flight
തിങ്കൾ മുതൽ വിമാനങ്ങൾ ഹൗസ്ഫുള്ളാകും
ഈ മാസം 18 മുതൽ പൂർണശേഷിയിൽ വിമാന കമ്പനികൾക്ക് യാത്രക്കാരെ ഉൾപ്പെടുത്താമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചു
ന്യൂഡൽഹി | കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ ആഭ്യന്തര വിമാനങ്ങളിൽ ഏർപ്പെടുത്തിയ സീറ്റ് നിയന്ത്രണം ഒഴിവാക്കി. ഈ മാസം 18 മുതൽ പൂർണശേഷിയിൽ വിമാന കമ്പനികൾക്ക് യാത്രക്കാരെ ഉൾപ്പെടുത്താമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചു. രാജ്യത്തെ കൊവിഡ് സാഹചര്യം അവലോകനം ചെയ്തതിന് ശേഷമാണ് കമ്പനികളുടെയും യാത്രക്കാരുടെയും ആവശ്യം പരിഗണിച്ച് മൂഴുവൻ സീറ്റിലും യാത്രക്ക് അനുമതി നൽകിയതെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം വ്യക്തമാക്കി.
കൊവിഡിനെ തുടർന്ന് നിലവിൽ ആഭ്യന്തര വിമാനങ്ങൾ 85 ശതമാനം സീറ്റിൽ മാത്രമാണ് യാത്രക്കാരെ അനുവദിച്ചിരുന്നത്. ഘട്ടം ഘട്ടമായാണ് യാത്രക്കാരുടെ എണ്ണം വർധിപ്പിച്ചത്. ആദ്യ ലോക്ക്ഡൗണിന് ശേഷം വിമാന സർവീസ് പുനരാരംഭിച്ചപ്പോൾ 33 ശതമാനം സീറ്റിൽ മാത്രമാണ് യാത്ര അനുവദിച്ചിരുന്നത്. പിന്നീട് എൺപത് ശതമാനമാക്കി. കൊവിഡ് രണ്ടാം തരംഗ സമയത്ത് അമ്പത് ശതമാനമാക്കി കുറച്ചു. ശേഷം 65 ശതമാനമാക്കി. പിന്നീട് 72.5 ശതമാനമായും 85 ശതമാനമായും ഉയർത്തി. സാഹചര്യം മെച്ചപ്പെട്ടുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നൂറ് ശതമാനമാക്കിയത്.