Connect with us

Cover Story

പ്രചോദനത്തിന്റെ പൂമൊട്ടുകൾ

കാറ്റിനേക്കാൾ വേഗത്തിൽ കാലം കുതിക്കുമ്പോൾ പുതിയ വർഷങ്ങൾക്കും പുതിയ പുലരികൾക്കുമായുള്ള കാത്തിരിപ്പുകൾ തീരെ ഹ്രസ്വമാണ്. ഇവിടെയും രണ്ടുപേർ കാത്തിരിക്കുകയാണ്, പ്രാർഥനാനിർഭരമായ മനസ്സോടെ. പുതിയ ആകാശവും പുതിയ ഭൂമിയും പുതുപുത്തൻ പുലരികളും കിനാവ് കാണുകയാണവർ. വേദനയും കണ്ണീരും സമ്മാനിച്ച മഹാവ്യാധിയെ ചികിത്സ കൊണ്ടും ആത്മസംയമനം കൊണ്ടും മറികടന്ന കൂടപ്പിറപ്പുകൾ. റാഷിദും ഷിബിലിയും. അസ്ഥിനുറുങ്ങുന്ന വേദനകൾക്കിടയിലും പൊട്ടിച്ചിരികളോടെ അവർ നമ്മോട് പറയുന്ന വാക്കുകൾ അത്രമേൽ മനോഹരമാണ്. "നോ സാഡ്..ഒൺലി ഹാപ്പി..'!

Published

|

Last Updated

‘കാക്കുന്റെ സൂക്കേടൊക്കെ മാറി അവൻ എണീറ്റ് നടക്കണം. പിന്നെ എനിക്ക് എന്തെങ്കിലും അപകടം പറ്റിയാൽ അവൻ ന്നെ സഹായിക്കണം’ ഹൃദയഹാരിയായ ആർദ്ര നിമിഷങ്ങളെ നിത്യവിസ്മയങ്ങളാക്കി തീർക്കുന്ന ചില വാക്കുകൾ താനേ പിറവിയെടുക്കുന്ന അനർഘ മുഹൂർത്തങ്ങൾ ഓരോരുത്തരുടെയും ജീവിതത്തിൽ അരങ്ങേറും; തീർത്തും അപ്രതീക്ഷിതമായ നേരത്ത്. ഒട്ടും പ്രതീക്ഷിക്കാത്തവരിൽ നിന്ന്. അത്രമേൽ ആഴത്തിൽ പതിഞ്ഞു പോയ ആ നിമിഷങ്ങൾ ഓർമകളിൽ താനേ വന്നു നിറയുമ്പോൾ, പ്രിയപ്പെട്ടവരോടാരോടെങ്കിലും ആ കാഴ്ചയും വാക്കുകളും പങ്കു വെക്കാൻ ശ്രമിക്കുമ്പോഴെല്ലാം ഉള്ളിനുള്ളിൽ അറിയാതെ നോവ് പടർത്തിയ പദങ്ങൾ പിന്നെയും നമ്മുടെ മിഴികളെ ഈറനണിയിക്കും.ഉള്ളിലെവിടെയോ ഒരു നേർത്ത നീറ്റലേൽപ്പിച്ച ആളും അയാൾ വെറുതെ പറഞ്ഞിട്ട് പോയ വാക്കുകളും നമ്മെ പിന്നെയും മുറിപ്പെടുത്തും.ഒരിളം ചിരിയോടെ തീർത്തും നിഷ്കളങ്കമായി പറഞ്ഞുതീർത്ത ആ വാക്കുകളുടെ പൊരുളറിയാൻ ശ്രമിക്കും തോറും ആ വാക്കുകൾക്കും മുഹൂർത്തങ്ങൾക്കും മുന്നിൽ നമ്മളെത്ര നിസ്സാരരെന്ന് സ്വയം ബോധ്യമാകും.

