International
ഓസ്‌ട്രേലിയയിൽ പ്രളയം; ക്വീൻസ്‌ലാൻഡ് വെള്ളത്തിൽ
പ്രശ്നബാധിത പ്രദേശമായ ക്വീൻസ് ലാൻഡിൽ നിന്ന് 1000ഓളം പേരെ ഒഴിപ്പിച്ചു.
സിഡ്‌നി | വടക്കുകിഴക്കൻ ഓസ്‌ട്രേലിയയിൽ കനത്ത മഴയും വെള്ളപ്പൊക്കവും. ഒഴുക്കിൽപ്പെട്ട് 63 വയസുകാരി മരിച്ചു. മഴ ശക്തമായി തുടരുന്നതിനാൽ ജലനിരപ്പ് അതിവേഗം ക്രമാതീതമായി ഉയരുന്നതായാണ് റിപ്പോർട്ട്. ചെളിയിലും വെള്ളക്കെട്ടിലും വ്യാപാര സ്ഥാപനങ്ങളും വീടുകളും മുങ്ങിയ നിലയിലാണ്.
വീടുകളിലേക്കുള്ള വൈദ്യുതി വിച്ഛേദിച്ചു. പ്രശ്നബാധിത പ്രദേശമായ ക്വീൻസ് ലാൻഡിൽ നിന്ന് 1000ഓളം പേരെ ഒഴിപ്പിച്ചു. ക്വീൻസ്‌ലാൻഡിന്‍റെ ചില ഭാഗങ്ങളിൽ രണ്ട് ദിവസത്തിനുള്ളിൽ ഒരു മീറ്ററിലധികം മഴ പെയ്തു. വീടുകളും വ്യാപാര സ്ഥാപനങ്ങളും റോഡുകളും ചെളിവെള്ളത്തിൽ മുങ്ങിയതായി അധികൃതർ പറഞ്ഞു.
കനത്ത മഴയെയും വെള്ളപ്പൊക്കത്തെയും തുടർന്ന് പ്രദേശത്തെ പ്രധാന ഹൈവേ തകർന്നു. ഇതോടെ ഗതാഗത സംവിധാനങ്ങൾ താറുമാറായി. ക്വീൻസ് ലാൻഡിൽ മഴക്കെടുതിയിൽ ഒറ്റപ്പെട്ടുപൊയവർക്കായി സഹായമെത്തിക്കാൻ ശ്രമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. ടൗൺസ്‌വില്ലെ, ഇങ്‌ഹാം, കാർഡ്‌വെൽ എന്നിവിടങ്ങളിലാണ് മഴ ഏറ്റവുമധികം ബാധിച്ചത്. നദികളും ജല സംഭരണികളും നിറഞ്ഞുകവിഞ്ഞു.
സംസ്ഥാനത്തിന്റെ തെക്ക് ഭാഗത്ത് 1,673 കിലോമീറ്റർ വ്യാപിച്ചുകിടക്കുന്ന പ്രധാന പാതയായ ബ്രൂസ് ഹൈവേയുടെ ഭാഗങ്ങളിൽ വെള്ളപ്പൊക്കത്തിൽ തകർന്ന് വലിയ നാശനഷ്ടമുണ്ടായതായാണ് റിപ്പോർട്ട്. വരും ദിവസങ്ങളിൽ വെള്ളക്കെട്ട് വീണ്ടും രൂക്ഷമാകുമെന്നും ജലനിരപ്പ് ക്രമാതീതമായി ഉയരുമെന്നും പ്രാദേശിക ദുരന്ത നിവാരണ സേന മുന്നറിയിപ്പ് നൽകി. കനത്തതോ തീവ്രമോ ആയ ശക്തമായ ഇടിമിന്നലോടു കൂടിയ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് ഓസ്‌ട്രേലിയൻ ബ്യൂറോ ഓഫ് മെറ്റീരിയോളജി അറിയിച്ചു.