Connect with us

Haritha Issue

ഫേസ്ബുക്കില്‍ ഒഴുക്കന്‍ ക്ഷമാപണം; പരാതി പിന്‍വലിക്കേണ്ടെന്ന് ഹരിതയില്‍ നിലപാട് ശക്തം

ലൈംഗിക അധിക്ഷേപം നടത്തിയ സംഭവത്തില്‍ എവിടെയും തൊടാതെയുള്ള ഖേദ പ്രകടത്തില്‍ പ്രശ്‌നം അവസാനിപ്പിക്കരുതെന്ന അഭിപ്രായം ഹരിത നേതൃത്വത്തില്‍ ശക്തമായി

Published

|

Last Updated

കോഴിക്കോട് | ഹരിത നേതാക്കളെ ലൈംഗിക അധിക്ഷേപം നടത്തിയെന്ന പരാതിയില്‍ മുസ്‌ലിം ലീഗ് നേതൃത്വത്തിന്റെ ആവശ്യപ്രകാരം എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ് ഫേസ്ബുക്കിലൂടെ ക്ഷമാപണം നടത്തി. എന്നാല്‍ ക്ഷമാപണത്തിന്റെ മറവില്‍ വനിതാ കമ്മീഷനിലെ പരാതി പിന്‍വലിക്കണമെന്ന പാര്‍ട്ടി നേതാക്കളുടെ ആവശ്യം ഹരിത അംഗീകരിക്കുമോ എന്നകാര്യത്തില്‍ ആശങ്ക.

അധിക്ഷേപം നടത്തിയ നേതാക്കള്‍ക്കെതിരെ നടപടി വേണമെന്നായിരുന്നു ഹരിതയുടെ ആവശ്യം. ഈ ആവശ്യം അംഗീകരിക്കാതെയാണ് പാര്‍ട്ടി ആരോപണ വിധേയരോട് ഫേസ്ബുക്കില്‍ ക്ഷമാപണം നടത്താന്‍ നിര്‍ദ്ദേശിച്ചത്.

പി.കെ. നവാസ് ക്ഷമാപണം നടത്തിയ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം:

എം എസ് എഫ് സംസ്ഥാന കമ്മിറ്റി യോഗത്തിലെ ചില പരാമര്‍ശങ്ങള്‍ നടത്തി എന്ന പരാതിയുമായി ബന്ധപ്പെട്ടുള്ള വിശദീകരണം. പരാതിയില്‍ പരാമര്‍ശിക്കപ്പെട്ട യോഗത്തില്‍ ആരെയും വ്യക്തിപരമായോ ലിംഗപരമായോ ആക്ഷേപിക്കും വിധമുള്ള ഒരു സംസാരവും ഞാന്‍ നടത്തിയിട്ടില്ല.

സ്ത്രീകളോടും മുതിര്‍ന്നവരോടും കുട്ടികളോടും ബഹുമാനാദരവുകളോടെ സംസാരിക്കാനാണ് ഇത് വരെ ശീലിച്ചിട്ടുള്ളത്. ഇനിയും അങ്ങിനെ തന്നെയായിരിക്കും.

എന്നാല്‍ എന്റെ സംസാരത്തില്‍ സ്ത്രീ വിരുദ്ധതയും വ്യക്തി ആക്ഷേപവും ഉണ്ടായെന്ന പരാതി സഹപ്രവര്‍ത്തകരായ ഹരിത ഭാരവാഹികള്‍ നേതൃത്വത്തിന് നല്‍കിയിരുന്നു. ഈ വിഷയത്തില്‍ നിരവധി തവണ നേതാക്കള്‍ ഉത്തരവാദിത്വപ്പെട്ടവരുമായി സംസാരിച്ചിരുന്നെങ്കിലും പ്രശ്‌നങ്ങള്‍ പരിഹാരത്തിലേക്ക് എത്തിയിരുന്നില്ല.

വീണ്ടും ഇതേ വിഷയത്തില്‍ ഇന്നലെ നടന്ന യോഗത്തിലേക്ക് പാര്‍ട്ടി നേതാക്കള്‍ വിളിച്ച് വരുത്തിയിരുന്നു. നിലവിലെ സാഹചര്യത്തില്‍ പ്രശ്‌നങ്ങള്‍ അവസാനിക്കാന്‍ പാര്‍ട്ടി എടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കാന്‍ തയ്യാറാണെന്ന് നേതാക്കളെ അറിയിക്കുകയും ചെയ്തു. ഒരു വനിതാ പ്രവര്‍ത്തകയുള്‍പ്പെടെ മുപ്പതോളം പേര്‍ പങ്കെടുത്ത യോഗത്തിലെ സംസാരത്തില്‍ ദുരുദ്ദേശപരമായി ഒരു വാക്കും പറഞ്ഞിട്ടില്ല.

