Connect with us

ആത്മായനം

വിടരും മുന്നേ പൊലിഞ്ഞ പൂക്കൾ

ആഖിറത്തിലെത്തുന്ന മാതാപിതാക്കളെ കാണുന്ന പിഞ്ചോമനകൾ റബ്ബിനോട് വിടാതെ പറഞ്ഞ് കൊണ്ടേയിരിക്കും. കരുണക്കടലായ റബ്ബ് മാതാപിതാക്കളെയും കൊണ്ട് സ്വർഗം പൂകാൻ കുഞ്ഞുങ്ങൾക്ക് സമ്മതവും നൽകും.യാ അല്ലാഹ് കുഞ്ഞുങ്ങൾ പിരിഞ്ഞ മാതാപിതാക്കൾക്ക് നീ ക്ഷമയും അതിനെ തുടർന്ന് സ്വർഗവും നൽകണേ.

Published

|

Last Updated

മുറ്റത്ത് ലാളിച്ചു നട്ട റോസാച്ചെടിയുടെ തണ്ടിൽ ഒരു മൊട്ടിടുമ്പോൾ ഹൃദയത്തിൽ കുളിരു പെയ്യാറില്ലേ.. അത് വിരിയുന്നതോടൊപ്പം സന്തോഷം മടങ്ങുമടങ്ങായി വിരിയാറില്ലേ. ഉച്ചവെയിലിന്റെ കടുംചൂടതിനെ പൊള്ളിച്ചു തളർത്തി ഇതളിറുത്തിട്ടാൽ സന്തോഷത്തിനു മേൽ കാറുമൂടുമല്ലേ. ഇതളുകൾ പൊഴിഞ്ഞ പൂവാടിക്ക് എന്ത് സൗന്ദര്യമുണ്ടാവാനാണല്ലേ..?
കൂട്ടരേ, നമ്മുടെ കുസൃതിക്കുട്ടികൾ വീട്ടിലുള്ളപ്പോ ചെവിടിന് സ്വൈര്യമുണ്ടാവാറില്ലല്ലോ. മര്യാദക്കൊരു പണിയെടുക്കാൻ സമ്മതിക്കില്ലല്ലേ. പക്ഷേ, അവർ വീട്ടിലില്ലെങ്കിലോ, വീടാകെ മ്ലാനമൂകമാവും. മരിച്ചതിനു തുല്യം. ഉമ്മയുണ്ടാക്കുന്ന ഭക്ഷണത്തിനൊന്നും അന്ന് രുചിയുണ്ടാവില്ല. വീട് വീടല്ലാതാവുന്നു. കളിചിരിയില്ലാത്ത ഇടത്തെ വീടെന്ന് പറയാനൊക്കില്ല തന്നെ. ശരി, ഇനിയെനിക്ക് സംസാരിക്കാനുള്ളത് ചിറക് മുളക്കും മുമ്പേ കുഞ്ഞു ജീവന്റെ അവസാന ശ്വാസം കണ്ട് കരള് കത്തിപ്പോയ ഉമ്മമാരോടും ഉപ്പമാരോടുമാണ്.

ഉമ്മാ … ഉപ്പാ…

നിങ്ങളുടെയൊക്കെ ഹൃദയ വേരിൽ നിന്ന് പറിച്ചെടുത്തു പോയ സന്തോഷങ്ങൾ തിരികെ വരില്ലെന്ന് വിചാരിക്കുന്നുണ്ടോ ഉണ്ടെങ്കിൽ അരുത്. ആഹ്ലാദത്തിമർപ്പിന്റെ സ്വർഗീയാനന്ദങ്ങൾ നിങ്ങളെയും കാത്തിരിപ്പുണ്ട്.

ബഹുമാന്യരായ അബൂഹുറൈറ (റ) യോട് ഒരു സഹോദരൻ ചോദിച്ചു: എന്റെ മോൻ മരിച്ചു പോയി. ആ വിയോഗം ഞങ്ങൾക്കെന്തെങ്കിലും നന്മ കിട്ടാൻ നിമിത്തമാവുമോ? നിങ്ങളുടെ ഉറ്റ സ്‌നേഹിതൻ (സ്വ) അതേ കുറിച്ചെന്തേലും പറഞ്ഞതായി കേട്ടിരുന്നോ ?.

അതെ, കുഞ്ഞുങ്ങൾ സ്വർഗത്തിൽ കടിച്ചാൽ പിടി വിടാത്ത മത്സ്യങ്ങളെപ്പോലെയാണ്. മാതാപിതാക്കളെ കണ്ടാൽ അവരുടെ കോന്തലകളിൽ ആ കുഞ്ഞുങ്ങൾ കടിച്ചു തൂങ്ങും. മാതാപിതാക്കളെ സ്വർഗത്തിലെത്തിക്കും വരെ അവരാ പിടി വിടില്ല. (മുസ്്ലിം, അബൂദാവൂദ്) എന്ന് തിരുദൂതർ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്.

