Travelogue
ദാലിലെ ഒഴുകും പച്ചക്കറി ചന്ത
നേർത്ത വെളിച്ചത്തിൽ തുഴച്ചിൽ ശബ്ദങ്ങൾ മാത്രം.ഞങ്ങളുടെ താമസ കേന്ദ്രത്തിൽ നിന്നും 40 മിനുട്ട് മാത്രമാണ് ഈ മാർക്കറ്റിലേക്കുള്ള ദൂരം. ദാൽ ലൈക്കിൽ തന്നെ വിളയിച്ചെടുത്ത പച്ചക്കറികളാണ് ഇവിടെ വിൽപ്പന നടത്തുന്നത്. ഇവിടെയുള്ള താമസക്കാർ അവരുടെ തോണിയിലെത്തി പച്ചക്കറികൾ വാങ്ങും. കാവ വിൽക്കുന്നവരും സഞ്ചാരികളെ ലക്ഷ്യമിട്ടെത്തുന്ന കരകൗശല വിൽപ്പനക്കാരും കൂടിച്ചേർന്നതോടെ മാർക്കറ്റ് സജീവമായി. തോണിയിലിരുന്ന് തന്നെ മണിക്കൂറുകളോളം കച്ചവടം നടത്തുന്ന മനോഹരവും വ്യത്യസ്തവുമാണ് ഈ കാഴ്ചകൾ.
ഓരോ കാലാവസ്ഥയിലും വ്യത്യസ്തമായ കാഴ്ചകൾ സമ്മാനിക്കുന്ന ഇടമാണ് കശ്മീർ. അഫർവത്തും ആൽപ്പത്തറും ഗുണ്ടോറിയും മഞ്ഞിൻ പറുദീസയായ ഗുൽമാർഗും ശാന്തസുന്ദരമായ താടാകങ്ങളും വനങ്ങളും നയന മനോഹരമായ ലിഡ്ഡർ നദിയും ആപ്പിളും അക്രൂട്ടും യഥേഷ്ടം വിളവിടുന്ന ആട്ടിടയന്മാരുടെ പഹൽഗാമും മലയിടുക്കുകളും താഴ്്വരകളും കൊണ്ട് സമ്പന്നമായ സോനാമർഗും തണുത്തുറഞ്ഞ ഝലം നദിയും ദാൽ താടാകത്തിലെ കാഴ്ചകളും കശ്മീരീ നഗരക്കാഴ്ചകളും അങ്ങനെ അങ്ങനെ നിരവധിയായ നയനാനന്ദകരമായ കുളിർമ കശ്മീരിലുണ്ട്. ഇവിടുത്തെ വ്യത്യസ്തവും മനോഹരവുമായ കാഴ്ചകളിലൊന്നാണ് ദാൽ തടാകത്തിലെ ഒഴുകുന്ന പച്ചക്കറി മാർക്കറ്റ്.
പുലർച്ചെ നാലരയോടെയാണ് കശ്മീരിലെ ദാൽ ലൈക്കിലെ അത്ഭുതകരമായി തോന്നുന്ന ഒഴുകുന്ന പച്ചക്കറി ചന്തയിൽ ഞങ്ങൾ മൂന്ന് പേരുടെയും യാത്ര എത്തിച്ചേർന്നത്. എങ്ങും നിശബ്ദത. ചെറിയ വെളിച്ചത്തിൽ തുഴച്ചിൽ ശബ്ദങ്ങൾ മാത്രം. ഞങ്ങളുടെ താമസ കേന്ദ്രത്തിൽ നിന്നും 40 മിനുട്ട് മാത്രമാണ് ഈ മാർക്കറ്റിലേക്കുള്ള ദൂരം. ദാൽ ലൈക്കിൽ തന്നെ വിളയിച്ചെടുത്ത പച്ചക്കറികളാണ് ഇവിടെ വിൽപ്പന നടത്തുന്നത്.
ഇവിടെയുള്ള താമസക്കാർ അവരുടെ തോണിയിലെത്തി പച്ചക്കറികൾ വാങ്ങും. കാവ വിൽക്കുന്നവരും സഞ്ചാരികളെ ലക്ഷ്യമിട്ടെത്തുന്ന കരകൗശല വിൽപ്പനക്കാരും കൂടിച്ചേർന്നതോടെ മാർക്കറ്റ് സജീവമായി. തോണിയിലിരുന്ന് തന്നെ മണിക്കൂറുകളോളം കച്ചവടം നടത്തുന്ന മനോഹരവും വ്യത്യസ്തവുമായ കാഴ്ചകൾ ജീവിതത്തിൽ ഒരിക്കലെങ്കിലും ആസ്വദിക്കണം.
ഈയൊരു കാഴ്ച കാണാൻ വിദേശികൾ അടക്കം നിരവധി സഞ്ചാരികൾ ഇങ്ങോട്ടേക്കെത്താറുണ്ട്. ഒരു മണിക്കൂറോളം ഈ കാഴ്ചകൾ കണ്ടിരുന്നു. ഇടക്ക് കാവയും കുടിച്ചു. ഏറെ രുചികരമായിരുന്നു പ്രത്യേക കൂട്ടുകളിടങ്ങിയ കാവ. 200 രൂപയാണ് വില!. തിരികെ വരുമ്പോൾ വള, മാല, പേഴ്‌സ്, കുട്ടികളുടെ കളിപ്പാട്ടങ്ങളുമൊക്കെ വിൽക്കുന്നവർ ശിക്കാരയിൽ ഞങ്ങളുടെ അടുത്തേക്കെത്തി. കാഴ്ചകളെല്ലാം ആസ്വദിച്ച് തിരികെ ദാൽ ലൈക്കിലെ തന്നെ ഹൗസ്‌ബോട്ടിലേക്ക്.
ദാൽ ലൈക്കിലെത്തുന്നവരെല്ലാം ഒഴുകുന്ന പച്ചക്കറി മാർക്കറ്റ് കാണാൻ ശ്രമിക്കുക. ഒരുകാര്യം പ്രത്യേകം ശ്രദ്ധിക്കണം, പുലർച്ചെ അഞ്ച് മണിക്കെങ്കിലും പോയാൽ മാത്രമേ ഈ കാഴ്ചകൾ ആസ്വദിക്കാൻ സാധിക്കുകയുള്ളൂ.