Connect with us

Ongoing News

ദുബൈയില്‍ പറക്കും ടാക്സികള്‍ 2026ഓടെ പ്രവര്‍ത്തനക്ഷമമാകും

2026-ഓടെ സ്ഥിരമായ എയര്‍ ടാക്സി സേവനങ്ങള്‍ക്കായി പൂര്‍ണമായി വികസിപ്പിച്ച വെര്‍ട്ടിപോര്‍ട്ടുകളുടെ ശൃംഖലയുള്ള ലോകത്തിലെ ആദ്യത്തെ നഗരമായിരിക്കും ദുബൈ.

Published

|

Last Updated

ദുബൈ | ദുബൈ 2026-ഓടെ ഫ്‌ളൈയിങ് ടാക്‌സികളുടെ സമ്പൂര്‍ണ പ്രവര്‍ത്തനങ്ങള്‍ക്ക് സാക്ഷ്യം വഹിക്കും. ദുബൈ വേള്‍ഡ് കോണ്‍ഗ്രസ് ഫോര്‍ സെല്‍ഫ് ഡ്രൈവിംഗ് ട്രാന്‍സ്പോര്‍ട്ടിന്റെ സമാപന ദിനത്തില്‍ സ്‌കൈപോര്‍ട്സ് സി ഇ ഒ. ഡങ്കന്‍ വാക്കറാണ് ഇക്കാര്യം അറിയിച്ചത്.

യു എ ഇയിലെ ആദ്യ വെര്‍ട്ടിപോര്‍ട്ട് നിര്‍മിക്കാന്‍ ചുമതലപ്പെടുത്തിയ ലണ്ടന്‍ ആസ്ഥാനമായുള്ള കമ്പനിയുടെ സി ഇ ഒ ആണ് ഡങ്കന്‍ വാക്കര്‍. 2026-ഓടെ സ്ഥിരമായ എയര്‍ ടാക്സി സേവനങ്ങള്‍ക്കായി പൂര്‍ണമായി വികസിപ്പിച്ച വെര്‍ട്ടിപോര്‍ട്ടുകളുടെ ശൃംഖലയുള്ള ലോകത്തിലെ ആദ്യത്തെ നഗരമായിരിക്കും ദുബൈ.

ഡ്രോണുകളുടെ ലാന്‍ഡിംഗിനും ടേക്ക്ഓഫിനുമായി രൂപകല്‍പന ചെയ്ത സൗകര്യമാണ് വെര്‍ട്ടിപോര്‍ട്ട് (വെര്‍ട്ടിക്കല്‍ എയര്‍പോര്‍ട്ട്). വ്യത്യസ്ത വലിപ്പവും ഭാരവുമുള്ള സ്‌പെസിഫിക്കേഷനുകളുള്ള പരമ്പരാഗത ഹെലികോപ്റ്ററുകള്‍ ഉള്‍ക്കൊള്ളാന്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ള ഒരു ഹെലിപാഡിനോ ഹെലിപോര്‍ട്ടിനോ സമാനമായതല്ല ഇത്.

ഒരു വെര്‍ട്ടിപോര്‍ട്ടിന് ഒന്നിലധികം ഡ്രോണുകളെ ഉള്‍ക്കൊള്ളാന്‍ കഴിയും. റീചാര്‍ജ് ചെയ്യാനും സൗകര്യമുണ്ടാകും. ഈ വര്‍ഷം ഫെബ്രുവരിയില്‍ ദുബൈയില്‍ നടന്ന ലോക ഗവണ്‍മെന്റ് ഉച്ചകോടിയിലാണ് വെര്‍ട്ടിപോര്‍ട്ട് വികസനത്തിന് അംഗീകാരം നല്‍കിയത്.