പുരുഷന്മാരൊക്കെ നിങ്ങളുടെ സംസാരം കേട്ട് സ്വർഗവും കൊണ്ടുപോയി. ഞങ്ങൾക്കും ഒരു ദിവസം അനുവദിക്കണം. നിങ്ങൾക്കല്ലാഹു പഠിപ്പിച്ചത് ഞങ്ങൾക്കും പകരണം, ഒരു സഹോദരിയുടെ നിർദേശം പരിഗണിച്ച് ഒത്തുകൂടാനുള്ള ദിവസവും സമയവും സ്ഥലവും പറഞ്ഞ് അവരോട് കൃത്യസമയത്ത് ഒത്തുകൂടാൻ നബി (സ്വ) ആവശ്യപ്പെട്ടു.

അവരോടുള്ള അവതരണം അബൂ സഈദ്(റ) വിവരിക്കുന്നു. ഏതെങ്കിലും പെണ്ണിന്റെ ആറ്റൽ കനിമാരിൽ മൂന്ന് പേർ മുന്നേ വേർപ്പെട്ടാൽ ആ വിയോഗം ആ ഉമ്മാക്ക് നരകത്തീയിൽ നിന്നുള്ള സുരക്ഷിത കവചമാണ്.
ദൂതരേ.. രണ്ട് പൈതങ്ങളാണെങ്കിലോ ?

കൂട്ടത്തിലൊരു വനിത ആവർത്തിച്ചു ചോദിച്ചു. ഉം… രണ്ടാളെങ്കിലുമതേ എന്നായിരുന്നു തിരുനബി(സ്വ)യുടെ മറുപടി. പത്ത് മാസത്തെ പേറ്റ്‌നോവും പേറി സ്വപ്നങ്ങൾ താലോലിച്ച് ഗർഭസ്ഥ ശിശുവിന് ഒന്നും സംഭവിക്കാതിരിക്കാൻ അതീവ ശ്രദ്ധയിൽ ശുശ്രൂഷിച്ച് ഭക്ഷണവും വെള്ളവും മരുന്നും ചലന നിശ്ചലനങ്ങളും ആലോചനകളും വികാരങ്ങളും ക്രമാനുഗതം നിയന്ത്രിച്ച് ഒടുവിൽ ലഭിക്കുന്ന താരിളം പൈതലിനെ സ്‌നേഹത്തോടെ താലോലിച്ച് വളർത്തി ഹൃദയ സന്തോഷങ്ങളെ നിർമിക്കുന്ന ഉമ്മമാർക്ക് കുഞ്ഞുങ്ങൾ നഷ്ടപ്പെട്ടാലുണ്ടാകുന്ന വേദന ആർക്കും ഊഹിക്കാവുന്നതേയുള്ളൂ. ഉള്ളുകത്തിപ്പോകുന്ന അനുഭവമായിരിക്കുമത്. ചെറിയ ക്ഷമയൊന്നും മതിയാവില്ല ആ മുറിവുണക്കാൻ. ( ദാരിദ്ര്യത്തിന്റെയും മാനഹാനിയുടെയും പേരിൽ പെൺശലഭങ്ങളെ ചവിട്ടിയരച്ച ഇരുണ്ട കാലങ്ങൾ കുഞ്ഞുങ്ങളെ മാത്രമല്ല കൊന്നത് അവർക്ക് ജന്മം നൽകിയ സ്ത്രീകളെ കൂടി മാനസികമായി ജീവഛവമാക്കിയിരിക്കുമല്ലേ..? അതിന്റെയൊക്കെ നിഷ്ഠൂര സുഖമാണ് കരിങ്കൽ ഹൃദയമുള്ള ക്രൂരന്മാർ ആസ്വദിച്ചത്)

ആ ക്ഷമയുടെ തീർത്താൽ തീരാത്ത മൂല്യം തന്നെയാണ് അവർക്ക് സ്വർഗംകൊടുക്കുന്നത്.
അങ്കണ തൈമാവിൽ നിന്നാദ്യത്തെ പഴം വീഴ്കെ
അമ്മതൻ നേത്രത്തിൽ നിന്നുതിർന്നൂ ചുടുകണ്ണീർ (മാമ്പഴം)

ഉമ്മുക്കുലുസു മരിച്ചന്നു രാത്രിയിൽ
ഉമ്മ പുറത്തു തനിച്ചു നിൽക്കെ
പെട്ടെന്നു വന്നു പെരുമഴ, ഉമ്മയോ
ചിക്കെന്നകത്തു തിരഞ്ഞുചെന്നു
വില്ലൊടിഞെന്നു
ചിണുങ്ങിടാറുള്ളൊരാ
പുള്ളിക്കുട ചെന്നെടുത്തു പാഞ്ഞു,
പള്ളിപ്പറമ്പിൽ പുതുതായ് കുമിച്ചിട്ട
മണ്ണട്ടിമേലെ നിവർത്തിവെച്ചു

ഉമ്മുക്കുലുസു മരിച്ചന്നു
രാത്രിതൊട്ടിന്നോളം
ആ മഴ തോർന്നുമില്ല
(തോരാമഴ)

തുടങ്ങി നമ്മൾ ചൊല്ലി പരിചയിച്ച ഈ വരികളിലൊക്കെയും വീണുടഞ്ഞ ഹൃദയത്തിന്റെ നോവ് മൂർച്ചയിൽ അനുഭവിക്കാൻ കഴിയും.

