Kerala
പച്ചക്കറി വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍
വിലക്കയറ്റം തടയാന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ ഇന്ന് ഉച്ചക്ക് ശേഷം മന്ത്രി മാധ്യമങ്ങളെ കണ്ട് വിശദീകരിക്കും
തിരുവനന്തപുരം | സംസ്ഥാനത്ത് പച്ചക്കറിക്ക് വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകുമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. വിലക്കയറ്റത്തില്‍ ജനങ്ങള്‍ക്ക് ആശങ്ക വേണ്ടെന്നും ഇടപെടല്‍ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. വിലക്കയറ്റം തടയാന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ ഇന്ന് ഉച്ചക്ക് ശേഷം മന്ത്രി മാധ്യമങ്ങളെ കണ്ട് വിശദീകരിക്കും.
അതേ സമയം പച്ചക്കറിക്ക് പൊള്ളുന്ന വിലയാണ്. വെള്ളരിക്ക് ഓണക്കാലത്തേക്കാള്‍ കൂടിയ വിലയാണ് നിലവില്‍. വെണ്ടയ്ക്ക, വഴുതന, ബീറ്റ്റൂട്ട്, സവാള, ചുവന്നുള്ളി എന്നിവയ്ക്കും വില ഉയര്‍ന്നു തന്നെ. എന്നാല്‍ ആളുകള്‍ വാങ്ങുന്നതിന്റെ അളവ് കുറച്ചതോടെ തക്കാളിക്ക് പത്ത് രൂപ കുറഞ്ഞ് 90 രൂപയായി.
കാബേജിനും വിലയേറി. 30 രൂപയായിരുന്ന കാബേജിന് 68 രൂപയാണ് പുതിയ വില. പയര്‍ 50 രൂപയില്‍ നിന്ന് 60 രൂപയായി. കോവക്കക്ക് 40 രൂപയില്‍ നിന്ന് 80 രൂപയും, വെള്ളരിക്ക് 45 ല്‍ നിന്ന് 60 രൂപയുമായി. വെണ്ടക്ക 65 രൂപയില്‍ നിന്ന് 90 രൂപയായി ഉയര്‍ന്നു. വഴുതനങ്ങയ്ക്ക് അഞ്ച് രൂപ വര്‍ധിച്ച് പുതിയ വില 75 രൂപയിലെത്തി. ബീറ്റ്റൂട്ടിന് 70 രൂപയാണ് പുതിയ വില. പാവക്കയ്ക്ക് പത്ത് രൂപ കുറഞ്ഞ് വില 70 ല്‍ എത്തി. സവാള വില 40 രൂപയും ചുവന്നുള്ളി 60 രൂപയുമായി