ഓടാന്‍ കഴിയുന്ന റൊബോട്ടുകള്‍ ഉടന്‍
ദുബൈ മനുഷ്യരെപ്പോലെ ഓടാന്‍ കഴിയുന്ന റൊബോട്ടുകള്‍ ഉടന്‍ യാഥാര്‍ഥ്യമാകുമെന്ന് വിദഗ്ധര്‍. ആര്‍ ടി എ സംഘടിപ്പിച്ച വേള്‍ഡ് കോണ്‍ഗ്രസ് ഫോര്‍ സെല്‍ഫ് ഡ്രൈവിംഗ് ട്രാന്‍സ്പോര്‍ട്ടില്‍ ഇവ അവതരിപ്പിച്ചു. ‘റോബോട്ടിക് മൊബിലിറ്റിയുടെ ഭാവി’ എന്ന സെഷനില്‍ സ്വിസ് മൈലിന്റെ സ്ഥാപകനായ ഡോ. മാര്‍ക്കോ ബിജെലോണിക്ക് ഇത് അവതരിപ്പിച്ചു.

വൃത്തിയുള്ളതും സുരക്ഷിതവും കുറഞ്ഞ ചെലവില്‍ ഡെലിവറി സേവനങ്ങള്‍ നല്‍കുന്നതുമായിരിക്കും ഈ റോബോട്ടുകള്‍. അസാമാന്യമായ ചലന നൈപുണ്യവും ഉയര്‍ന്ന വേഗവുമുണ്ടാകും. കോണിപ്പടികള്‍ അടക്കം വ്യത്യസ്ത പരിതസ്ഥിതികളില്‍ സുഗമമായ ചലനം സാധ്യമാക്കുന്നതുമായ നാല് കാലുകളുള്ള, അര്‍ധ-മനുഷ്യ വാഹനമാണ് ട്രാന്‍സ്‌ഫോര്‍മിംഗ് റോബോട്ട്.

പാറക്കെട്ടുകള്‍, തുരങ്കങ്ങള്‍ എന്നിവ താണ്ടാന്‍ ഇവയ്ക്കു കഴിയും. കൂടാതെ ഇത് ഒന്നിലധികം ഭാഷകളിലും ടച്ച് ഫീച്ചറിലും കൈകാര്യം ചെയ്യാന്‍ കഴിയും. ഡെലിവറി ചെയ്യുന്നതിനുള്ള ഒരു സ്വതന്ത്ര മാര്‍ഗമായാണ് റോബോട്ട് രൂപകല്‍പന ചെയ്തിരിക്കുന്നതെന്നും എന്നാല്‍ അതിന്റെ ആപ്ലിക്കേഷനുകള്‍ ഡെലിവറി എന്നതിനപ്പുറമാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നതെന്നും ഡോ. മാര്‍ക്കോ ബിജെലോണിക്ക് പറഞ്ഞു.

ഈ റോബോട്ടിന് നാല് ചക്രങ്ങളില്‍ ഓടാന്‍ കഴിയും. രണ്ട് കാലുകളില്‍ ആറടി ഉയരത്തില്‍ നില്‍ക്കാന്‍ രൂപാന്തരപ്പെടുത്താം. പരമ്പരാഗത റോബോട്ടുകളെ അപേക്ഷിച്ച് കൂടുതല്‍ അയവുള്ളതാക്കുന്നതിന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനമാണ് ഇതിന്റെ ചലനം നിയന്ത്രിക്കുന്നത്. ഡാറ്റാ മാപ്പിംഗ് സംവിധാനവും റോബോട്ടിനുണ്ട്. കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കുന്നതിനും ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനും ഉപഭോക്തൃ സംതൃപ്തി മെച്ചപ്പെടുത്തുന്നതിനും കൂടുതല്‍ സുസ്ഥിരമായ ഭാവി ചാര്‍ട്ട് ചെയ്യുന്നതിനും ഇവയെ ഉപയോഗിക്കാം. വിവിധ ദുരന്ത സാഹചര്യങ്ങളില്‍ നിന്ന് മനുഷ്യരെ രക്ഷപ്പെടുത്താന്‍ ഭാവി റോബോട്ടുകള്‍ രൂപകല്‍പന ചെയ്യുമെന്നും ബിജെലോണിക്ക് പറഞ്ഞു. തകര്‍ന്ന കെട്ടിടങ്ങള്‍, ഭൂഗര്‍ഭ ചുറ്റുപാടുകള്‍, ഭാവിയിലെ മറ്റ് ദുരന്ത സാഹചര്യങ്ങള്‍ എന്നിവയില്‍ ഇത് ഉപയോഗപ്രദമാകും.