വിശ്വാസിക്കേൽക്കുന്ന ദുരിതങ്ങളോരോന്നും ശുഭപ്രതീക്ഷയുടെ തിരിനാളങ്ങളാണെന്നിരിക്കെ മക്കൾ പിരിയുകയെന്നതും വലിയ സമ്മാനങ്ങൾ അല്ലാഹു കരുതി വെച്ചിട്ടുണ്ടെന്നതിന്റെ അടയാളമാണ്. തിരുനബി (സ്വ) യുടെ പിഞ്ചോനമാർ പലരും ചെറുപ്പത്തിലേ വിട ചൊല്ലിയിട്ടുണ്ട്. ക്ഷമയുടെ നെല്ലിപ്പടി കടന്നിട്ടും വേദന കടിച്ചു പിടിച്ച് കരയുന്ന രംഗങ്ങൾ ഹദീസുകളിൽ രേഖപ്പെടുത്തപ്പെട്ടിട്ടുമുണ്ട്. കുഞ്ഞുമോൻ ഇബ്‌റാഹീമിന്റെ ചേദനയറ്റ തിരുശരീരം നോക്കി കരയുന്ന ആരന്പനബിയെ കണ്ട അബ്ദുർറഹ്മാൻ ബ്‌നു ഔഫ്(റ)നോട് “നബിയേ … അങ്ങും കരയുകയാണോ ‘ എന്ന് ചോദിച്ചു പോയിട്ടുണ്ട്.

“ഇബ്‌നു ഔഫേ.. ഈ കണ്ണീര് ആർദ്രതയുടെതാണ്. ഇബ്‌റാഹിമേ…നിന്റെ വേർപാട് ഉള്ള് പൊള്ളിക്കുന്നുണ്ട്. ഹൃദയം നിറയെ ശോകം നിറക്കുന്നുണ്ട്. കണ്ണീരടക്കാനാകുന്നില്ല. എങ്കിലും റബ്ബിന് തൃപ്തിയില്ലാത്തതൊന്നും നമ്മളാരും പറയരുത്’ എന്ന് പറഞ്ഞ് മുത്ത്‌നബി (സ്വ) കണ്ണ് തുടച്ചു (ബുഖാരി, മുസ്്ലിം)

നോക്കൂ.. നമുക്ക് ബോധ്യപ്പെട്ടില്ലേ മക്കൾ മരിച്ചാൽ എത്ര ദുഃഖമുണ്ടാവുമെന്ന്. ക്ഷമയുടെ സർവ ബിന്ദുക്കളും സമ്മേളിച്ച തിരുദൂതരാണ് കണ്ണീരൊഴുക്കിയത്.

തിരുനബി (സ്വ) യുടെ അടുത്ത് ഒരുമ്മ ഓടിക്കിതച്ചെത്തി. ഞാനെന്റെ പൊന്നു മോനെ മറവ് ചെയ്ത് വരികയാണ്. മോന് വേണ്ടി അങ്ങൊന്ന് ദുആ ചെയ്യണം. ഇങ്ങനെ മൂന്ന് മക്കളെനിക്ക് നഷ്ടമായിട്ടുണ്ട് !.

നരകത്തീയിൽ നിന്നും രക്ഷയാകുന്ന നല്ലൊരു കവചമാണ് നിനക്കൊരുക്കപ്പെട്ടത് എന്നായിരുന്നു അവിടുത്തെ മറുപടി.
ഉമ്മാ.. ഉപ്പാ..

നിങ്ങളിൽ നിന്ന് നേരത്തെ പറന്ന് പോയ കുഞ്ഞു ശലഭങ്ങൾ നിങ്ങളെ സ്വർഗത്തിൽ കടത്തും. ക്ഷമ കൈക്കൊള്ളാനാണ് മുത്ത്‌നബി (സ്വ) നമ്മെ പഠിപ്പിച്ചത്.

ആഖിറത്തിലെത്തുന്ന മാതാപിതാക്കളെ കാണുന്ന പിഞ്ചോമനകൾ റബ്ബിനോട് വിടാതെ പറഞ്ഞ് കൊണ്ടേയിരിക്കും. കരുണക്കടലായ റബ്ബ് മാതാപിതാക്കളെയും കൊണ്ട് സ്വർഗം പൂകാൻ കുഞ്ഞുങ്ങൾക്ക് സമ്മതവും നൽകും. യാ അല്ലാഹ് കുഞ്ഞുങ്ങൾ പിരിഞ്ഞ മാതാപിതാക്കൾക്ക് നീ ക്ഷമയും അതിനെ തുടർന്ന് സ്വർഗവും നൽകണേ.

Latest