇന്‍ഡിഗോയുടെ അന്താരാഷ്ട്ര പ്രവര്‍ത്തനങ്ങളെയും ഇത് ബാധിച്ചു. ‘പാകിസ്ഥാന്റെ വ്യോമാതിര്‍ത്തി അടച്ചുപൂട്ടല്‍ പ്രഖ്യാപനം കാരണം, ഞങ്ങളുടെ ചില അന്താരാഷ്ട്ര വിമാനങ്ങളെ ബാധിച്ചു.’ എയര്‍ലൈന്‍ വൃത്തങ്ങള്‍ പറഞ്ഞു. ജമ്മു കശ്മീരില്‍ നിന്ന് കുടുങ്ങിക്കിടക്കുന്ന വിനോദസഞ്ചാരികളെ തിരിച്ചുകൊണ്ടുവരാന്‍, ശ്രീനഗര്‍ വിമാനത്താവളവുമായി ബന്ധിപ്പിച്ച് എട്ട് അധിക സര്‍വീസുകള്‍ ഉള്‍പ്പെടെ 110 വിമാനങ്ങള്‍ സര്‍വീസ് നടത്തിയതായി ഇന്ത്യന്‍ സിവില്‍ ഏവിയേഷന്‍ മന്ത്രാലയം അറിയിച്ചു.