Connect with us

National

അസമിലെ കല്‍ക്കരി ഖനിയിലെ വെള്ളപ്പൊക്കം; ഒരു മൃതദേഹം കണ്ടെടുത്തു

300 അടി താഴ്ചയുള്ള കല്‍ക്കരി ഖനിയില്‍ എട്ട് തൊഴിലാളികളാണ് കുടുങ്ങി കിടക്കുന്നത്.

Published

|

Last Updated

ഗുവാഹത്തി|അസമിലെ ദിമാ ഹസാവോ ജില്ലയിലെ ഉമറാങ്സോ മേഖലയിലുള്ള കല്‍ക്കരി ഖനിയിലുണ്ടായ വെള്ളപ്പൊക്കത്തില്‍ ഒരു മൃതദേഹം കണ്ടെത്തി. 48 മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. 300 അടി താഴ്ചയുള്ള കല്‍ക്കരി ഖനിയില്‍ എട്ട് തൊഴിലാളികളാണ് കുടുങ്ങി കിടക്കുന്നത്. സൈന്യത്തിന്റെ നേതൃത്വത്തില്‍ കുടുങ്ങി കിടക്കുന്ന തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

ഖനിയില്‍ തിങ്കളാഴ്ച്ച രാവിലെയോടെയാണ് വെള്ളം കയറിയത്. മൂന്നുറടിയോളം താഴ്ച്ചയുള്ള ഖനിയില്‍ നൂറടി താഴ്ച്ചയില്‍ വരെ വെള്ളം കയറിയെന്ന് അധികൃതര്‍ പറഞ്ഞു. ഇന്ത്യയില്‍ നിരോധിച്ച ഖനനരീതിയായ ‘റാറ്റ് ഹോള്‍ മൈനിങ്’രീതി തൊഴിലാളികള്‍ പിന്തുടര്‍ന്നതാണ് അപകടകാരണമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

നിയമവിരുദ്ധമായി ഖനി പ്രവര്‍ത്തിച്ചതിനും ഇന്ത്യയില്‍ നിരോധിച്ച ഖനനരീതി പിന്തുടര്‍ന്നതിനും ഒരാളെ പോലീസ് അറസ്റ്റ് ചെയ്തതായി അസം മുഖ്യമന്ത്രി ഹിമന്ത് ബിശ്വശര്‍മ്മ പറഞ്ഞു. ഇയാള്‍ക്ക് എതിരെ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യക്ക് കേസെടുത്തിട്ടുണ്ട്. 21 പാരാ ഡൈവര്‍മാരാണ് രക്ഷാപ്രവര്‍ത്തനത്തിനുള്ളത്. സൈന്യവും എന്‍ഡിആര്‍എഫും ഖനിയില്‍ ഇറങ്ങിയതോടെ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി നടക്കുന്നുണ്ടെന്നും അസം മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കൂടുതല്‍ സാങ്കേതികവിദ്യകളുള്ള പമ്പുകള്‍ സ്ഥലത്തെത്തിക്കും. പരമാവധി വെള്ളം പമ്പ് ചെയ്ത് കളഞ്ഞ് രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കാനാണ് ലക്ഷ്യം. പ്രദേശത്തെ മഴ രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമാകാന്‍ സാധ്യതയുള്ളതിനാല്‍ ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷന്റെ ഒരു ഡി-വാട്ടറിംഗ് പമ്പും ഉടന്‍ എത്തിക്കും.

 

 

Latest