ഈ വാക്കുകൾ ഷിബിലി എന്ന പന്ത്രണ്ട് വയസ്സുക്കാരന്റെതാണ്. കാക്കു എന്ന് ഷിബിലി വിശേഷിപ്പിച്ചത് തന്റെ ജ്യേഷ്‌ഠസഹോദരനായ റാഷിദിനെയാണ്.
റാഷിദും ഷിബിലിയും ആരെന്നറിയുമ്പോൾ..അവർ അനുഭവിച്ചു കൊണ്ടിരിക്കുന്ന മഹാവ്യാധിയുടെ ദുരിതക്കയങ്ങളുടെ ആഴവും വ്യാപ്തിയും ഉൾക്കൊള്ളാൻ ശ്രമിക്കുമ്പോൾ മാത്രമേ ആ വാക്കുകളും ആ കൂടപ്പിറപ്പുകളും നമ്മുടെ ഹൃദയത്തിൽ ആഴത്തിൽ വേരോടുകയുള്ളൂ.അപ്പോൾ മാത്രമേ അവരുണർത്തുന്ന കൗതുക ചിരികൾക്കുമപ്പുറത്തുള്ള വറ്റാത്ത കണ്ണീരുറവകൾ നമ്മെ അസ്വസ്ഥരാക്കൂ.

നയനം നനക്കുന്ന
നോവിൻ ദിനങ്ങൾ

പാലക്കാട്- മണ്ണാർക്കാട് തച്ചമ്പാറയിൽ ശംസുദ്ദീന്റെയും ഷമീറയുടെയും ആദ്യത്തെയും മൂന്നാമത്തെയും മക്കളിൽ, ജനിച്ചു മാസങ്ങൾ തികയും മുമ്പ് തന്നെ മഹാരോഗത്തിന്റെ ലക്ഷണങ്ങൾ പ്രകടമായിത്തുടങ്ങിയിരുന്നു. ശരീരത്തിന്റെ ഭാഗങ്ങളിൽ താനെ മുഴകൾ രൂപപ്പെടുകയും എല്ലുകൾ താനേ പൊടിയുകയും ചെയ്യുക. ഓസ്റ്റിയോ ഫൊറോസിസ് എന്ന, ചികിത്സക്ക് കോടികൾ ചെലവ് വരുന്ന രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങൾ അതായിരുന്നു. റാഷിദിനൊപ്പം ഇരട്ടയായി ജനിച്ച റാഫിദിൽ പ്രസവിച്ചു ഏറെ വൈകാതെ ഈ ലക്ഷണങ്ങൾ കണ്ട് തുടങ്ങിയിരുന്നെങ്കിലും ചികിത്സകളാരംഭിക്കും മുമ്പ് തന്നെ റാഫിദ് ഈ ലോകത്തോട് വിടപറഞ്ഞു. മൂന്നാം മാസം മുതൽ റാഷിദിലും സമാനമായ ലക്ഷണങ്ങൾ കണ്ട് തുടങ്ങി. പിന്നീട് മൂന്നാമതായി പിറന്ന മുഹമ്മദ് ഷിബിലിക്ക് എട്ടാം മാസം മുതൽ മുഴകളുണ്ടാകാനും എല്ലുകൾ താനേ പൊട്ടാനും തുടങ്ങി. കിടന്നിടത്തു നിന്നും അനക്കിക്കിടത്തുമ്പോൾ പോലും വേദന കൊണ്ട് ആർത്തലയ്ക്കുന്ന തങ്ങളുടെ പിഞ്ചോമനകൾക്ക് മുന്നിൽ പ്രാർഥനാ നിർഭരമായ മനസ്സും ശൂന്യമായ കൈകളുമായി നിസ്സഹായരായി നോക്കി നിൽക്കാൻ മാത്രമേ അന്നന്നത്തെ അന്നത്തിന് പരക്കം പായുന്ന ആ മാതാപിതാക്കൾക്ക് സാധിച്ചുള്ളൂ.

