odd news
മകന്റെ പാത പിന്തുടർന്ന് ബുള്ളറ്റിൽ കശ്മീരിലേക്ക് യാത്ര തിരിച്ച് ഹാജിറയും കുഞ്ഞാലിയും
പ്രവാസിയായ മകൻ നിഷാദ് കഴിഞ്ഞ മാസം നാട്ടിലെത്തിയപ്പോൾ ഇന്ത്യയിലെ 18 സംസ്ഥാനങ്ങൾ ബുള്ളറ്റിൽ ചുറ്റിസഞ്ചരിച്ചിരുന്നു. മകൻ ബുള്ളറ്റിൽ കറങ്ങിയ ആവേശമാണ് പിതാവ് കുഞ്ഞാലിക്കും ഭാര്യ ഹാജിറക്കും ബുള്ളറ്റിൽ കാശ്മീർ കാണാൻ പ്രചോദനം നല്‍കിയത്
മാനന്തവാടി | മകന്റെ പാത പിന്തുടർന്ന് ബുള്ളറ്റിൽ കശ്മീർ കാണാൻ തിരിച്ച് രക്ഷിതാക്കളും. മാനന്തവാടി വിൻസെന്റ്ഗിരി മണ്ടിയപ്പുറം കുഞ്ഞാലിയും ഭാര്യ ഹാജിറയുമാണ് ബുള്ളറ്റിൽ കശ്മീരിലേക്ക് യാത്ര തിരിച്ചത്.
പ്രവാസിയായ മകൻ നിഷാദ് കഴിഞ്ഞ മാസം നാട്ടിലെത്തിയപ്പോൾ ഇന്ത്യയിലെ 18 സംസ്ഥാനങ്ങൾ ബുള്ളറ്റിൽ ചുറ്റിസഞ്ചരിച്ചിരുന്നു. മകൻ ബുള്ളറ്റിൽ കറങ്ങിയ ആവേശമാണ് പിതാവ് കുഞ്ഞാലിക്കും ഭാര്യ ഹാജിറക്കും ബുള്ളറ്റിൽ കാശ്മീർ കാണാൻ പ്രചോദനം നല്‍കിയത്. 63 കാരനായ കുഞ്ഞാലിക്കും 58 കാരിയായ ഭാര്യ ഹാജിറക്കും പ്രായത്തിന്റെ വിഷമതയൊന്നും യാത്രക്ക് ഒരു തടസ്സമല്ല.
മാനന്തവാടിയിൽ ബുള്ളറ്റ് വർക്ക് ഷോപ്പ് നടത്തുകയും നിരവധി തവണ ബുള്ളറ്റിൽ ഇന്ത്യ ചുറ്റി കണ്ട പ്രദീപ് കുഞ്ഞാലിയുടെ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. കശ്മീരിലെത്താന്‍ 45 ദിവസമെടുക്കുമെന്നും യാത്ര ഒരു ഉണർവാകുമെന്ന് ഇരുവരും പറഞ്ഞു.
കുഞ്ഞാലിയെയും ഹാജിറയെയും യാത്രയാക്കാൻ ബന്ധുക്കളടക്കം നിരവധി പേർ എത്തിയിരുന്നു. പ്രായം തളർത്തിയില്ലെങ്കിൽ ഇനിയും ഇത്തരം യാത്രകൾ നടത്തുമെന്നും ഇരുവരും പറഞ്ഞു.