National
കർണാടകയിൽ ഹിജാബ് നിരോധനത്തിന് പിന്നാലെ ഹലാല്‍ മാംസത്തെയും ലക്ഷ്യമിട്ട് സംഘപരിവാര്‍
ഇസ്ലാമിക ആചാരപ്രകാരം അറുത്ത മാംസം ഹിന്ദു 'ദൈവങ്ങള്‍'ക്ക് സമര്‍പ്പിക്കാനാകില്ലെന്ന് പ്രചാരണം നടത്തി ഹിന്ദു ജനജാഗ്രത സമിതിയാണ് രംഗത്ത് വരുന്നത്.
ബംഗളൂരു | ഹിജാബ് നിരോധനത്തിന് പിന്നാലെ ഹലാല്‍ മാംസ വിപണിയെ ലക്ഷ്യമിട്ട് കര്‍ണാടകയിലെ സംഘപരിവാര്‍ സംഘടനകള്‍. ഇസ്ലാമിക ആചാരപ്രകാരം അറുത്ത മാംസം ഹിന്ദു ‘ദൈവങ്ങള്‍’ക്ക് സമര്‍പ്പിക്കാനാകില്ലെന്ന് പ്രചാരണം നടത്തി ഹിന്ദു ജനജാഗ്രത സമിതിയാണ് രംഗത്ത് വരുന്നത്. ഇസ്ലാം മതവിശ്വാസപ്രകാരം ഹലാല്‍ മാംസം ആദ്യം അര്‍പ്പിക്കുന്നത് അല്ലാഹുവിനാണെന്നും ഹിന്ദു ‘ദൈവ’ത്തിനല്ലെന്നുമാണ് സംഘടനയുടെ വാദം.
കര്‍ണാടകയില്‍ ഹിജാബ് നിരോധനത്തെച്ചൊല്ലി വിവാദം നിലനില്‍ക്കുന്നതിനിടയിലാണ് പുതിയ വിവാദത്തിന് സംഘപരിവാര്‍ കോപ്പുകൂട്ടുന്നത്. മുസ്ലീങ്ങള്‍ മൃഗത്തെ അറുക്കുമ്പോള്‍ അതിന്റെ മുഖം മക്കയിലേക്ക് തിരിച്ച് പ്രാര്‍ത്ഥിക്കും. അതേ മാംസം ഹിന്ദു ദേവന്മാര്‍ക്ക് അര്‍പ്പിക്കാന്‍ കഴിയില്ലെന്നും സംഘടനാ നേതാവ് മോഹന്‍ ഗൗഡ പറഞ്ഞു. കര്‍ണാടകയിലെ പുതുവര്‍ഷാഘോഷമായ യുഗാദിയോടനുബന്ധിച്ച് മാംസവ്യാപാരം സജീവാകുന്നത് മുന്നില്‍ കണ്ടാണ് വിവാദത്തിന് ശ്രമം നടത്തുന്നത്.
അഹിന്ദുക്കളെ ക്ഷേത്ര പരിസരത്ത് കച്ചവടം ചെയ്യാന്‍ അനുവദിക്കരുതെന്ന ആവശ്യവും ഇതിനിടെ ഉയര്‍ന്നിരുന്നു. ക്ഷേത്രങ്ങളില്‍ സംഘടിപ്പിക്കുന്ന വാര്‍ഷിക മേളകള്‍ക്കും മതപരമായ പരിപാടികള്‍ക്കും അഹിന്ദു വ്യാപാരികളെ പങ്കെടുപ്പിക്കരുതന്ന് എന്നായിരുന്നു ആവശ്യം. ഉഡുപ്പി ജില്ലയില്‍ നടക്കുന്ന വാര്‍ഷിക കൗപ് മാരിഗുഡി ഉത്സവത്തോടെയാണ് ഇത് ആരംഭിച്ചത്. ബാനറുകള്‍ ഉയര്‍ത്തിയായിരുന്നു പ്രതിഷേധം. പദ്ബിദാരി ക്ഷേത്രോത്സവത്തിലും ദക്ഷിണ കന്നഡ ജില്ലയിലെ ചില ക്ഷേത്രങ്ങളിലും സമാനമായ ബാനറുകള്‍ സ്ഥാപിച്ചിട്ടുണ്ട്.