Kerala
തറയില്‍ സാമ്പത്തിക തട്ടിപ്പ് കേസ്; രണ്ടാം പ്രതി റാണി സജി കീഴടങ്ങി
പത്തനംതിട്ട | തറയില്‍ സാമ്പത്തിക തട്ടിപ്പ് കേസില്‍ രണ്ടാം പ്രതി റാണി സജി പോലീസില്‍ കീഴടങ്ങി. പത്ത് മാസത്തോളം ഒളിവില്‍ കഴിഞ്ഞ പ്രതി ഇന്ന് രാവിലെ പത്തനംതിട്ട പോലീസ് സ്റ്റേഷനില്‍ ഹാജരാവുകയായിരുന്നു. നിക്ഷേപകരില്‍ നിന്നും 30 കോടി രൂപ തട്ടിയെടുത്തെന്നാണ് കേസ്. കേസിലെ ഒന്നാം പ്രതി സജി സാം റിമാന്‍ഡില്‍ തുടരുകയാണ്. കഴിഞ്ഞ ജൂണിലാണ് ഇയാള്‍ കീഴടങ്ങിയത്.
ഓമല്ലൂര്‍ ആസ്ഥാനമായ തറയില്‍ ഫിനാന്‍സിന്റെ മാനേജിങ് പാര്‍ട്ണറും ഒന്നാം പ്രതിയുമായ സജി സാമിന്റെ ഭാര്യയാണ് റാണി സജി. മുന്‍കൂര്‍ ജാമ്യത്തിനു ശ്രമിച്ച് പരാജയപ്പെട്ട ഇവര്‍ എറണാകുളത്ത് മകന്റെ ഉടമസ്ഥതയിലുളള ഫ്‌ളാറ്റിലാണ് കഴിഞ്ഞിരുന്നത്. താന്‍ വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നുവെന്നും തട്ടിപ്പിനെ കുറിച്ച് യാതൊന്നും അറിയില്ലെന്നുമാണ് റാണി സജി മൊഴി നല്‍കിയിട്ടുള്ളത്. എന്നാല്‍ ഏറെക്കാലമായി ഒളിവില്‍ കഴിഞ്ഞിരുന്നതിനാല്‍ അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തിയതിന്റെ അടിസ്ഥാനത്തിലുളള പ്രതികരണങ്ങളാണ് ഇവര്‍ നടത്തുന്നതെന്ന സംശയം അന്വേഷണ സംഘത്തിനുണ്ട്.
പത്തനംതിട്ട പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുളള 10 കേസുകളില്‍ റാണി സജിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. പത്തനംതിട്ട, അടൂര്‍, പത്തനാപുരം എന്നിവിടങ്ങളില്‍ ശാഖകളുണ്ടായിരുന്ന ധനകാര്യ സ്ഥാപനത്തില്‍ നിക്ഷേപം നടത്തിയ നൂറുകണക്കിനു പേരാണ് വഞ്ചിക്കപ്പെട്ടത്. പത്തനംതിട്ട പോലീസ് സ്റ്റേഷനില്‍ 249 കേസുകളും അടൂരില്‍ 40 കേസുകളും പത്തനാപുരം സ്റ്റേഷനില്‍ ഒരു കേസുമാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇതില്‍ പത്തനാപുരത്തെ കേസിന്റെ അന്വേഷണം നടത്തിവരുന്നത് ക്രൈം ബ്രാഞ്ചാണ്.