Connect with us

Kerala

പേരാമ്പ്ര കായണ്ണയില്‍ ഭക്ഷ്യവിഷബാധ; നിരവധി പേര്‍ ആശുപത്രിയില്‍

കോഴിക്കോട് പേരാമ്പ്ര കായണ്ണയില്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്ത് ഭക്ഷണം കഴിച്ച നിരവധി പേര്‍ക്ക് വിഷബാധ. ഗ്രാമ പഞ്ചായത്തംഗം വിനയയുടെ മകളുടെ വിവാഹത്തോടനുബന്ധിച്ചുള്ള ചടങ്ങില്‍ ഭക്ഷണം കഴിച്ചവര്‍ക്കാണ് വിഷബാധയേറ്റത്.

Published

|

Last Updated

പേരാമ്പ്ര | കോഴിക്കോട് പേരാമ്പ്ര കായണ്ണയില്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്ത് ഭക്ഷണം കഴിച്ച നിരവധി പേര്‍ക്ക് വിഷബാധ. ഗ്രാമ പഞ്ചായത്തംഗം വിനയയുടെ മകളുടെ വിവാഹത്തോടനുബന്ധിച്ചുള്ള ചടങ്ങില്‍ ഭക്ഷണം കഴിച്ചവര്‍ക്കാണ് വിഷബാധയേറ്റത്. കുട്ടികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. രണ്ടു കുട്ടികളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ഞായറാഴ്ചയാണ് പന്ത്രണ്ടാം വാര്‍ഡ് അംഗത്തിന്റെ വീട്ടിലെ വിവാഹ ചടങ്ങുകള്‍ നടന്നത്. ഇവിടെ തയാറാക്കിയ ഭക്ഷണം കഴിച്ചവര്‍ക്ക് അസ്വാസ്ഥ്യമനുഭവപ്പെടുകയും പിന്നീട് വയറിളക്കം, ഛര്‍ദി തുടങ്ങിയ ലക്ഷണങ്ങള്‍ പ്രകടമാവുകയുമായിരുന്നു. തുടര്‍ന്ന് ഇവര്‍ പ്രദേശത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും പേരാമ്പ്ര താലൂക്ക് ആശുപത്രിയിലും ചികിത്സ തേടി. ചടങ്ങില്‍ പങ്കെടുത്ത് എല്ലാ തരം ഭക്ഷണം കഴിച്ചവര്‍ക്കും വിഷബാധയേറ്റിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വെള്ളത്തിലൂടെയാകും വിഷബാധയുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.

വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയതു കാരണം എത്ര പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റിട്ടുണ്ടെന്ന കൃത്യമായ കണക്ക് ലഭ്യമല്ല. ഭക്ഷ്യ വിഷബാധയുടെ പശ്ചാത്തലത്തില്‍ ആരോഗ്യ വകുപ്പ് പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കി. വിഷബാധയേറ്റ പ്രദേശത്തെ കിണറുകള്‍ ക്ലോറിനേറ്റ് ചെയ്തു. വിവാഹ വീട്ടില്‍ ഉപയോഗിച്ച വെള്ളത്തിന്റെ സാമ്പിള്‍ ശേഖരിച്ച് പരിശോധനക്കയച്ചിട്ടുണ്ട്. കായണ്ണ ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ വയറിളക്കവും ഛര്‍ദ്ദിയും റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ഭക്ഷ്യവിഷബാധയുണ്ടായ സാഹചര്യത്തിലും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളോട് ജനങ്ങള്‍ സഹകരിക്കണമെന്നും കായണ്ണ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി കെ ശശി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ കെ നാരായണന്‍ എന്നിവര്‍ അഭ്യര്‍ഥിച്ചു. വരും ദിവസങ്ങളില്‍ നടക്കുന്ന വിവാഹം ഉള്‍പ്പെടെയുള്ള ചടങ്ങുകളില്‍ ആരോഗ്യവകുപ്പിന്റെ കര്‍ശന പരിശോധനയും നിരീക്ഷണവും ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതായും അധികൃതര്‍ അറിയിച്ചു.

 

---- facebook comment plugin here -----

Latest