Malappuram
ഫ്ലോട്ടിംഗ് ബ്രിഡ്ജ് താനൂർ ഒട്ടുമ്പുറം തൂവൽതീരത്തും
രാവിലെ 10 മുതൽ വൈകിട്ട് 6.45 വരെയാണ് പ്രവേശനം. 120 രൂപയാണ് പ്രവേശന ഫീസ്.
താനൂർ | താനൂർ ഒട്ടുമ്പുറം തൂവൽതീരം ബീച്ചിൽ എത്തിയാൽ തിരമാലകൾക്ക് മുകളിലൂടെ കടലിലേക്ക് നടക്കാം. സാഹസിക ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ മുൻകൈയെടുത്താണ് ഫ്ലോട്ടിംഗ് ബ്രിഡ്ജ് അഥവാ പൊങ്ങി ഒഴുകുന്ന പാലത്തിലൂടെയുള്ള സവാരിക്ക് തുടക്കം കുറിക്കുന്നത്.
ഒട്ടുമ്പുറം ബീച്ചിൽ കടലിലേക്ക് 100 മീറ്ററോളം കാൽനടയായി സവാരി ചെയ്യാൻ കഴിയുന്ന രീതിയിൽ പാലം നിർമിച്ച് നടത്തുന്നതിനുള്ള കരാർ ഏറ്റെടുത്തിട്ടുള്ളത് തൂവൽ തീരം അമ്യൂസ്മെൻറ് പ്രൈവറ്റ് ലിമിറ്റഡാണ്.
രാവിലെ 10 മുതൽ വൈകിട്ട് 6.45 വരെയാണ് പ്രവേശനം. 120 രൂപയാണ് പ്രവേശന ഫീസ്. സുരക്ഷാക്രമീകരണങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി സുരക്ഷാ ബോട്ടുകളും ലൈഫ് ജാക്കറ്റുകളും കൂടാതെ ലൈഫ് ഗാർഡ്, മത്സ്യത്തൊഴിലാളികൾ എന്നിവരുടെ സേവനവും ഉപയോഗപ്പെടുത്തുന്നുണ്ട്.
പാലത്തിനെ 7000 കിലോ ഭാരമുള്ള നങ്കൂരം ഉപയോഗിച്ച് ഉറപ്പിച്ച് നിർത്തി സുരക്ഷിതമാക്കും. ഫൈബർ എച്ച് ഡി പി ഇ വിദേശ നിർമിത പാലത്തിൽ ഇന്റർലോക്ക് മാതൃകയിൽ കട്ടകൾ ലോക്ക് ചെയ്ത് അടുക്കിവെച്ചാണ് കടൽ പരപ്പിന് മുകളിൽ യാത്ര ചെയ്യാനുതകുന്ന രീതിയിൽ സജ്ജീകരിക്കുന്നത്.
മൂന്ന് മീറ്റർ വീതിയിൽ രണ്ടുഭാഗത്തും സ്റ്റീൽ കൈവരികളോടെ നിർമിച്ചിട്ടുള്ള പാതയുടെ അവസാനഭാഗത്ത് 11 മീറ്റർ നീളവും ഏഴ് മീറ്റർ വീതിയിലും ഒഴുകുന്ന സൈറ്റ് സീയിംഗ് പ്ലാറ്റ്ഫോമും നിർമിച്ചിട്ടുണ്ട്. ഇതിൽനിന്നും കടലിന്റെ ആവാസവ്യവസ്ഥയും തിരമാലകളുടെ പ്രതിഭാസങ്ങളും അനുഭവിച്ചറിയാം.
മൂന്ന് വയസ്സിൽ താഴെയുള്ള കുട്ടികൾക്കും പ്രായമായവർക്കും ഭിന്നശേഷിക്കാർക്കും ലഹരി ഉപയോഗിച്ചവർക്കും പ്രവേശനം അനുവദിക്കുകയില്ലെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.