Connect with us

From the print

ദുരന്തഭൂമിയിൽ സന്നദ്ധ സംഘടനകളുടെ ഭക്ഷണ വിതരണം തടഞ്ഞു; എ ഡി ജി പിക്കെതിരെ സി പി ഐ

ജനങ്ങളെ സർക്കാറിനെതിരെ തിരിക്കാൻ ശ്രമിച്ചെന്ന് വയനാട് ജില്ലാ സെക്രട്ടറി

Published

|

Last Updated

കൽപ്പറ്റ | എ ഡി ജി പി. എം ആർ അജിത് കുമാറിനെതിരെ ഗുരുതര ആരോപണവുമായി സി പി ഐ വയനാട് ജില്ലാ സെക്രട്ടറി ഇ ജെ ബാബു. വയനാട്ടിൽ ദുരന്തമുണ്ടായപ്പോൾ, ജനങ്ങളെ സർക്കാറിനെതിരെ തിരിക്കാൻ എ ഡി ജി പി ശ്രമിച്ചതായി നേരത്തേ സംശയമുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു. വയനാട്ടിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഉരുൾപൊട്ടൽ ദുരന്തസമയത്ത് സന്നദ്ധ സംഘടനകളുടെ ഭക്ഷണ വിതരണം തടഞ്ഞത് എ ഡി ജി പി അജിത് കുമാറായിരുന്നു. റവന്യൂമന്ത്രി രാജനടക്കം നാല് മന്ത്രിമാർ ക്യാമ്പ് ചെയ്തായിരുന്നു വയനാട്ടിൽ രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചിരുന്നത്. പ്രതിപക്ഷ എം എൽ എമാർക്ക് പോലും ആക്ഷേപമില്ലാത്ത രീതിയിൽ പദ്ധതികൾ ഏകോപിപ്പിച്ചു. ഒരു ദിവസം റവന്യൂ മന്ത്രിക്ക് വയനാട്ടിൽ നിന്ന് വിട്ടുനിൽക്കേണ്ടിവന്നു. അന്നാണ് എ ഡി ജി പി സന്നദ്ധ സംഘടനകളുടെ ഭക്ഷണ വിതരണം തടഞ്ഞത്. സർക്കാറിനെതിരായ നീക്കത്തിന്റെ ഭാഗമാണിതെന്ന് അന്നേ സംശയമുണ്ടായിരുന്നു. ഇക്കാര്യം റവന്യൂമന്ത്രി വയനാട്ടിൽ തിരിച്ചെത്തിയപ്പോൾ അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തു. തുടർന്ന് മന്ത്രി ഇടപെട്ട് നേരത്തേയുണ്ടായിരുന്നത് പോലെ സന്നദ്ധ സംഘടനകൾക്ക് ഭക്ഷണ വിതരണം ചെയ്യാനുള്ള അനുമതി നൽകുകയുമായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി വന്നപ്പോൾ മന്ത്രിമാരേക്കാൾ ദുരന്തഭൂമിയിൽ കാര്യങ്ങൾ ഏകോപിപ്പിച്ചത് എ ഡി ജി പി ആയിരുന്നില്ലേ എന്ന ചോദ്യത്തിന്, അക്കാര്യത്തെക്കുറിച്ച് ഇപ്പോഴൊന്നും പറയുന്നില്ലെന്നായിരുന്നു സെക്രട്ടറിയുടെ മറുപടി. വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായ ദിനം മുതൽ രക്ഷാപ്രവർത്തകർക്കും ക്യാമ്പിലുള്ളവർക്കുമെല്ലാം ഭക്ഷണ വിതരണവുമായി നിരവധി സംഘടനകൾ രംഗത്തെത്തിയിരുന്നു.

വൈറ്റ്ഗാർഡ്, എസ് വൈ എസ് സാന്ത്വനം പ്രവർത്തകരടക്കമുള്ള സന്നദ്ധ സംഘടനകളായിരുന്നു ഇതിന് നേതൃത്വം നൽകിയത്. എന്നൽ ഒരു ദിവസം സന്നദ്ധ സംഘടനകൾ ദുരന്തഭൂമിയിൽ ഭക്ഷണ വിതരണം നടത്തേണ്ടതില്ലെന്ന് ഔദ്യോഗികമായി അറിയിക്കുകയായിരുന്നു. വൈറ്റ് ഗാർഡിന്റെ അടുക്കള പൂട്ടിക്കുകയും ചെയ്തു. ഇത് വലിയ വിവാദത്തിനിടയാക്കിയിരുന്നു. പിറ്റേ ദിവസം മുതൽ സർക്കാർ നേരിട്ട് ഭക്ഷണ വിതരണം ആരംഭിച്ചെങ്കിലും പലർക്കും കിട്ടിയില്ലെന്നും ആരോപണം ഉയർന്നു.

സന്നദ്ധ സംഘടനകളുടെ അടുക്കള പൂട്ടിച്ച സർക്കാറിന് ശരിയായ രീതിയിൽ ഭക്ഷണ വിതരണം നടത്താൻ കഴിഞ്ഞില്ലെന്ന ആക്ഷേപം ശക്തമായി. ദുരന്തഭൂമിയിൽ രക്ഷാപ്രവർത്തനത്തിനെത്തിയ പലരും ഇതിൽ പ്രതിഷേധിക്കുകയും ചെയ്തു. പ്രതിഷേധം ശക്തമായപ്പോൾ സന്നദ്ധ സംഘടനകൾക്ക് ഭക്ഷണം എത്തിച്ച് നൽകാമെന്ന് സർക്കാർ ഔദ്യോഗികമായി അറിയിച്ചതോടെയാണ് വിവാദം കെട്ടടങ്ങിയത്.
ജനങ്ങളെ സർക്കാറിനെതിരെ തിരിക്കാൻ പോലീസിലെ ഒരു വിഭാഗം ശ്രമിക്കുന്നതായി ഇടതുപക്ഷ എം എൽ എമാരടക്കമുള്ളവർ ഇതിനകം ആരോപണം ഉന്നയിച്ചിട്ടുണ്ട്. എ ഡി ജി പി അജിത് കുമാറിനെ ലക്ഷ്യമിട്ടായിരുന്നു ഈ ആരോപണങ്ങൾ ഏറെയും. തൃശൂർ പൂരത്തിലെ മതപരമായ ചടങ്ങുകൾക്കിടയിൽ പോലീസ് നടത്തിയ ഇടപെടൽ വലിയ വാർത്തയായിരുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലായിരുന്നു ഇത്. ഇതിന് പിന്നിൽ ദുരൂഹതയുണ്ടെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കണമെന്നും തൃശൂരിലെ ഇടത് സ്ഥാനാർഥിയായിരുന്ന മുൻ മന്ത്രി വി എസ് സുനിൽ കുമാർ ആരോപണം ഉന്നയിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ഇ ജെ ബാബുവിന്റെ പ്രസ്താവന എന്നതും ശ്രദ്ധേയമാണ്.

Latest