Kerala
ആശവര്‍ക്കര്‍മാര്‍ക്കു പിന്നാലെ രാപ്പകല്‍ സമരവുമായി അങ്കണവാടി ജീവനക്കാരും
സമരത്തില്‍ പങ്കെടുക്കുന്ന ജീവനക്കാര്‍ക്ക് ഓണറേറിയം നല്‍കരുതെന്ന വനിത ശിശു വികസന ഡയറക്ടറുടെ ഉത്തരവിനെതിരെയും ജീവനക്കാര്‍ പ്രതിഷേധത്തിലാണ്.

തിരുവനന്തപുരം| ആശവര്‍ക്കര്‍മാര്‍ക്കു പിന്നാലെ സെക്രട്ടറിയേറ്റ് പടിക്കല്‍ അനിശ്ചിതകാല രാപ്പകല്‍ സമരം തുടങ്ങി അങ്കണവാടി ജീവനക്കാരും. മിനിമം കൂലി 21000 ആക്കണം, കുടിശ്ശികയായ ക്ഷേമനിധി ആനുകൂല്യം വിതരണം ചെയ്യണം, വിരമിക്കല്‍ ആനുകൂല്യം വേണം എന്നതടക്കമുള്ള ആവശ്യം ഉന്നയിച്ചാണ് സമരം. സമരത്തില്‍ പങ്കെടുക്കുന്ന ജീവനക്കാര്‍ക്ക് ഓണറേറിയം നല്‍കരുതെന്ന വനിത ശിശു വികസന ഡയറക്ടറുടെ ഉത്തരവിനെതിരെയും ജീവനക്കാര്‍ പ്രതിഷേധത്തിലാണ്.
അതേസമയം ആശമാര്‍ ഈ മാസം 20 മുതല്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാര സമരം ആരംഭിക്കും. ആദ്യഘട്ടത്തില്‍ മൂന്ന് നേതാക്കള്‍ നിരാഹാര സമരമിരിക്കും. ആശ ഹെല്‍ത്ത് വര്‍ക്കേസ് അസ്സോസിയേഷന്‍ നേതാവ് വി കെ സദാനന്ദനാണ് നിരാഹാര സമരം പ്രഖ്യാപിച്ചത്. ആശാ പ്രവര്‍ത്തകര്‍ സെക്രട്ടേറിയേറ്റിന് മുന്നില്‍ നടത്തുന്ന രാപ്പകല്‍ സമരം 37 ദിവസം പിന്നിട്ടിട്ടും സര്‍ക്കാര്‍ ആവശ്യങ്ങള്‍ അംഗീകരിക്കാത്തതിനെ തുടര്‍ന്നാണ് സമരം ശക്തമാക്കുന്നത്.
സമരം ഒരു മാസം പിന്നിട്ടതിന് പിന്നാലെ ഇന്നലെ ആശമാരുടെ സെക്രട്ടേറിയേറ്റ് ഉപരോധം നടന്നു. വിവിധയിടങ്ങളില്‍ നിന്നെത്തിയ നൂറ് കണക്കിന് ആശമാരാണ് സെക്രട്ടേറിയേറ്റ് ഉപരോധിച്ചത്. സര്‍ക്കാര്‍ സംഘടിപ്പിച്ച പരിശീലന പരിപാടി ബഹിഷ്‌കരിച്ചാണ് ആശമാര്‍ സെക്രട്ടേറിയറ്റ് ഉപരോധത്തില്‍ പങ്കെടുത്തത്. രാവിലെ 10 മണിയോടെ പ്രതിഷേധവുമായി സമര ഗേറ്റിലേക്ക് സമരക്കാര്‍ നീങ്ങി. തുടര്‍ന്ന് റോഡിലിരുന്നും കിടന്നും പ്രതിഷേധം തീര്‍ത്തു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കോണ്‍ഗ്രസ്സ് നേതാവ് രമേശ് ചെന്നിത്തല, കെ കെ രമ എം എല്‍ എ, പൊമ്പിളെ ഒരുമ നേതാവ് ഗോമതി തുടങ്ങിയവര്‍ ഉപരോധത്തില്‍ ഐക്യദാര്‍ഢ്യവുമായി എത്തി.