agitating farmers
ഐതിഹാസിക സമരം കഴിഞ്ഞ് തിരിച്ചെത്തിയ കര്‍ഷകര്‍ക്ക് വിമാനത്തില്‍ നിന്ന് പുഷ്പവൃഷ്ടി
നൃത്തം ചെയ്തും മുദ്രാവാക്യം വിളിച്ചും പച്ചയും വെള്ളയും പതാകകള്‍ വീശിയും സന്തോഷപ്രകടനം നടത്തുന്ന കര്‍ഷകരുടെ ദൃശ്യങ്ങളാണ് എങ്ങുമുള്ളത്.
ശംഭു | കര്‍ഷക നിയമങ്ങള്‍ക്കെതിരായ ഒരു വര്‍ഷം നീണ്ട സമരം വിജയിച്ച് തിരിച്ചെത്തിയ കര്‍ഷക പോരാളികള്‍ക്ക് മേല്‍ വിമാനത്തില്‍ നിന്ന് പുഷ്പവൃഷ്ടി നടത്തി. ഹരിയാന- പഞ്ചാബ് അതിര്‍ത്തിയായ ശംഭുവില്‍ വെച്ചാണ് കര്‍ഷക പോരാളികള്‍ക്ക് മേല്‍ പുഷ്പവൃഷ്ടി നടത്തിയത്. ദേശീയ പാത 44ല്‍ അതിര്‍ത്തി കടക്കുകയായിരുന്ന കര്‍ഷകര്‍ക്ക് മേല്‍ സ്വകാര്യ ജെറ്റ് വിമാനത്തില്‍ നിന്ന് പുഷ്പവൃഷ്ടി നടത്തുകയായിരുന്നു.
ഇതിനായി പ്രത്യേകം ചെറുവിമാനം തയ്യാറാക്കുകയായിരുന്നു. ഡല്‍ഹി അതിര്‍ത്തികളില്‍ പ്രതിഷേധം നടത്താനായി നിര്‍മിച്ച ടെന്റുകള്‍ പൊളിച്ച് ആയിരക്കണക്കിന് കര്‍ഷകരാണ് ട്രാക്ടറുമോടിച്ച് സ്വദേശങ്ങളിലേക്ക് മടങ്ങുന്നത്. നൃത്തം ചെയ്തും മുദ്രാവാക്യം വിളിച്ചും പച്ചയും വെള്ളയും പതാകകള്‍ വീശിയും സന്തോഷപ്രകടനം നടത്തുന്ന കര്‍ഷകരുടെ ദൃശ്യങ്ങളാണ് എങ്ങുമുള്ളത്.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഒരിക്കലും വീട്ടിലേക്ക് തിരിച്ചുപോയിട്ടില്ലാത്ത കര്‍ഷകരുമുണ്ട്. ഇവര്‍ വലിയ ആഹ്ലാദമാണ് പ്രകടിപ്പിക്കുന്നത്. സമരം പൂര്‍ണ വിജയമായത് ഇരട്ടി സന്തോഷമാണ് ഇവര്‍ക്ക് നല്‍കുന്നത്. മാസങ്ങളായി വ്യത്യസ്ത സമര മുറകള്‍ നടത്തിയിട്ടും അനങ്ങാപ്പാറ നയം തുടര്‍ന്ന കേന്ദ്ര സര്‍ക്കാര്‍ ഒടുവില്‍ ഉത്തര്‍ പ്രദേശ്, പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന പശ്ചാത്തലത്തില്‍ കര്‍ഷക നിയമങ്ങളില്‍ നിന്ന് പിന്‍വാങ്ങുകയായിരുന്നു.
കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അപ്രതീക്ഷിതമായി പ്രഖ്യാപിച്ചത്. പാര്‍ലിമെന്റില്‍ പിന്‍വലിക്കണമെന്ന കര്‍ഷകരുടെ ആവശ്യവും അംഗീകരിക്കപ്പെട്ടു. തുടര്‍ന്ന്, മിനിമം താങ്ങുവില, പ്രതിഷേധക്കാര്‍ക്കെതിരായ ക്രിമിനല്‍ കേസുകള്‍ പിന്‍വലിക്കുക അടക്കമുള്ള ആവശ്യങ്ങള്‍ക്ക് മുന്നിലും സര്‍ക്കാര്‍ കീഴടങ്ങുകയായിരുന്നു. ഇതോടെയാണ് ഐതിഹാസിക സമരം കര്‍ഷകര്‍ അവസാനിപ്പിച്ചത്.
Flower petals being showered on farmers.
Yes, they deserve this grand welcome.#FarmersProtest_FatehMarch pic.twitter.com/1eu9Lyd5Di
— Tractor2ਟਵਿੱਟਰ (@Tractor2twitr) December 11, 2021