National
മംഗളുരുവിലെ ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധ; 137 നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍
ഹോസ്റ്റലില്‍ നിന്ന് കഴിച്ച ഭക്ഷണത്തില്‍ നിന്നാണ് ഇവര്‍ക്ക് വിഷബാധയേറ്റത്.
മംഗളുരു| മംഗളുരുവിലെ നഴ്‌സിംഗ് കോളജിലെ ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധ. 137ഓളം നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍ ചികിത്സ തേടി. ശക്തി നഗറിലെ സിറ്റി കോളജ് ഓഫ് നഴ്സിംഗിലെ വിദ്യാര്‍ത്ഥികളാണ് ചികിത്സ തേടിയത്. ഹോസ്റ്റലില്‍ നിന്ന് കഴിച്ച ഭക്ഷണത്തില്‍ നിന്നാണ് ഇവര്‍ക്ക് വിഷബാധയേറ്റത്.
വയറുവേദന, വയറിളക്കം, ഛര്‍ദ്ദി എന്നിവയുമായാണ് വിദ്യാര്‍ത്ഥികള്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയത്. വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റതായാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് കമ്മീഷണര്‍ എന്‍.ശശികുമാര്‍ പറഞ്ഞു.
തിങ്കളാഴ്ച രാവിലെ മുതല്‍ വിദ്യാര്‍ത്ഥികള്‍ അസ്വസ്ഥരായിരുന്നു. ഞായറാഴ്ച രാത്രി ഹോസ്റ്റലില്‍ നിന്ന് കഴിച്ച ഭക്ഷണമാകാം കാരണമെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. തിങ്കളാഴ്ചയാണ് മിക്ക വിദ്യാര്‍ത്ഥികളെയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്. രാത്രി എട്ടരയോടെയാണ് സംഭവത്തെക്കുറിച്ച് ജില്ലാ ഭരണകൂടത്തെ അറിയിച്ചതെന്ന് ദക്ഷിണ കന്നഡ ഡിസി എം ആര്‍ രവി കുമാര്‍ പറഞ്ഞു. കോളജില്‍ മോശം ഭക്ഷണം വിതരണം ചെയ്യുന്നത് സ്ഥിരം സംഭവമാണെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.