Connect with us

Uae

പറക്കും ടാക്സികൾ, കാർഗോ ഡ്രോണുകൾ; വ്യോമപാത മാപ്പിംഗ് രണ്ട് വർഷത്തിനകം പൂർത്തിയാകും

ലോകത്തിലെ ആദ്യത്തെ വ്യോമ ടാക്‌സി പദ്ധതി ആരംഭിക്കുന്ന നഗരമായി ദുബൈ മാറാൻ ഒരുങ്ങുകയാണ്.

Published

|

Last Updated

ദുബൈ | യു എ ഇയിൽ പറക്കും ടാക്സികൾ, കാർഗോ ഡ്രോണുകൾ തുടങ്ങിയവക്കുള്ള വ്യോമ ഇടനാഴി രണ്ട് വർഷം കൊണ്ട് പൂർത്തിയാകുമെന്ന് ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (ജി സി എ എ) വ്യാഴാഴ്ച പ്രഖ്യാപിച്ചു.

മാപ്പ് തയ്യാറാക്കാൻ ആരംഭിച്ചിട്ടുണ്ട്. അടുത്ത 20 മാസത്തിനുള്ളിൽ ആകാശ ഇടനാഴികളും നിയന്ത്രണങ്ങളും നിർവചിക്കും. പൈലറ്റഡ്, ഓട്ടോണമസ് എയർ ടാക്‌സികൾക്കും ഡ്രോണുകൾക്കുമുള്ള എയർ കോറിഡോർ മാപ്പിംഗ് യു എ ഇയുടെ അടിസ്ഥാന സൗകര്യങ്ങളിൽ പ്രധാനമാണ്.അഡ്വാൻസ്ഡ് എയർ മൊബിലിറ്റി സുഗമമായി നടപ്പിലാക്കാൻ പ്രാപ്തമാക്കുന്ന ഒരു നിർണായക നാഴികക്കല്ലാണെന്ന് ജി സി എ എ ഡയറക്ടർ ജനറൽ സൈഫ് മുഹമ്മദ് അൽ സുവൈദി പറഞ്ഞു.

“ഈ സംരംഭം വ്യോമ സഞ്ചാരത്തിന്റെ സുരക്ഷിതവും കാര്യക്ഷമവുമായ സ്വീകാര്യത ഉറപ്പാക്കുന്നു. നഗര ഗതാഗതത്തിന് പരിവർത്തനാത്മക പരിഹാരങ്ങൾ നൽകുന്നു. കൂടുതൽ മികച്ചതും ബന്ധിപ്പിച്ചതുമായ ഭാവിയിലേക്ക് വഴിയൊരുക്കുന്നു.’ആകാശ പാതകൾ യു എ ഇയിലെ പ്രധാന അന്താരാഷ്ട്ര വിമാനത്താവളങ്ങളെയും ഐക്കണിക് സ്ഥലങ്ങളെയും ബന്ധിപ്പിക്കും. രാജ്യത്തിന്റെ നഗര ഭൂപ്രകൃതികളിലുടനീളം പൈലറ്റഡ്, ഓട്ടോണമസ് എയർ ടാക്‌സികളുടെയും കാർഗോ ഡ്രോണുകളുടെയും സുഗമമായ സംയോജനം ഉറപ്പാക്കും.’

ലോകത്തിലെ ആദ്യത്തെ വ്യോമ ടാക്‌സി പദ്ധതി ആരംഭിക്കുന്ന നഗരമായി ദുബൈ മാറാൻ ഒരുങ്ങുകയാണ്. 2026 ന്റെ ആദ്യ പാദത്തിൽ സേവനം ആരംഭിക്കും. ജനുവരി ഒമ്പതിന് ദുബൈ രാജ്യത്തെ ആദ്യത്തെ വാണിജ്യ വെർട്ടിപോർട്ട് പ്രഖ്യാപിച്ചു. അതിനെ ദുബൈ ഇന്റർനാഷണൽ വെർട്ടിപോർട്ട് (ഡി എക്‌സ് വി ) എന്ന് നാമകരണം ചെയ്യും.

ഈ ആഴ്ച ആദ്യം, അൽ ബത്തീൻ, യാസ് ഐലൻഡ്, ഖലീഫ തുറമുഖം എന്നിവയുൾപ്പെടെ അബൂദബിയിലെ മൂന്ന് പ്രധാന സ്ഥലങ്ങളിൽ വെർട്ടിപോർട്ടുകൾ നിർമിക്കുമെന്ന് പ്രഖ്യാപിച്ചു. 2026ൽ പ്രവർത്തനം ആരംഭിക്കാൻ ഉദ്ദേശിക്കുന്ന പറക്കും ടാക്‌സികളുടെ ടേക്ക് ഓഫ്, ലാൻഡിംഗ്, സർവീസ് എന്നിവക്കായി വെർട്ടിപോർട്ടുകൾ അനിവാര്യമാണ്.