ചുവടുവെച്ചു തുടങ്ങും മുമ്പ് തന്നെ പതിനഞ്ചിലധികം തവണയാണ് ആ കുഞ്ഞുങ്ങൾ ശസ്ത്രക്രിയക്ക് വിധേയരായത്. വർഷത്തിൽ രണ്ടോ മൂന്നോ തവണ നിർബന്ധമായും ശസ്ത്രക്രിയ നടത്തി അസ്ഥികളുടെ വളർച്ചക്കനുസരിച്ചു കാലിനുള്ളിൽ വെച്ചിരിക്കുന്ന സ്റ്റീൽ കമ്പികൾ മാറ്റിസ്ഥാപിക്കണം. അല്ലാത്ത പക്ഷം അസ്ഥികൾ പിന്നെയും വളയും, പൊട്ടാൻ തുടങ്ങും, അപ്പോൾ സഹിക്കാവുന്നതിലുമപ്പുറമുള്ള വേദന കൊണ്ട് ആർത്തലയ്ക്കുന്ന മക്കളെ മുഖദാവിൽ കാണുന്നവരുടെയും നെഞ്ചകം വെന്തു നീറും.കേരളത്തിലെയും തമിഴ്നാട്ടിലെയും കർണാടകയിലെയും വിവിധ ആശുപത്രികളിൽ ചികിത്സ നടത്തിക്കൊണ്ടിരുന്നതാണ്. ഇപ്പോൾ മണിപ്പാൽ ആശുപത്രിയിൽ ചികിത്സ നടക്കുന്നു. ഇരുപത്തിമൂന്ന് വയസ്സു വരെ മുടങ്ങാതെ ഈ ചികിത്സ തുടരേണ്ടതുണ്ട്. ആ കണക്ക് പ്രകാരം റാഷിദിന്് രണ്ടും ഷിബിലിക്ക് പതിനൊന്നും വർഷങ്ങൾ ചികിത്സ ബാക്കിയാണ്. അതിനിടയിൽ എന്നെങ്കിലും ഈ ചികിത്സ മുടങ്ങിയാൽ അന്നോളം കരുതലോടെ ഉണ്ടാക്കിയെടുത്ത പ്രതിരോധങ്ങളെല്ലാം നിഷ്ഫലമാകും. രോഗം ആ കുഞ്ഞുങ്ങൾക്ക് മേൽ വീണ്ടും ദാക്ഷിണ്യമേതുമില്ലാതെ സംഹാര താണ്ഡവമാടും. സാദാ കൂലിപ്പണിക്കാരനായ ശംസുദ്ദീനും അങ്കണവാടിയിൽ ഹെൽപ്പറായി പോകുന്ന ഷമീറക്കും താങ്ങാവുന്നതിലുമപ്പുറമാണ് ആ ചികിത്സക്കുള്ള ചെലവുകൾ. രണ്ടുപേരിലൊരാൾക്ക് മാത്രമേ ജോലിക്ക് പോകാനും സാധിക്കൂ. ഒരാൾ എപ്പോഴും മക്കളുടെ കൂടെ തന്നെ വേണം. തനിച്ചാക്കാനോ മറ്റൊരാളെ ഏൽപ്പിച്ചു പോകാനോ പറ്റില്ല. നിത്യവൃത്തിക്ക് തന്നെ തികയാത്ത കൂലിയിൽ നിന്ന് മരുന്നിനും മക്കളുടെ മറ്റാവശ്യങ്ങൾക്കുമുള്ള തുക എങ്ങനെയാണ് കണ്ടെത്തേണ്ടതെന്ന് ആ കുടുംബത്തിന് മുന്നിലെ ഉത്തരം കിട്ടാത്ത ഒരു ചോദ്യമാണ്. ചികിത്സയുടെ ആവശ്യാർഥം ആകെയുള്ള പുരയിടവും കൂരയും കുറെ മുമ്പ് തന്നെ വിറ്റതാണ്. സുമനസ്സുകളുടെ കാരുണ്യഹസ്തങ്ങൾ നീണ്ടപ്പോൾ ചികിത്സയും വീട് പണിയുമെല്ലാം ഇപ്പോൾ നടന്നുപോകുന്നുണ്ട്. മറ്റൊന്നും ഇല്ലേലും മക്കളുടെ ചികിത്സ മുടങ്ങാതെ അവർ സ്വന്തം കാലിൽ നിന്നുകൊണ്ട് സ്വയം കാര്യങ്ങൾ ചെയ്യാൻ പ്രാപ്തരാകുന്ന കാഴ്ചക്ക് ആ മാതാപിതാക്കൾ മുറതെറ്റാത്ത പ്രാർഥനകളോടെ കൺപാർക്കുകയാണ്.

