National
കാലിത്തീറ്റ കുംഭകോണം കേസ്: ലാലുവിന്റെ ജാമ്യം ചോദ്യം ചെയ്ത് സിബിഐ സുപ്രീംകോടതിയില്‍
ജാമ്യം റദ്ദാക്കണമെന്നായിരുന്നു സിബിഐയുടെ ആവശ്യം.
ന്യൂഡല്‍ഹി| കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട ഡൊറണ്ട ട്രഷറി കേസില്‍ ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന് ജാര്‍ഖണ്ഡ് ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെതിരെ സിബിഐ സുപ്രീംകോടതിയെ സമീപിച്ചു. സിബിഐ സമര്‍പ്പിച്ച അപ്പീലുകള്‍ ഓഗസ്റ്റ് 25ന് ലിസ്റ്റ് ചെയ്യാന്‍ സുപ്രീംകോടതി സമ്മതിച്ചു. കോടികളുടെ കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട നാല് കേസുകളില്‍ ലാലു പ്രസാദിന് ജാമ്യം അനുവദിച്ച ജാര്‍ഖണ്ഡ് ഹൈക്കോടതിയുടെ ഉത്തരവിനെതിരെയാണ് സിബിഐ ചോദ്യം ചെയ്തത്. അദ്ദേഹത്തിന്റെ ജാമ്യം റദ്ദാക്കണമെന്നായിരുന്നു സിബിഐയുടെ ആവശ്യം.
ഈ വര്‍ഷം ഫെബ്രുവരിയില്‍ കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട ഡൊറണ്ട ട്രഷറി കേസില്‍ ലാലു പ്രസാദ് യാദവ് കുറ്റക്കാരനാണെന്ന് പ്രത്യേക സിബിഐ കോടതി വിധിച്ചിരുന്നു. ലാലു പ്രസാദ് യാദവ് ബിഹാര്‍ മുഖ്യമന്ത്രിയായിരിക്കെ കന്നുകാലികള്‍ക്ക് കാലിത്തീറ്റയ്ക്കും മറ്റ് ആവശ്യങ്ങള്‍ക്കുമായി വിവിധ സര്‍ക്കാര്‍ ട്രഷറികളില്‍ നിന്ന് 950 കോടി രൂപ അനധികൃതമായി പിന്‍വലിച്ചതാണ് കാലിത്തീറ്റ കുംഭകോണം.
ഡൊറണ്ട ട്രഷറി കേസിലെ 99 പ്രതികളില്‍ 24 പേരെ വെറുതെവിട്ടപ്പോള്‍ 46 പ്രതികള്‍ക്ക് കഴിഞ്ഞയാഴ്ച തന്നെ മൂന്ന് വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചു. ജാര്‍ഖണ്ഡിലെ ദുംക, ദിയോഘര്‍, ചൈബാസ ട്രഷറികളുമായി ബന്ധപ്പെട്ട നാല് കേസുകളില്‍ ലാലു പ്രസാദ് യാദവിന് നേരത്തെ 14 വര്‍ഷം തടവ് ശിക്ഷ ലഭിച്ചിരുന്നു.