Connect with us

National

ചെന്നൈയില്‍ പ്രളയം; 118 ട്രെയിനുകള്‍ റദ്ദാക്കി

ചെന്നൈ അടക്കം ആറ് ജില്ലകള്‍ക്ക് ഇന്ന് പൊതു അവധിയാണ്.

Published

|

Last Updated

ചെന്നൈ| പ്രളയത്തില്‍ മുങ്ങി ചെന്നൈ നഗരം. ഭൂരിഭാഗം റോഡുകളും വെള്ളത്തിനടിയിലാണെന്ന് റിപ്പോര്‍ട്ട്. നഗരത്തിലെ അണ്ടര്‍ ബൈപാസുകള്‍ അടച്ചു. ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു. ചെന്നൈ തീരത്തെ മിഗ്ജൗമ് ചുഴലിക്കാറ്റ് പ്രവചനത്തിന്റെ പശ്ചാത്തലത്തില്‍ വിവിധ ട്രെയിന്‍- വിമാന സര്‍വീസുകള്‍ റദ്ദാക്കി.

ചെന്നൈ അടക്കം ആറ് ജില്ലകള്‍ക്ക് ഇന്ന് പൊതു അവധിയാണ്. ദേശീയ ദുരന്തനിവാരണ സേനയും സംസ്ഥാന ദുരന്തനിവാരണ സേനയും സജ്ജമാണെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ അറിയിച്ചു. ചെന്നൈയില്‍ നിന്നുള്ള 20 വിമാന സര്‍വീസുകള്‍ റദ്ദാക്കി. 26 വിമാന സര്‍വീസുകള്‍ വൈകും.

വന്ദേ ഭാരത് അടക്കം കേരളത്തില്‍ നിന്ന് ചെന്നൈയിലേക്കുള്ള ആറ് ട്രെയിനുകള്‍ കൂടി റദ്ദാക്കി. 118 ട്രെയിനുകളാണ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ റദ്ദാക്കിയിരിക്കുന്നത്. ഇതില്‍ കേരളത്തില്‍ നിന്നും കേരളത്തിലേക്കുമുള്ള അഞ്ച് ട്രെയിനുകളും ഉള്‍പ്പെടുന്നു. വൈകിട്ട് വരെ മഴ തുടരുമെന്ന് മുന്നറിയിപ്പില്‍ പറയുന്നത്. അത്യാവശ്യത്തിന് മാത്രമേ പുറത്തിറങ്ങാവൂ എന്ന് മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.

സ്വകാര്യ സ്ഥാപനങ്ങളില്‍ വര്‍ക്ക് ഫ്രേം ഹോം സംവിധാനം ഏര്‍പ്പെടുത്തി. ദുരിദാശ്വാസ ക്യാമ്പുകളും തുറന്നു. ഇന്നലെ രാത്രി പെയ്ത കനത്തമഴയില്‍ ചെന്നൈ നഗരത്തില്‍ പലയിടത്തും വെള്ളം കയറി. ചെന്നൈ അടക്കം നാല് ജില്ലകളില്‍ റെഡ് അലേര്‍ട്ട് നിലനില്‍ക്കുകയാണ്. തമിഴ്‌നാട് തീരത്ത് മത്സ്യബന്ധനം പൂര്‍ണമായി വിലക്കി. ചെന്നൈ, തിരുവള്ളൂര്‍, ചെങ്കല്‍പ്പെട്ട്, കാഞ്ചീപുരം, റാണിപ്പെട്ട്, വിഴുപ്പുറം ജില്ലകളില്‍ പൊതു അവധിയാണ്.

 

 

 

Latest