Kerala
അവശ്യ സമയങ്ങളില്‍ ഇനിയും കിറ്റ് നല്‍കുമെന്ന് ഭക്ഷ്യമന്ത്രി അനിൽ
ഭരണത്തുടര്‍ച്ചക്ക് കിറ്റ് വിതരണം വളരെയധികം സഹായിക്കുകയും ചെയ്തു.
കോഴിക്കോട് | അവശ്യ സമയങ്ങളില്‍ ഇനിയും ഭക്ഷ്യക്കിറ്റ് നല്‍കുമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. കിറ്റ് വിതരണം എന്നന്നേക്കുമായി നിര്‍ത്തിയെന്ന് പറഞ്ഞിട്ടില്ലെന്നും കൊവിഡ് ഭീതി കുറഞ്ഞതുകൊണ്ടാണ് തല്‍ക്കാലം നിര്‍ത്തിയതെന്നും അദാലത്തിൽ പങ്കെടുക്കാൻ കോഴിക്കോട്ടെത്തിയ അദ്ദേഹം പറഞ്ഞു.
കൊവിഡ് വ്യാപനം തുടങ്ങിയ 2020 ഏപ്രില്‍-മെയിലാണ് സൗജന്യ കിറ്റ് നല്‍കിത്തുടങ്ങിയത്. സാര്‍വത്രിക ഭക്ഷ്യക്കിറ്റ് വിതരണം വലിയ ശ്രദ്ധ നേടി. ഉയര്‍ന്ന വരുമാനക്കാര്‍ ഉള്‍പ്പെടെ കിറ്റ് വാങ്ങിയിരുന്നു. തിരഞ്ഞെടുപ്പില്‍ സര്‍ക്കാറിന് ഭരണത്തുടര്‍ച്ചക്ക് കിറ്റ് വിതരണം വളരെയധികം സഹായിക്കുകയും ചെയ്തു.
അന്നുമുതല്‍ ഓണക്കാലംവരെ 13 തവണയാണ് കിറ്റ് വിതരണം ചെയ്തത്. ഏതാണ്ട് 11 കോടി കിറ്റുകള്‍ നല്‍കി. മാസം ശരാശരി 350-400 കോടി രൂപയാണ് ചെലവിട്ടത്. 11 കോടി കിറ്റുകള്‍ക്കായി 5200 കോടി രൂപ ചെലവിട്ടു.