Connect with us

Kerala

കാക്കനാട് ഡിഎല്‍എഫ് ഫ്‌ലാറ്റിലെ ഭക്ഷ്യവിഷബാധ;  ഗൗരവതരമായ വിഷയമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

രോഗബാധിത പ്രദേശത്ത് ബോധവത്കരണം ശക്തിപ്പെടുത്തും.

Published

|

Last Updated

കൊച്ചി | കാക്കനാട് ഡിഎല്‍എഫ് ഫ്‌ലാറ്റില്‍ മുന്നൂറിലധികം പേര്‍ക്ക് ഭക്ഷ്യവിഷബാധ ഉണ്ടായ വിഷയത്തില്‍ പ്രതികരണവുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. രോഗബാധ ഗൗരവമുള്ളതാണെന്ന് മന്ത്രി പ്രതികരിച്ചു. ആരോഗ്യവകുപ്പ് ജാഗ്രതയോടെ വിഷയം കൈകാര്യം ചെയ്യുമെന്നും പൊതുജനാരോഗ്യ സംരക്ഷണ നിയമ പ്രകാരം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഫ്‌ളാറ്റിലെ കുടിവെള്ളത്തിന്റെ എല്ലാ സ്രോതസുകളും പരിശോധിക്കും. രോഗബാധിതരായ വ്യക്തികള്‍ പല ആശുപത്രികളില്‍ ചികിത്സ തേടിയത് കൊണ്ടായിരിക്കാം ഈ വിഷയം ആരോഗ്യ വകുപ്പിന്റെ ശ്രദ്ധയില്‍പ്പെടാതെപ്പോയത്. അക്കാര്യവും അന്വേഷിക്കുന്നതാണ്.രോഗബാധിത പ്രദേശത്ത് ബോധവത്കരണം ശക്തിപ്പെടുത്തും.

കുടിവെള്ളത്തില്‍ ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. മെയ് 27, 28 തീയതികള്‍ പെയ്ത ശക്തമായ മഴയെ തുടര്‍ന്ന് കാക്കനാട് വലിയ രീതിയിലുള്ള വെള്ളക്കെട്ട് ഉണ്ടായിരുന്നു. ഫ്ലാറ്റിന്റെ താഴ്ഭാഗം വരെ മുങ്ങിപോകുന്ന അവസ്ഥയുമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ആരോഗ്യ പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.ഫ്ലാറ്റിന് താഴത്തെ ജല സംഭരണിയില്‍ മലിനജലം കയറിയതാകാം ആരോഗ്യപ്രശ്‌നത്തിന് കാരണമെന്നാണ് കരുതുന്നത്.

ജൂണ്‍ ഒന്നിനാണ് ഫ്‌ലാറ്റില്‍ ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ രോഗബാധിതരുടെ എണ്ണം കൂടുകയായിരുന്നു. ഇന്നലെ വരെ 338 പേര്‍ ചികിത്സ തേടിയെന്നാണ് വിവരം. ചികിത്സയിലുള്ളവരുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് അധികൃതര്‍ അറിയിച്ചു. അഞ്ച് വയസില്‍ താഴെയുള്ള 25ലധികം കുട്ടികള്‍ക്ക് ഛര്‍ദിയും വയറിളക്കവും പിടിപ്പെട്ടിട്ടുണ്ട്.

Latest