National
സിക്കിമില്‍ പ്രളയവും മണ്ണിടിച്ചിലും; ആറുപേര്‍ മരിച്ചു
1,500ഓളം ടൂറിസ്റ്റുകള്‍ മണ്ണിടിഞ്ഞ ഭാഗത്ത് കുടുങ്ങിപ്പോയതായാണ് വിവരം.
ഗാങ്‌ടോക് | വടക്കന്‍ സിക്കിമിലെ മന്‍ഗന്‍ ജില്ലയില്‍ പ്രളയത്തെ തുടര്‍ന്നുണ്ടായ വന്‍ മണ്ണിടിച്ചിലില്‍ ആറുപേര്‍ മരിച്ചു. 1,500ഓളം ടൂറിസ്റ്റുകള്‍ മണ്ണിടിഞ്ഞ ഭാഗത്ത് കുടുങ്ങിപ്പോയതായാണ് വിവരം.
മന്‍ഗന്‍, യോന്‍ഗു, ചുങ്താങ് പ്രദേശങ്ങളെ തമ്മില്‍ ബന്ധിപ്പിച്ചു കൊണ്ട് സാങ്കലങില്‍ പുതുതായി നിര്‍മിച്ച ബെയ്‌ലി പാലം പ്രളയത്തില്‍ തകര്‍ന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ തീസ്ത നദിയിലുണ്ടായ കടുത്ത വെള്ളപ്പൊക്കത്തില്‍ തകര്‍ന്ന ബെയ്‌ലി പാലം പിന്നീട് പുതുക്കി പണിയുകയായിരുന്നു.
നിരവധി വീടുകള്‍ വെള്ളത്തിനടിയിലാവുകയോ തകരുകയോ ചെയ്തു. മണ്ണിടിച്ചിലില്‍ റോഡ് ഗതാഗതം തടസ്സപ്പെട്ടു. വൈദ്യുതി പോസ്റ്റുകള്‍ ശക്തമായ ജലപ്രവാഹത്തില്‍ ഒലിച്ചുപോയി.
പ്രളയവും മണ്ണിടിച്ചിലും കാരണം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ യോന്‍ഗു, ചുങ്താങ്, ലാച്ചെന്‍, ലാച്ചുങ്, മന്‍ഗന്‍ തുടങ്ങിയ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ രാജ്യത്തെ മറ്റ് ഭാഗങ്ങളില്‍ നിന്ന് വിച്ഛേദിക്കപ്പെട്ട നിലയിലാണ്.
പ്രകൃതിക്ഷോഭത്തെ തുടര്‍ന്ന് പ്രാന്തവത്കരിക്കപ്പെട്ടവര്‍ക്ക് പാക്ഷെപ് പ്രദേശത്ത് സജ്ജീകരിച്ച ദുരിതാശ്വാസ ക്യാമ്പില്‍ അഭയമൊരുക്കിയതായി മന്‍ഗന്‍ ജില്ലാ കലക്ടര്‍ ഹേം കുമാര്‍ ഛേത്രി അറിയിച്ചു. മന്‍ഗന്‍ ജില്ലയിലുടനീളം കഴിഞ്ഞ് ബുധനാഴ്ച രാത്രി മുതല്‍ കനത്ത മഴ പെയ്തതിനു പിന്നാലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന് ജില്ലാ കലക്ടര്‍ ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാനും ഏകോപിപ്പിക്കാനും ഉദ്യോഗസ്ഥര്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.