യോഗത്തില്‍ പങ്കെടുത്ത സഹപ്രവര്‍ത്തകരില്‍ ആര്‍ക്കെങ്കിലും ഏതെങ്കിലും തരത്തില്‍, തെറ്റിദ്ധരിച്ചോ അല്ലാതെയോ എന്തെങ്കിലും പ്രയാസമുണ്ടായിട്ടുണ്ടെങ്കില്‍ അതില്‍ ഖേദം പ്രകടിപ്പിക്കുന്നു. പ്രസ്തുത കമ്മിറ്റിയില്‍ തന്നെ ഈ വിഷയം ഉന്നയിക്കുകയോ പ്രതിഷേധം അറിയിക്കുകയോ ചെയ്തിരുന്നുവെങ്കില്‍ പരാതിക്കാരുടെ തെറ്റിദ്ധാരണ തിരുത്താനും ആവശ്യമെങ്കില്‍ ക്ഷമ പറയാനും തയ്യാറാകുമായിരുന്നു.

പാര്‍ട്ടി അച്ചടക്കവും പാര്‍ട്ടിയുമാണ് പ്രധാനം, ആഴ്ചകളായി പലതരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിക്കുമ്പോഴും ഒരു വാക്ക് പോലും മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറയാതിരുന്നതും സോഷ്യല്‍ മീഡിയ വഴി പ്രതികരിക്കാതിരുന്നതും വിഷയത്തില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നത് വരെ ആരും പത്രസമ്മേളനങ്ങളോ പ്രതികരണങ്ങളോ പാടില്ലെന്ന എന്റെ പാര്‍ട്ടിയുടെ അച്ചടക്കത്തിന്റെയും നേതാക്കളുടെ നിര്‍ദ്ദേശത്തിന്റെയും ഭാഗമായിട്ടായിരുന്നു.

ഇന്ന് വിഷയത്തില്‍ പാര്‍ട്ടി തീര്‍പ്പ് കല്‍പ്പിച്ചിരിക്കുന്നു. പാര്‍ട്ടി പറഞ്ഞാല്‍ അതിനപ്പുറം ഒരടി വെക്കില്ല. വിവാദങ്ങള്‍ ഇവിടെ അവസാനിക്കട്ടെ. തെരഞ്ഞെടുപ്പാനന്തര മുസ്ലിം ലീഗ് രാഷ്ട്രീയത്തില്‍ നിന്ന് ഒരു വിവാദമെങ്കിലും അകന്ന് നില്‍ക്കട്ടെ.

താലിബാന്‍ ലീഗെന്നും സ്ത്രീ വിരുദ്ധ പാര്‍ട്ടിയെന്നുമുള്ള പ്രചരണങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ നിറഞ്ഞ് നില്‍ക്കുമ്പോള്‍ വേദനിക്കുന്നത് സാധാരണക്കാരായ അനേകായിരം പ്രവര്‍ത്തകരുടെ ഹൃദയമാണ്. അവരില്‍ ഒരുവനായി ആ വേദനയെ ഉള്‍ക്കൊള്ളുന്നു.

ലൈംഗിക അധിക്ഷേപം നടത്തിയ സംഭവത്തില്‍ എവിടെയും തൊടാതെയുള്ള ഖേദ പ്രകടത്തില്‍ പ്രശ്‌നം അവസാനിപ്പിക്കരുതെന്ന അഭിപ്രായം ഹരിത നേതൃത്വത്തില്‍ ശക്തമായി. അധിക്ഷേപം നടത്തിയ ആരോപണ വിധേയരായ നേതാക്കളെ ഒരു മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യുകയും അവര്‍ പരസ്യമായി മാപ്പു പറയുകയും വേണമെന്ന ഹരിതയുടെ ആവശ്യം പരിഗണിക്കപ്പെട്ടിട്ടില്ലെന്നനാണ് അവരുടെ അഭിപ്രായം. വിഷയം ചര്‍ച്ച ചെയ്യാന്‍ എന്നപേരില്‍ ചേര്‍ന്ന യോഗത്തില്‍ നേതാക്കളുടെ തീരുമാനം ഹരിതക്കുമേല്‍ അടിച്ചേല്‍പ്പിക്കുകയായിരുന്നു എന്ന അഭിപ്രായം ശക്തമാണ്.

സ്പെഷ്യൽ കറസ്പോണ്ടന്റ്, സിറാജ്‌ലെെവ്

Latest