ഇന്നിപ്പോൾ റാഷിദിന് ഇരുപത്തിയൊന്നും ഷിബിലിക്ക് പന്ത്രണ്ടും വയസ്സായി. ഇപ്പോൾ അവർ എവിടെയെങ്കിലുമൊക്കെ പിടിച്ചു നിൽക്കും. ചെറുതായി ചുവട് വെക്കും. അവർ സ്വയം തിരിഞ്ഞും മറിഞ്ഞും കിടക്കും. ഒരുപാടൊന്നും വേദനകളില്ലാതെ ചിരിക്കും. കളി പറയും, പാട്ട് പാടും. ഇത്രയെങ്കിലുമൊക്കെ സ്വയം ചെയ്യാനാകും വിധം അവരെത്തിച്ചേരാൻ ആ സഹോദരങ്ങളും അവരുടെ ഉമ്മയും ഉപ്പയും താണ്ടിയ കനൽക്കാടുകൾ വരികൾക്കും വർണനകൾക്കുമപ്പുറത്താണ്. ഇന്നോളം അതൊന്നും അനുഭവിക്കാൻ ഇടവന്നിട്ടില്ലാത്ത നമുക്കത് മനസ്സു കൊണ്ടെങ്കിലും പൂർണമായി സങ്കൽപ്പിക്കാൻ പോലും സാധിക്കണമെന്നില്ല.


സാഹസികതയുടെ
കനൽപ്പാത

പഠിക്കാനും പാടാനും സമർഥരാണവർ. റാഷിദ് പാലക്കാട്‌ വിക്ടോറിയ കോളജിൽ ഡിഗ്രിക്കും ഷിബിലി തച്ചമ്പാറ ഹൈസ്കൂളിൽ ഏഴാം ക്ലാസ്സിലും പഠിക്കുന്നു. അന്യരുടെ കൈകളിലും ചുമലിലുമേറി ക്ലാസ് മുറികളിലെത്താൻ ബദ്ധപ്പെടുന്ന ഇവർ പക്ഷേ, അക്ഷരങ്ങളെ ഹൃദിസ്ഥമാക്കാൻ ഏറെയൊന്നും പണിപ്പെടുന്നില്ല.അതിലാഘവത്തോടെ വായിച്ചു പോകുന്ന പാഠഭാഗങ്ങൾ സിരകളിലേക്ക് ആവാഹിച്ചെടുക്കാൻ പാകത്തിൽ ഉറച്ച മനസ്സോടെ തുറന്ന പുസ്തകക്കൂട്ടങ്ങൾക്ക് മുന്നിലിരിക്കുമ്പോൾ വേദനയുടെയും സങ്കടങ്ങളുടെയും കറുത്തിരുണ്ട ലോകം അവർക്ക് മുന്നിൽ അപ്രത്യക്ഷമാകുന്നു. പകരം അക്ഷരജ്ഞാനത്തിന്റെ ധവളപ്രഭയിൽ പുതിയൊരു ആകാശവും ഭൂമിയും അവർ കിനാവ് കാണുന്നുണ്ട്.
പലപ്പോഴായി നടന്ന ശസ്‌ത്രക്രിയകളുടെ ഫലമായി, ഒരർഥത്തിൽ രണ്ട് പേരുടെയും ശരീരത്തിലാകെയും സ്റ്റീൽ കമ്പികളാണെന്ന് തന്നെ പറയാം. ആരെങ്കിലും അറിയാതൊന്ന് തൊട്ടാൽ പോലും വേദന കൊണ്ട് കരഞ്ഞു പോകുന്ന അവസ്ഥയിൽ നിന്ന് പാടാനും പറയാനും വേദികളെ പൊട്ടിച്ചിരിപ്പിക്കാനും സാധ്യമാകും വിധം പെരുമാറാനും അവർ ശീലിച്ചത് ചികിത്സയുടെയും പ്രിയപ്പെട്ടവരുടെ പ്രാർഥനക്കൊപ്പം അവർ സ്വയം ആർജിച്ചെടുത്ത മനോധൈര്യവും ശുഭപ്രതീക്ഷകൾ സമ്മാനിച്ച കരുത്തും വിധിയെ തോൽപ്പിക്കാൻ അവർക്ക് തുണയായിട്ടുണ്ടാകും.

