Kerala
ഭക്ഷ്യ വകുപ്പ് വലിയ പ്രതിസന്ധിയില്‍; കേന്ദ്രം സഹായിച്ചില്ലെങ്കില്‍ സംസ്ഥാനത്ത് അരി വില കൂടുമെന്ന് ഭക്ഷ്യമന്ത്രി
ഭക്ഷ്യ വകുപ്പ് നേരിടുന്ന പ്രശ്‌നങ്ങള്‍ മുന്നണിക്കകത്തും മന്ത്രിസഭയിലും സംസാരിക്കുമെന്നും പ്രശ്‌ന പരിഹാരത്തിനായി ധനമന്ത്രിയുമായും ചര്‍ച്ച നടത്തുമെന്നും മന്ത്രി

തിരുവനന്തപുരം| ഭക്ഷ്യ വകുപ്പ് കടന്നു പോകുന്നത് വലിയ പ്രതിസന്ധിയിലാണെന്നും കേന്ദ്രം സഹായിച്ചില്ലെങ്കില്‍ സംസ്ഥാനത്ത് അരി വില കൂടുമെന്നും ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍. പ്രതിസന്ധിക്ക് അനുസൃതമായ പരിഗണന ബജറ്റില്‍ വേണമെന്നും മന്ത്രി ജി.ആര്‍. അനില്‍ ആവശ്യപ്പെട്ടു. ഭക്ഷ്യ വകുപ്പ് നേരിടുന്ന പ്രശ്‌നങ്ങള്‍ മുന്നണിക്കകത്തും മന്ത്രിസഭയിലും സംസാരിക്കുമെന്നും പ്രശ്‌ന പരിഹാരത്തിനായി ധനമന്ത്രിയുമായും ചര്‍ച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു.
എഫ്.സി.ഐയുടെ ഓപ്പണ്‍ മാര്‍ക്കറ്റ് സ്‌കീമില്‍ പങ്കെടുക്കാന്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് അനുമതിയില്ലാത്തത് തിരിച്ചടിയാകുമെന്നും തീരുമാനം മാറ്റണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ബജറ്റില്‍ സി.പി.ഐ മന്ത്രിമാരുടെ വകുപ്പുകളെ തഴയുന്ന സമീപനമാണ് ധന വകുപ്പ് സ്വീകരിച്ചതെന്ന് ആക്ഷേപമുണ്ട്. ഇക്കാര്യത്തില്‍ ഭക്ഷ്യമന്ത്രി ജി.ആര്‍. അനിലും ധനമന്ത്രിയെ അനിഷ്ടം അറിയിച്ചിട്ടുണ്ട്.