Uae
ഫ്ലോട്ടിംഗ് സ്മാർട്ട് പോലീസ് സ്റ്റേഷൻ 2026 അവസാനത്തോടെ
ക്രിമിനൽ റിപ്പോർട്ടുകൾ ഫയൽ ചെയ്യൽ, നഷ്ടപ്പെട്ട വസ്തുക്കൾ സമർപ്പിക്കൽ, സർട്ടിഫിക്കറ്റുകൾക്കും പെർമിറ്റുകൾക്കും വേണ്ടിയുള്ള അഭ്യർഥനകൾ സ്വീകരിക്കൽ എന്നിവ ഉൾപ്പെടെ പ്രധാന സ്മാർട്ട് സേവനങ്ങൾ വാഗ്ദാനം ചെയ്യും.
ദുബൈ | ദുബൈയിൽ കടലിൽ ക്രമസമാധാന പാലനത്തിന് ഫ്ലോട്ടിംഗ് സ്മാർട്ട് പോലീസ് സ്റ്റേഷൻ 2026 അവസാനത്തോടെ പ്രവർത്തനക്ഷമമാകുമെന്ന് പോലീസ് അറിയിച്ചു. 200 കോടി ദിർഹം മൂല്യമുള്ള പദ്ധതികളുടെ ഭാഗമായാണ് ഫ്ലോട്ടിംഗ് സ്മാർട്ട് പോലീസ് സ്റ്റേഷൻ. ക്രിമിനൽ റിപ്പോർട്ടുകൾ ഫയൽ ചെയ്യൽ, നഷ്ടപ്പെട്ട വസ്തുക്കൾ സമർപ്പിക്കൽ, സർട്ടിഫിക്കറ്റുകൾക്കും പെർമിറ്റുകൾക്കും വേണ്ടിയുള്ള അഭ്യർഥനകൾ സ്വീകരിക്കൽ എന്നിവ ഉൾപ്പെടെ പ്രധാന സ്മാർട്ട് സേവനങ്ങൾ വാഗ്ദാനം ചെയ്യും.
പുതിയ സ്മാർട്ട് പോലീസ് സ്റ്റേഷന്റെ സേവനങ്ങൾ ആറ് ഭാഷകളിൽ ലഭ്യമാണ്. ക്രിമിനൽ, ട്രാഫിക്, മറ്റ് കാര്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട 27 പ്രാഥമിക സേവനങ്ങളുടെ പാക്കേജും 33 അനുബന്ധ സേവനങ്ങളും ലഭ്യമാകുന്നുണ്ട്. ഇതെല്ലാം ഫ്ലോട്ടിംഗ് സ്റ്റേഷനിൽ പ്രതീക്ഷിക്കാം. മിഡിൽ ഈസ്റ്റിലെ ഇത്തരത്തിലുള്ള ആദ്യ സ്റ്റേഷനാണിത്. ദ്വീപ് നിവാസികൾക്കും കടൽ യാത്രക്കാർക്കും സൗകര്യപ്രദമാകും.ദുബൈയിൽ എല്ലാ മേഖലകളിലും പ്രത്യേകിച്ച് ദ്വീപുകളിൽ സ്മാർട്ട് സേവനങ്ങൾ നൽകാനുള്ള ദുബൈ പോലീസിന്റെ ആസൂത്രണവുമായി ഇത് യോജിക്കുന്നു.
എമിറേറ്റിൽ സ്മാർട്ട് പോലീസ് സ്റ്റേഷനുകളുടെ നാലാമത്തെ പതിപ്പാണിത്. ഇത് “എസ് പി എസ്’ എന്ന പേരിൽ അറിയപ്പെടും. “ഡ്രൈവ്-ത്രൂ’ സ്മാർട്ട് പോലീസ് സ്റ്റേഷൻ, “വാക്ക്-ഇൻ’ സ്മാർട്ട് പോലീസ് സ്റ്റേഷൻ എന്നിവയുടെ തുടർച്ചയാണിതെന്ന് പോലീസിലെ അസറ്റ് ആൻഡ് ഫെസിലിറ്റിസ് മാനേജ്മെന്റ് ഡയറക്ടർ ലെഫ്റ്റനന്റ്കേണൽ ഫൈസൽ അൽ തമീമി പറഞ്ഞു.