Connect with us

National

മൂടൽ മഞ്ഞ്; വിമാന സർവീസ് താറുമാറാകാതിരിക്കാൻ ആറിന കർമ പദ്ധതിയുമായി വ്യോമയാന മന്ത്രാലയം

ആറ് മെട്രോ വിമാനത്താവളങ്ങളിലും എയർലൈൻ കമ്പനികളോട് വാർ റൂമുകൾ സ്ഥാപിക്കാൻ നിർദേശം നൽകിയിട്ടുണ്ടെ'ന്ന് കേന്ദ്ര വ്യോമയാന മന്ത്രി

Published

|

Last Updated

ന്യൂഡൽഹി | മൂടൽമഞ്ഞ് മൂലം രാജ്യതലസ്ഥാനത്തും സമീപ പ്രദേശങ്ങളിലും വിമാന സർവീസുകൾ തടസ്സപ്പെടുന്നതിനെ തുടർന്നുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ആറ് പോയിന്റുകളുള്ള കർമ്മ പദ്ധതി പ്രഖ്യാപിച്ചു. മൂടൽ മഞ്ഞ് കാരണം നൂറുകണക്കിന് ആഭ്യന്തര, അന്തർദേശീയ വാണിജ്യ വിമാന സർവീസുകൾക്ക് തടസ്സം നേരിടുന്ന സാഹചര്യത്തിലാണ് നടപടി. യാത്രക്കാരുടെ അസൗകര്യം കുറയ്ക്കുന്നതിന് പുതിയ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങൾ എയർലൈനുകൾക്ക് നൽകിയതായി വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ എക്സ് പോസ്റ്റിൽ പറഞ്ഞു.

ആറ് മെട്രോ നഗരങ്ങളിലെയും വിമാനത്താവളങ്ങളുടെ പ്രതിദിന റിപ്പോർട്ടുകളും സിവിൽ ഏവിയേഷൻ ജനറൽ ഡയറക്ടറേറ്റിന്റെ നിർദ്ദേശങ്ങൾ നടപ്പാക്കുന്നതിന്റെ റിപ്പോർട്ടുകളും സർക്കാരിന്റെ പക്കലുണ്ടെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. യാത്രക്കാർക്ക് അസൗകര്യം നേരിട്ടാൽ ഉടൻ പരിഹാരം കണ്ടെത്തുന്നതിന് മതിയായ സിഐഎസ്‌എഫ് സേനയുടെ ലഭ്യത ഉറപ്പാക്കും. ആറ് മെട്രോ വിമാനത്താവളങ്ങളിലും എയർലൈൻ കമ്പനികളോട് വാർ റൂമുകൾ സ്ഥാപിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും സിന്ധ്യ പറഞ്ഞു.

ഡൽഹി വിമാനത്താവളത്തിന്റെ റൺവേ 29 എൽ കാറ്റ് ത്രീ പ്രവർത്തനക്ഷമമാക്കിയിട്ടുണ്ടെന്നും അതിനാൽ ദൃശ്യപരത കുറഞ്ഞ സാഹചര്യങ്ങളിലും ടേക്ക് ഓഫുകളും പുറപ്പെടലും കൈകാര്യം ചെയ്യാൻ കഴിയുമെന്നും മന്ത്രി അ്രിയിച്ചു. റൺവേ 10/28 ലെ കാറ്റ് ത്രീ വേഗം പ്രവർത്തനക്ഷമമാക്കുമെന്നും പറഞ്ഞു.

മൂടൽമഞ്ഞ് കാരണം വിമാനം വൈകുന്നത് യാത്രക്കാർക്കിടയിൽ കടുത്ത അമർഷത്തിനും പിരിമുറുക്കത്തിനും കാരണമാകുന്നുണ്ട്. വിമാനത്തിൽ കയറാൻ യാത്രക്കാർക്ക് മണിക്കൂറുകളോളം റൺവേയിൽ ക്യൂ നിൽക്കേണ്ട സ്ഥിതിയാണ്. ഞായറാഴ്ച രാത്രി 10 മണിക്കൂറിലധികം വൈകിയ ഡൽഹി-ഗോവ വിമാനത്തിന്റെ ക്യാപ്റ്റനെ ഇൻഡിഗോ യാത്രക്കാരൻ ആക്രമിച്ച സംഭവം ഇതിന്റെ ഗൗരവം വ്യക്തമാക്കുന്നതായിരുന്നു.

Latest