ചെന്നു നിന്ന ഇടങ്ങളിലൊന്നും തന്നെ സങ്കടങ്ങളും വേദനയും ആവർത്തിച്ചുരുവിട്ട് സഹതാപവും സഹായവും പിടിച്ചു പറ്റാനല്ല, പകരം തങ്ങൾക്ക് മുന്നിലിരിക്കുന്നവരേക്കാൾ വർണശബളമായൊരു ഉത്സവ സമാനമായ ജീവിതം തന്നെയാണ് തങ്ങളുടെ ഉള്ളിലും അരങ്ങേറുന്നതെന്ന് വിളംബരം ചെയ്യാനാണ് അവർ ശ്രമിച്ചത്.ഒന്നുമില്ലെന്ന് നമ്മൾ സഹതപിക്കുന്നവരുടെ ജീവിതങ്ങൾക്ക്, പലതും ഉണ്ടെന്ന് അഹങ്കരിക്കുന്ന ജന്മങ്ങളേക്കാൾ മേന്മയുണ്ടെന്ന് അവർ നമ്മെ നിരന്തരം ഓർമിപ്പിക്കുന്നു.
കേൾക്കാൻ ഇമ്പമുള്ള ഈണത്തിൽ പാട്ട് പാടാനും തങ്ങൾ കണ്ട കാഴ്ചകൾ മനോഹരമായി അനുകരിക്കാനും ഉത്സാഹം കാണിക്കുന്ന റാഷിദും ഷിബിലിയും തങ്ങൾക്ക് മുന്നിൽ തെളിഞ്ഞ അരങ്ങുകൾ ആഘോഷങ്ങളാക്കി മാറ്റുകയാണ്. നിരവധി വേദികളിലേക്ക് അവർ പാടാനും പറയാനും അതിഥികളായും ക്ഷണിക്കപ്പെടുന്നു. ഇരുൾ പടർന്നു തുടങ്ങിയെന്ന് കരുതിയ വഴിവീഥികളിൽ ശുഭപ്രതീക്ഷയുടെ വെട്ടം തെളിയിച്ചു യാത്ര തുടരുകയാണവർ. ഒരേ വ്യാധിയുടെ നൊമ്പരം പേറുന്ന കൂടപ്പിറപ്പുകൾ പരസ്പരം ചേർന്ന് നിന്ന് നമ്മോട് പറയുന്നതോരോന്നും ഒരു പുതുവർഷത്തിന്റെ പ്രാരംഭപ്പുലരികളിൽ പെയ്തിറങ്ങിയ ഹിമകണം കണക്കെ ഒരു നേർത്ത തണുപ്പോടെ തന്നെ നമുക്ക് ഹൃദയത്തിലേറ്റാവുന്നതാണ്. നോ സാഡ് ഒൺലി ഹാപ്പി…!
.

Latest