പറന്നുയര്‍ന്ന് ‘പറക്കും മനുഷ്യന്‍’
‘പറക്കും മനുഷ്യന്‍’ ദുബൈയില്‍ പറന്നുയര്‍ന്നു. വേള്‍ഡ് ട്രേഡ് സെന്ററിലെ സബീല്‍ ഹാളിന്റെ പാര്‍ക്കിംഗ് ഏരിയയിലാണ് പറക്കുന്ന മനുഷ്യന്‍ എന്ന അപരനാമമുള്ള സാം റോജേഴ്സ് സ്വയം നിര്‍മിത സ്യൂട്ടില്‍ പറന്നുയര്‍ന്നത്. മൂന്ന് തവണ 15 മീറ്റര്‍ വരെ ഉയരത്തില്‍ അദ്ദേഹം പറന്നു. ഒഴിഞ്ഞ പ്രദേശത്ത് 6,000 അടി വരെ ഉയരാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.

യു കെ ആസ്ഥാനമായുള്ള ഗ്രാവിറ്റി ഇന്‍ഡസ്ട്രീസിലെ ടെസ്റ്റ് പൈലറ്റും ഡിസൈന്‍ ലീഡുമാണ് സാം റോജേഴ്സ്. കഴിഞ്ഞ ദിവസം സെല്‍ഫ് ഡ്രൈവിംഗ് കോണ്‍ഗ്രസിന്റെ ഉദ്ഘാടന വേദിയില്‍ അദ്ദേഹം പ്രവര്‍ത്തനം വിശദമാക്കിയിരുന്ന ഗ്രാവിറ്റി ജെറ്റ് സ്യൂട്ട് ഇന്നലെ പ്രദര്‍ശിപ്പിക്കുകയായിരുന്നു .

സ്വന്തമായി റോക്കറ്റുകള്‍, റേഡിയോ നിയന്ത്രിത വിമാനങ്ങള്‍, കാമറ ഉപകരണങ്ങള്‍ എന്നിവ പരീക്ഷിച്ചും നിര്‍മിച്ചും വളര്‍ന്നയാളാണ് റോജേഴ്സ്. അദ്ദേഹം സ്വയം രൂപകല്‍പന ചെയ്യുകയും നിര്‍മിക്കുകയും ചെയ്തതാണ് ഗ്രാവിറ്റി ജെറ്റ് സ്യൂട്ട്.

കോണ്‍ഗ്രസ് സമാപിച്ചു
സുസ്ഥിരമായ മൊബിലിറ്റിയില്‍ അത്യാധുനിക സാങ്കേതികവിദ്യകള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടും സ്വയംഭരണ മൊബിലിറ്റി സാങ്കേതികവിദ്യയുടെ വിവിധ വശങ്ങള്‍ ചര്‍ച്ച ചെയ്തു കൊണ്ടും മിഡില്‍ ഈസ്റ്റിലെ ഇത്തരത്തിലുള്ള ആദ്യത്തെ പരിപാടിയായ സെല്‍ഫ് ഡ്രൈവിങ് കോണ്‍ഗ്രസ് ഇന്നലെ സമാപിച്ചു.

പ്രമുഖരായ എക്‌സിക്യൂട്ടീവുകള്‍, ഗവേഷകര്‍, വിദഗ്ധര്‍, ഡെവലപ്പര്‍മാര്‍ എന്നിവരുള്‍പ്പെടെ 2000-ലധികം അന്തര്‍ദേശീയ പങ്കാളികളും 53 പ്രഭാഷകരും പങ്കെടുത്തു. പ്രമുഖ സ്ഥാപനങ്ങള്‍ ഉള്‍ക്കൊള്ളുന്ന 40ല്‍ അധികം പേര്‍ ഭാവി യാത്രാ പദ്ധതികള്‍ പ്രദര്‍ശിപ്പിച്ചു.

 

 

Latest